ADVERTISEMENT

മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച ആക്ഷൻ ഹീറോ ജയന്, അദ്ദേഹത്തിന്റെ മരണത്തിന് രണ്ടു ദശാബ്ദങ്ങൾക്കു ശേഷം വെള്ളിത്തിരയിൽ ജീവൻ നൽകിയ സിനിമയായിരുന്നു 'അപരന്മാർ നഗരത്തിൽ' എന്ന നിസാർ ചിത്രം. ജയന്റെ താരമൂല്യത്തെ ഒരിക്കൽക്കൂടി മലയാളികൾക്കു മുന്നിൽ അനാവൃതമാക്കിയവരിൽ ആ സിനിമയുടെ നിർമാതാക്കളിലൊരാളായ കോട്ടയം നസീറിനുമുണ്ട് ചെറുതല്ലാത്ത ഒരു പങ്ക്. ആ ബന്ധത്തെക്കുറിച്ചുള്ള ഓർമകളുമായി കോട്ടയം നസീർ. 

 

കലണ്ടറിലെ ജയൻ

 

ജയൻ സിനിമയിൽ തരംഗമായി നിൽക്കുന്നത് എന്റെയൊക്കെ വളരെ ചെറുപ്പത്തിലാണ്. എന്റെ വീടിനടുത്ത് രണ്ടു തിയറ്ററുകളാണ്. അന്ന് ജയന്റെ സിനിമകൾ വരുമ്പോൾ അതു സ്ഥിരമായി കാണും. ഇന്നത്തെപ്പോലെ അല്ല. അന്നു കലണ്ടറുകൾ ധാരാളമായി ഇറങ്ങും. ജയൻ രണ്ടു പുലികളെ കയ്യിൽ തൂക്കിപ്പിടിച്ച് നിൽക്കുന്ന ഒരു പടമുണ്ടായിരുന്നു. ആ പടം വളരെ പ്രശസ്തമാണ്. ആ പടമുള്ള കലണ്ടർ വാങ്ങിസൂക്ഷിച്ചിരുന്നത് ഓർമയുണ്ട്. ഞാൻ ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. ഞങ്ങളുടെ നാട്ടിലൊക്കെ റാലി പോലെ നടത്തിയിരുന്നു. അദ്ദേഹത്തിന് അനുശോചനം അർപ്പിച്ചുകൊണ്ടുള്ള റാലി. ആ കാര്യം അറിഞ്ഞ് വളരെയധികം സങ്കടപ്പെട്ടിരുന്നത് ഓർമയുണ്ട്. 

 

ഒരു വലിയ ആക്‌ഷൻ ഹീറോയെ മലയാള സിനിമയിൽ കണ്ടത് ജയനിലൂടെയായിരുന്നു. ആ ഒരിഷ്ടം ഭയങ്കരമായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ ഇഷ്ടമാണ്. ടിവിയിൽ വന്നാൽ അതു മാറ്റാതെ ഇരുന്നു കാണും. അങ്ങനെ ചെയ്യുന്ന ഒരുപാടു പേരുണ്ട്. വെറും ആക്ഷൻ ഹീറോ ആയിരുന്നില്ല അദ്ദേഹം. 'അങ്ങാടി', 'ശരപഞ്ജരം' പോലെ മികച്ച അഭിനയമുഹൂർത്തങ്ങളുള്ള സിനിമകളുണ്ട്. അദ്ദേഹം മരിക്കുമ്പോൾ 'ഗർജനം' എന്ന സിനിമ പൂർത്തീകരിച്ചിരുന്നില്ല. അത് പിന്നീട് അഭിനയിച്ചത് രജനികാന്ത് ആയിരുന്നു. ഒരു ഗ്ലാസ് കൂടിന്റെ അകത്തു കിടന്നു ഫൈറ്റു ചെയ്യുന്ന രംഗങ്ങൾ. അതെല്ലാം ഒരിക്കലും മറക്കാത്ത ഓർമകളാണ്. 

  

സ്റ്റേജിലെ ജയൻ

 

ഇപ്പോഴത്തെ കാലഘട്ടത്തിലായാലും ഇനി 10 വർഷം കഴിഞ്ഞാലും സ്റ്റേജിൽ നല്ല ഡിമാന്റുള്ള ഐറ്റമാണ് ജയന്റെ ഫിഗർ. കോട്ടയത്തെ സ്റ്റാൻലി ആണ് ഞങ്ങളുടെ ടീമിൽ അതു ചെയ്യുന്നത്. നല്ല പെർഫക്ഷനുള്ള കക്ഷിയാണ് സ്റ്റാൻലി. അമ്പലപ്പറമ്പിൽ ജയന്റെ അനുകരണം അനൗൺസ് ചെയ്യുമ്പോൾ തന്നെ പ്രത്യേക കയ്യടിയാണ്. വെറുതെ ഡയലോഗ് അനുകരിച്ചാൽ പോലും വലിയ ജനപ്രീതിയുണ്ട്. 

 

ജഗപൊക എന്നു പറയുന്ന ടെലിവിഷൻ പരിപാടിയിൽ ജയന്റെ ഡ്യൂപ്പ് തരംഗമായി നിൽക്കുന്ന സമയത്താണ് ഞാനും കലാഭവൻ നവാസും നിർമാതാവ് മോഹനും ചേർന്ന് അപരന്മാർ നഗരത്തിൽ എന്ന സിനിമ നിർമിക്കാൻ തീരുമാനിക്കുന്നത്. നിസർ ആയിരുന്നു സംവിധായകൻ. ടെലിവിഷൻ പരിപാടിയിൽ ജയന്റെ ഡ്യൂപ്പ് ചെയ്തിരുന്നത് തിരുമല ചന്ദ്രൻ ആയിരുന്നു. ഞങ്ങളുടേത് ചെറിയ ബജറ്റിലുള്ള പടമായിരുന്നു. തിരുമല ചന്ദ്രനെയായിരുന്നു ‍ജയന്റെ കഥാപാത്രം ചെയ്യാൻ വച്ചിരുന്നത്. അന്ന് അദ്ദേഹം ചോദിച്ച പ്രതിഫലം കൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. പിന്നീട്, ആ വേഷം രാജാ സാഹിബ് ചെയ്തു. അതാണ് ഞാനും ജയനുമായുള്ള ബന്ധം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com