ഹെലെൻ തമിഴ് റീമേക്ക്; ഫസ്റ്റ്ലുക്ക്
Mail This Article
മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ അന്ന ബെൻ ചിത്രം ഹെലെന്റെ തമിഴ് പതിപ്പ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അൻപിർക്കിനിയാൾ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണം അരുൺ പാണ്ഡ്യൻ. (മോഹൻലാൽ ചിത്രം ശ്രദ്ധയിൽ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനായ താരമാണ് അരുൺ)
മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹെലെൻ സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽപെട്ട ചിത്രമായിരുന്നു. അന്ന ബെന്നിന്റെ അഭിനയപ്രകടനമായിരുന്നു ഹെലെന്റെ പ്രധാനആകർഷണം.
മലയാളത്തിൽ അസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിൾ തന്നെ തമിഴ് പതിപ്പിലും ഇതേകഥാപാത്രമായി എത്തുന്നു. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം.