സാബു സിറിൽ ഉണ്ടാക്കിയ സ്രാവിനെ കാണാൻ കൊതുമ്പുവള്ളത്തിൽ മമ്മൂട്ടി
Mail This Article
സാബു സിറിൽ സംസാരിക്കുമ്പോൾ ഏറെ സംസാരിച്ചതു അമരത്തെക്കുറിച്ചായിരുന്നു. സാബുവിന്റെ ജീവിതം വഴി തിരിഞ്ഞത് അവിടെവച്ചാണ്. സാബു ചെന്നൈയിലെ ഒരു സ്റ്റുഡിയോയിൽ ഉണ്ടാക്കിവച്ചൊരു കാർ സംവിധായകൻ ഭരതൻ കണ്ടു. അന്നു അമരത്തെക്കുറിച്ചു ആലോചിച്ചു തുടങ്ങിയ സമയമാണ്. സാബു കലാ സംവിധായകനാകാൻ തീരുമാനിച്ചിട്ടില്ല. അപൂർവമായി ചിലരെ സഹായിക്കുന്നുണ്ടെന്നു മാത്രം. അടിയന്തര സാഹചര്യത്തിൽ ആളില്ലാതെ അവിടെ പോയി ഉണ്ടാക്കിക്കൊടുത്തതാണ്. കാർ കണ്ടപ്പോൾ ഭരതൻ സാബു എന്ന പയ്യനെ വിളിപ്പിച്ചു. ഭരതൻ അന്നും സംവിധായക കലയിലെ രാജാവാണ്.
താനല്ലേ ആ കാറുണ്ടാക്കിയത് ?
അതെ.
ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. കടലിൽ ഇറക്കാവുന്നൊരു സ്രാവിനെ ചെയ്യാൻ പറ്റുമോ ?
സാബു മിണ്ടിയില്ല.
പറ്റുമോടോ. ഭരതന്റെ ശബ്ദം ഉയർന്നിരിക്കുന്നു.
പറ്റും.
എങ്കിൽ താനാണു കലാ സംവിധായകൻ. വേറെ ആളുണ്ടാകില്ല. പിന്നീടു കഥ പറഞ്ഞു തരാം.
സാബു അതിനു മുൻപു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒന്നും ഉണ്ടാക്കിയിട്ടില്ല. സ്വതന്ത്രമായി സിനിമാ കലാസംവിധാനവും ചെയ്തിട്ടില്ല. ഏറെ ദിവസം തലപുകച്ച ശേഷം സാബു സ്രാവിനെയുണ്ടാക്കി. എങ്ങനെ ചരിഞ്ഞാലും ചിറകു മുകളിലേക്കു പൊങ്ങിക്കിടക്കുന്നൊരു സ്രാവിനെ. തൊലിയുടെ നിറംപോലും ശരിക്കുള്ള സ്രാവിന്റേത്. സ്വയം വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നൊരു സ്രാവ്. യഥാർഥ സ്രാവിനെക്കുറിച്ചു ഏറെ ദിവസം ഗവേഷണം നടത്തിയ ശേഷമാണതു ചെയ്തത്. എല്ലാം അതേ അളവിലാണുണ്ടാക്കിയത്.
സ്രാവിനെ ആലപ്പുഴ കായലിലിട്ടു പരീക്ഷിച്ച ദിവസം ഭരതൻ തിരിച്ചറിഞ്ഞു താൻ കണ്ടെത്തിയതു ഒരു ജീനിയസ്സിനെയാണെന്ന്. വെള്ളത്തിൽ കിടക്കുന്ന സ്രാവിനെ കാണാൻ കരയിൽനിന്നും കൊതുമ്പുവള്ളത്തിൽ തുഴഞ്ഞെത്തിയ ഒരാളും അന്നവിടെയുണ്ടായിരുന്നു. നായകനായ മമ്മൂട്ടി. അമരത്തിലെ വീടുകളും സാബുവിന്റെ സെറ്റായിരുന്നു. ഏതു വശവും എടുത്തു മാറ്റി ക്യാമറവച്ചു ഷൂട്ടു ചെയ്യാവുന്നൊരു സെറ്റ്. അതുകണ്ടു ഭരതൻ വലതു ചുണ്ടിലേക്കൊരു ചിരി നീട്ടിയിട്ടുവെന്നാണു സാബു ഓർത്തത്.
സാബു തുടങ്ങിയത് അവിടെയാണ്. 28 വർഷത്തിനു ശേഷം മരയ്ക്കാർ എന്ന സിനിമയുടെ സാങ്കേതിക ഉപദേശത്തിനായി ഹോളിവുഡിലേക്ക് അയച്ച ക്ളിപ്പിങ്ങുകളിൽ അമരത്തിലെ സ്രാവിന്റെ രംഗങ്ങളുമുണ്ടായിരുന്നു. അതു കണ്ട് അവർ ചോദിച്ചു ഇതാരാണു ചെയ്തത്. 28 വർഷം മുൻപു സാബു ചെയ്തതാണെന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞു, ഈ മനുഷ്യൻ നിങ്ങളുടെ കൂടെയുണ്ടെങ്കിൽ കൂടുതലൊന്നും ഉപദേശിക്കാനില്ല. അമരം കണ്ടെടുത്തതു രാജ്യത്തെ ഏറ്റവും പ്രതിഭാധനനായ കലാസംവിധായകനെയാണ്. പ്രതിഭകൾ പ്രതിഭകളെ തിരിച്ചറിയുന്നു.