ADVERTISEMENT

അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലായിരുന്നു. സൗഹൃദങ്ങളിലായിരുന്നു എന്നും സച്ചി. എന്നും സൗഹൃദങ്ങള്‍ക്ക് വില കല്‍പിച്ചയാള്‍. മരണത്തിന് പിന്നാലെ വരുന്ന അനുസ്മരണങ്ങളിലും തെളിയുന്നത് എപ്പോഴും സഹജീവികളോട് കാട്ടിയ കരുതലിന്‍റെയും നന്‍മയുടെയും കഥകളാണ്. ഇതിന് പിന്നാലെയാണ് കണ്ണുകള്‍ ദാനം ചെയ്ത വാര്‍ത്തയെത്തുന്നത്. 

 

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48) രാത്രി പത്തരയോടെയാണ് അന്തരിച്ചത്. എണ്ണപ്പെട്ട സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പാണ് സച്ചിയുടെ മടക്കം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സിനിമയില്‍ എത്തി. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു.

 

റണ്‍ ബേബി റണ്‍, രാമലീല, സീനിയേഴ്സ്, മേക്കപ്പ് മാന്‍,  ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിവയാണ് ശ്രദ്ധേയചിത്രങ്ങള്‍. കൊടുങ്ങല്ലൂരിലെ നാടകമേഖലയിലും ഫിലിം സൊസൈറ്റി രംഗത്തും സജീവമായിരുന്നു. നാടകങ്ങളില്‍ അഭിനേതാവും തിളങ്ങി. അവസാനമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും വന്‍വിജയമായിരുന്നു.

 

എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തുടക്കം. സേതുവിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്. ആ സിനിമയുടെ വന്‍വിജയത്തെതുടര്‍ന്ന് പൃഥ്വിരാജ്– ജോഷി ചിത്രമായ റോബിന്‍ഹുഡിന് തിരക്കഥയെഴുതി. ഷാഫിക്കൊപ്പം മേക്കപ്പ് മാന്‍, വൈശാഖിനൊപ്പം സീനിയേഴ്സ് എന്നിവയുമായതോടെ വാണിജ്യസിനിമ ഈ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ക്കുപിന്നാലെയായി.

 

പക്ഷേ, തുടര്‍ന്നുവന്ന സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് പരാജയപ്പെട്ടതോടെ സച്ചിയും സേതുവും പിരിഞ്ഞു. തുടര്‍ന്ന് സച്ചിയുടെ പടയോട്ടമാണ് മലയാള സിനിമ കണ്ടത്. ബഹളങ്ങളില്ലാതെ വന്ന് വന്‍വിജയങ്ങളുടെ എഴുത്തുകാരനായി സച്ചി മാറി. അതിന്റെ തുടക്കം ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആയിരുന്നു.   ചേട്ടായീസ് എന്ന ചിത്രം നിര്‍മിച്ചെങ്കിലും വിജയിച്ചില്ല. 2015ല്‍ സച്ചി സംവിധായകന്റെ കുപ്പായമിട്ടു. പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനാര്‍ക്കലി കലാമേന്മകൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു.

 

തുടര്‍ന്നാണ് ദിലീപിന്റെ രാമലീല ഇറങ്ങുന്നത്. താരത്തിന്റെ വ്യക്തിജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കെയാണ് അരുണ്‍ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്യുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ സിനിമ വന്‍വിജയമായി മാറി. അതേ വര്‍ഷം ഷാഫിയുടെ കോമഡി ചിത്രം ഷെര്‍ലക് ടോംസിനുവേണ്ടി സംഭാഷണരചയിതാവായി.

 

രണ്ടുര്‍ഷത്തിനിപ്പുറം സച്ചി എത്തിയത് ഡ്രൈവിങ് ലൈസന്‍സുമായാണ്. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു അത്.  തിരക്കഥാകൃത്തായി നേടിയ കയ്യടികള്‍ക്കിടെ സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും റിലീസായി. അട്ടപ്പാടി പശ്ചാത്തലമാക്കി എഴുതിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com