നടി ജമീല മാലിക് അന്തരിച്ചു
Mail This Article
മലയാളത്തിലെ ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു. 73 വയസ്സായിരുന്നു. പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയാണ് ജമീല മാലിക്. 1972 ൽ പുറത്തിറങ്ങിയ റാഗിങ് ആണ് ആദ്യ ചിത്രം. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവന്തപുരം പാലോട് ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ജി.എസ് പണിക്കര്‍ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. 1946-ൽ ആലപ്പുഴയിലെ മുതുകുളത്തായിരുന്നു ജമീല മാലിക്കിന്‍റെ ജനനം. 1970ഓടെ ചലച്ചിത്രരംഗത്ത് എത്തിയ ജമീല മാലിക്ക് അടൂർ ഭാസി, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് ചിത്രങ്ങളിലെ നായികയായും അവർ അഭിനയിച്ചു. ദൂരദർശനിലെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ജമീല മാലിക്ക് ആകാശവാണിക്കുവേണ്ടി ചില നാടകങ്ങളും അവർ രചിച്ചിട്ടുണ്ട്. സ്‌കൂളില്‍ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. .
ജമീല മാലിക്ക് 1983ൽ വിവാഹിതയായെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ ബന്ധം വേർപിരിഞ്ഞു. അൻസർ മാലിക് ആണ് മകൻ.