ADVERTISEMENT

ചിലയാളുകൾ കേട്ടുകേൾവികളെ മാറ്റിമറിക്കുന്നു. അങ്ങനെയൊരാളാണ് പീറ്റർ ഹെയ്ൻ. മാസ്റ്ററെ ഒാർമിക്കട്ടെ. ഒാർമയ്ക്കു കാരണമുണ്ട്: ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ്. 

 

പീറ്റർ ഹെയ്ൻ: അടിയുടെ ആശാൻ എന്നേ കരുതിയിരുന്നുള്ളൂ. പല സൂപ്പർതാരങ്ങളെയുംകാൾ വിലപിടിപ്പുള്ള  ആ ആക്‌ഷൻ കൊറിയോഗ്രഫർ  ശിവാജി, അന്യൻ, ഗജിനി, ഏഴാം അറിവ്്, മഗധീര, രാവൺ, കാക്ക കാക്ക, ഏജന്റ് വിനോദ്, റേസ് 2, ബാഹുബലി, പുലിമുരുകൻ  തുടങ്ങി പല സിനിമകളിലൂടെയും  ചിത്രങ്ങളിലൂടെയും  ഖ്യാതി നേടിയയാളാണ്. 

 

അതൊക്കെ അദ്ദേഹത്തെ കാണുംമുൻപ് എനിക്കും അറിയാമായിരുന്നു. ‘ഒടിയൻ’ സിനിമയുടെ ചിത്രീകരണവേളയിലായിരുന്നു  പരിചയപ്പെട്ടത്. അടുത്തറിയുമ്പോൾ,  കേട്ട ആളല്ല കണ്ട ആളെന്നു തോന്നിപ്പിക്കാൻ മാത്രമൊരു സവിശേഷത മാസ്റ്ററിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, കൂടുതലറിയാൻ തോന്നുകയും ചെയ്തു. 

 

സ്റ്റണ്ട് മാനായി 1993ൽ ആണു പീറ്റർ ഹെയ്ൻ സിനിമയിൽ വരുന്നത്. കനൽ കണ്ണനോടൊപ്പമാണു തുടക്കം. അമ്മ വിയറ്റ്നാം സ്വദേശിനിയാണ്. മധുരയ്ക്കടുത്താണ് അച്ഛന്റെ കുടുംബവേരുകൾ. മുത്തച്ഛൻ പളനി പെരിയ കറുപ്പന് അക്കാലത്തു വിയ്റ്റ്നാമിൽ ഹോട്ടൽ ബിസിനസായിരുന്നു. പെരുമാൾ പളനി പെരിയ കറുപ്പനെന്നായിരുന്നു അച്ഛന്റെ പേര്. ദാൻ സമത് എന്നാണ് അമ്മയുടെ പേര്. കുടുംബം ക്രിസ്തുമതം സ്വീകരിച്ചപ്പോൾ അച്ഛനും അമ്മയും ജോസഫും മേരിയുമായി. നമ്മുടെ കഥാനായകൻ പീറ്റർ എന്ന പേരും സ്വീകരിച്ചു. ഹെയ്ൻ എന്നതു കുടുംബ പേരാണ്. . അച്ഛനും ആയോധന കലകൾ വശമുണ്ടായിരുന്നു. അച്ഛനു കീഴിലാണു പരിശീലനം തുടങ്ങിയത്. ഏഴു വർഷം വിയ്റ്റനമീസ് ആയോധന കലകൾ പരിശീലിച്ചു.

 

വിയറ്റ്നാമിൽനിന്നു ചെന്നൈയിലേക്കു മടങ്ങിയെത്തിയശേഷം ജീവിതം സുഖകരമായിരുന്നില്ല. അച്ഛന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മയ്ക്കു ഭാഷയറിയില്ലായിരുന്നു. ഹോട്ടലും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് വെറും കയ്യോടെയാണ് അച്ഛൻ നാട്ടിലേക്കു മടങ്ങിയത്. അതുകൊണ്ട് പത്തുവയസ്സു മുതൽ പീറ്റർ ജോലിക്കു പോകാൻ തുടങ്ങി. അമ്മ തയ്യലും ബ്യൂട്ടീഷൻ ജോലികളും തുടങ്ങിയപ്പോൾ പീറ്റർ ചായക്കടയിലും മെക്കാനിക്കുമൊക്കെയായി ജോലി ചെയ്തു. വെൽഡിങ്ങിനു പോയി. ചെയ്യാത്ത ജോലികളില്ല . വേദനിച്ചാണു സമ്പാദിച്ചത്. ഒന്നുമില്ലായ്മയിൽനിന്ന് ഇതുവരെയെത്തി. 

 

അച്ഛൻ തമിഴ് സിനിമകളിൽ സ്റ്റണ്ട് മാനായി പോയിരുന്നു. പീറ്റർ  സെയിൽസ് റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന വേള. ഒരു ദിവസം വിജയകാന്തിന്റെ ‘കാവിയ തലൈവൻ’ സിനിമയുടെ ചിത്രീകരണം ഒരു കപ്പലിൽ നടക്കുന്നു. മലേഷ്യയിൽ നടക്കുന്ന കഥയാണ്. അവർക്കു കണ്ടാൽ ചൈനക്കാരെപ്പോലെയുള്ള ആളുകളെ വേണം. അങ്ങനെയാണ് പീറ്ററെ വിളിക്കുന്നത്. ആദ്യമായാണു സിനിമയിൽ സ്റ്റണ്ട് അഭിനയിക്കുന്നത്. അതു ശ്രദ്ധിക്കപ്പെട്ടു. പലരും അച്ഛനോടു ചോദിച്ചു. നിങ്ങൾക്കു മകനെ സിനിമയിൽ വിട്ടുകൂടെയെന്ന്. 

അച്ഛൻ വിട്ടുകൊടുത്തു. അങ്ങനെയാണു പീറ്റർ ഹെയ്ൻ സ്റ്റണ്ട് മാനായി മാറുന്നത്! 

 

ദുബായിലെ ഒരു ലഹരിനുരയുംരാത്രിയിലിരുന്ന് , പഴയ കാര്യങ്ങളെന്തൊക്കെയോ  ഒാർമിച്ചശേഷം  മാസ്റ്റർ എന്നോടു പറഞ്ഞു: – എന്നെ ഒരു സ്റ്റണ്ട് മാസ്റ്ററായി കാണരുത്. ഞാനൊരു സംവിധായകനാണ്. അതായത് സംവിധായകനാവാൻ ആഗ്രഹിക്കുന്നു. 

 

എന്നിട്ട്, മനസ്സിലെ ആ പ്രിയകഥ മാസ്റ്റർ എന്നോടു പറയാൻ തുടങ്ങി. ഒരു സ്റ്റണ്ട് മാസ്റ്ററുടെ ഉള്ളിൽനിന്നുള്ള കഥയായിരുന്നില്ല, അത്. വേറിട്ട മറ്റൊന്ന്. 

ആ കഥയ്ക്കു തിരക്കഥയെഴുതാൻ അദ്ദേഹം എന്നോട് ആവശ്യപ്പെടുകയും ചെയ്തു. തിരക്കഥയെഴുതുന്നില്ലെങ്കിലും  ആ കഥ സിനിമയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. മറ്റൊരു പീറ്റർ ഹെയ്നിനെ കാണാൻ! 

 

ആ സ്വപ്നം എത്രയും വേഗം സ്ക്രീനിലെത്തട്ടെ. മാസ്റ്റർ, പുറന്തനാൾ വാഴ്ത്തുക്കൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com