വാഹനാപകടം; ചികിത്സയിലായിരുന്ന യുവ മലയാളി സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു
Mail This Article
ഇരുചക്രവാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന
യുവസംവിധായകൻ തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ വിവേക് ആര്യൻ (30) അന്തരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ തിങ്കളാഴ്‌ച വൈകിട്ട് 7.41നാണ് മരണം.
ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു.
കൊടുങ്ങല്ലൂരിൽ കഴിഞ്ഞ ഡിസംബർ 22–നാണ് അപകടമുണ്ടാകുന്നത്. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ് ആസ്‌റ്റർ മെഡിസിറ്റിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാലു വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. ഭാര്യ അമൃത ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിൽ വിവേകിന്റെ സഹസംവിധായകയായിരുന്നു. ഇരുവരും ചെന്നൈയിൽ നിന്നാണ് സംവിധാനം പഠിച്ചത്. ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ് വിവേക് ആര്യൻ. സഹോദരൻ: ശ്യാം.