സാഹോ തരംഗം; പ്രേക്ഷക പ്രതികരണം
Mail This Article
പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ തിയറ്ററുകളിലെത്തി. ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ റിലീസിനെത്തിയ ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
ദുബായിലും മറ്റും ആദ്യ ഷോ പൂർത്തിയാകുമ്പോൾ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമാണ് സാഹോയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രഭാസ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രം മാസ് മസാല എന്റർടെയ്ൻമെന്റ് ആണെന്നും റിപ്പോർട്ട് ഉണ്ട്.
റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാൻ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആർ.ഡി. ഇല്യുമിനേഷൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.