റേഷനരി വാങ്ങുന്നതിൽ എനിക്കൊരു നാണക്കേടുമില്ല: മണിയൻ പിള്ള രാജു
Mail This Article
മണിയൻ പിള്ള രാജു ജീവിതത്തിൽ ആദ്യമായി സൗജന്യ റേഷൻ വാങ്ങി. സന്തോഷമായി. കോവിഡ് കാലമായതിനാൽ ഷൂട്ടിങ് മുടങ്ങി വീട്ടിനുള്ളിൽ തന്നെ അടച്ചിരിക്കുമ്പോഴാണു സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം തുടങ്ങുന്നത്. ഭാര്യയുടെ പേരിലുള്ള വെള്ളക്കാർഡിലെ നമ്പറിന്റെ അവസാനം ഒന്ന് ആണ്. അതിനാൽ ആദ്യ ദിവസം തന്നെ റേഷൻ വാങ്ങാനായി രണ്ടു സഞ്ചിയുമായി വീട്ടിൽ നിന്ന് ഇറങ്ങി. മകൻ നിരഞ്ജനെയും കൂടെക്കൂട്ടി.
തിരുവനന്തപുരത്തു ജവഹർ നഗറിലുള്ള റേഷൻ കടയിലേക്കു നടന്നു പോകുമ്പോൾ എതിരെ വന്നയാൾ ചോദിച്ചു.. എങ്ങോട്ടാ? റേഷൻ വാങ്ങാനെന്നു പറഞ്ഞപ്പോൾ ‘‘സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാൻ’’ എന്നായിരുന്നു പ്രതികരണം.
‘‘എനിക്കൊരു നാണക്കേടുമില്ല... ഇതൊക്കെ നാണക്കേടാണെങ്കിൽ ഈ നാണക്കേടിലൂടെയാണു ഞാൻ ഇവിടെ വരെ എത്തിയത്’’ എന്നു പറഞ്ഞു മകനെയും കൂട്ടി രാജു വേഗം നടന്നു.
റേഷൻ കടയിൽ വലിയ തിരക്കില്ല.10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോൾ നല്ല രുചി. വീട്ടിൽ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാൾ നല്ല ചോറ്.
റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫെയ്സ്ബുക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് മണിയൻ പിള്ള രാജു അരി വാങ്ങാൻ തീരുമാനിച്ചത്. ഇത്തരം പോസ്റ്റുകൾ കണ്ടപ്പോൾ രാജു തന്റെ കുട്ടിക്കാലം ഓർത്തു. അന്നൊക്കെ കഴിക്കുന്ന പ്ലേറ്റിൽ നിന്ന് ഒരു വറ്റ് താഴെ വീണാൽ അച്ഛൻ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. അഞ്ചു മക്കളുള്ള കുടുംബത്തിൽ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.
റേഷൻ കടയിൽപോകാൻ വാടകയ്ക്ക് സൈക്കിൾ എടുക്കാൻ 25 പൈസ അച്ഛൻ തരും. അതു ലാഭിക്കാൻ നടന്നാണു പോവുക. അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ വാങ്ങി തലയിൽ വച്ച് വീട്ടിലേക്കു നടക്കും. അരി വീട്ടിൽ കൊണ്ടുവന്നാലും പണി കഴിയില്ല. അരി നിറയെ കട്ടയും പുഴുവും കല്ലുമായിരിക്കും. അതെല്ലാം പെറുക്കി മാറ്റി വൃത്തിയാക്കി അമ്മയ്ക്കു കൊടുക്കണം.
നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോൾ ആ നാറ്റം ആരും അറിഞ്ഞതേയില്ല. അന്നൊക്കെ കഞ്ഞിവെള്ളത്തിൽ മുക്കിയ വസ്ത്രം ധരിച്ചവന്റെ അടുത്തിരുന്നാൽ ആ ചോറിന്റെ മണം വരും.
ഇപ്പോൾ റേഷനരിയെ ആക്ഷേപിക്കുന്നവർക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ലെന്നു രാജു പറയുന്നു. അല്ലെങ്കിൽ അവർ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷൻ അരിയിലേക്കുള്ള മാറ്റം,.
‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലി’ൽ അഭിനയിക്കുന്നതിനു താടി നീട്ടുകയായിരുന്നു രാജു. നരച്ച താടി വളർന്നപ്പോഴേക്കും ഷൂട്ടിങ് നിർത്തി വീട്ടിലിരിപ്പായി. വെളുത്ത താടിയുള്ള രാജുവിനെ കണ്ടാൽ ആരും തിരിച്ചറിയാത്ത സ്ഥിതി.
ഷൂട്ടിങ് തുടങ്ങാൻ വൈകുമെന്നതിനാൽ താടി ഡൈ ചെയ്തുകൊള്ളാൻ സംവിധായകൻ അമൽ നീരദിന്റെ അനുമതി ലഭിച്ചു. അങ്ങനെ ഡൈ ചെയ്തു കറുപ്പിച്ച താടി വീണ്ടും വെളുക്കുമ്പോഴെങ്കിലും ഷൂട്ടിങ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണു രാജു.