എന്താണ് ഇംപീച്ച്മെന്റ്; ട്രംപിന്റെ പേരുദോഷം മാറ്റാന്പറ്റില്ല: തമ്പി ആന്റണി പറയുന്നു
Mail This Article
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ സംഭവത്തിൽ പ്രതികരിച്ച് തമ്പി ആന്റണി. ചരിത്രത്തിൽ ഇംപീച്ചു ചെയ്യപ്പെട്ട മൂന്നാമത്തെ പ്രസിഡന്റ് ആണ് ഡോണാൾഡ് ട്രംപ് എന്നും ആ പേരുദോഷം മാറ്റാൻ പറ്റില്ലെന്നും തമ്പി ആന്റണി പറയുന്നു.
തമ്പി ആന്റണിയുടെ കുറിപ്പ് വായിക്കാം
ട്രംപിനെ ഇംപീച്ച് ചെയ്തു .....
എന്താണ് ഇംപീച്ച്മെന്റ്. തുടർന്നും രാജ്യം ഭരിക്കാനുള്ള യോഗ്യത എടുത്തുകളയുക എന്നാണു ഇതുകൊണ്ടുദ്ദേശിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല . ഇന്നിപ്പോൾ അമേരിക്കൻ പ്രസിഡന്റിനെ ജനപ്രതിനിധി സഭയാണ് ഇംപീച്ചു ചെയ്തത്. റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇത് പാസ്സാകില്ല എന്നുറപ്പുണ്ട് . അതുകൊണ്ടു പ്രസിഡന്റായി തുടരാനാണ് സാധ്യത. എന്നാലും ചരിത്രത്തിൽ ഇംപീച്ചു ചെയ്യപ്പെട്ട മൂന്നാമത്തെ പ്രസിഡന്റ് എന്ന പേരുദോഷം മാറ്റാൻ പറ്റില്ല. അതുതന്നെയാണ് ഡെമോക്രാറ്റിക് പാർട്ടി ആഗ്രഹിക്കുന്നതും.
പക്ഷേ അടുത്ത ഇലക്‌ഷന് ട്രംപിനെ തോൽപ്പിക്കാൻ ഡെമോക്രാറ്റിക്കിന്റെ തുറുപ്പുചീട്ടായി ഇത് അവർക്കുപയോഗിക്കാൻ കഴിയും എന്നുള്ളതിൽ തർക്കമില്ല. ഈ നാണക്കേടുകൊണ്ടു ട്രംപ് സ്വയം പിന്മാറുമെന്നുള്ള ഒരു നേരിയ പ്രതീക്ഷയും ഇല്ലാതില്ല.
എന്നാലും ട്രംപ് ഭരണകാലത്തെ സാമ്പത്തികവും വിദേശകാര്യമുൾപ്പെടെയുള്ള പല നേട്ടങ്ങളും ചിലപ്പോൾ ട്രംപിന് അനുകൂല ഘടകങ്ങളായി നിലനിൽക്കും. ജനപ്രതിനിധി സഭയിൽനിന്നും ഇംപീച്ചു ചെയ്ത മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. മറ്റു രണ്ടുപേർ ആൻഡ്രു ജോൺസണും ബിൽ ക്ലിന്റണുമാണ് . ഇംപീച്ച്മെന്റ് കൊണ്ടു രാജിവെക്കേണ്ടി വന്ന ഒരേയൊരു പ്രസിഡന്റ് റിച്ചാർഡ് നിക്ക്സനാണ്.