മുകേഷിനെ മാറ്റി നിങ്ങൾ രക്ഷപെടാൻ പലരും പറഞ്ഞു:റാംജിറാവുവിന്റെ അറിയാക്കഥകൾ പറഞ്ഞ് മുകേഷും ലാലും
Mail This Article
റാംജിറാവു സിനിമയിൽ ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ. പിന്നീട് ജയറാമായി ഒടുവിൽ സായ്കുമാറും. ചിത്രത്തിനായി മുകേഷ് അഡ്വാൻസ് വാങ്ങിച്ചത് രാവിലെ നാലു മണിക്ക്. വന്ദനം എന്ന ചിത്രത്തെ പേടിച്ച് ഒാണത്തിനു മുമ്പ് റിലീസ് ചെയ്ത ചിത്രം ഒടുവിൽ എല്ലാവരെയും കടത്തി വെട്ടി 150 ദിവസം ഒാടി. മലയാള സിനിമയിലെ ഏക്കാലത്തെയും വലിയ കോമഡി സൂപ്പർഹിറ്റായ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തെക്കുറിച്ചുള്ള ഇത്തരം അറിയാക്കഥകൾ പറയുകയാണ് മുകേഷും ലാലും. തങ്ങൾ വീണ്ടും ഒന്നിക്കുന്ന സുനാമി എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കാനെത്തിയപ്പോഴാണ് താരങ്ങളുടെ പ്രതികരണം.
ലാൽ പറയുന്നത്
റാംജിറാവു സിനിമയിൽ ആദ്യം മോഹൻലാൽ, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ പോകാം എന്നാണ് ഞങ്ങൾ ആദ്യം തീരുമാനിച്ചത്. മോഹൻലാൽ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസിൽ സാർ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. റിസ്ക് ഞങ്ങളുടേതല്ല നിങ്ങൾ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു. മുകേഷിന്റെ കാര്യത്തിൽ ഫാസിൽ സാർ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളിൽ ഒരാൾ പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാർക്ക്റ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങൾ രക്ഷപെടാൻ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിർത്തു. ഒടുവിൽ വഴക്കായി. പക്ഷെ ഞങ്ങളുടെ മനസ്സിൽ മുകേഷായിരുന്നു എന്നും. ഞങ്ങൾ കൊതിച്ചിട്ടുള്ളൊരു ആർട്ടിസ്റ്റാണ് മുകേഷ്. ഒടുവിൽ പടം റിലീസായപ്പോൾ അന്നു വേണ്ടെന്നു പറഞ്ഞവരോക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷ്.
മുകേഷ് പറയുന്നത്
മോഹൻലാലും, മമ്മൂട്ടിയും അല്ലാതെ ഞാനുൾപ്പടെയുള്ള ഒരു രണ്ടാംനിര നടന്മാർക്ക് പുതിയ ഉൗർജം തന്ന സിനിമയായിരുന്നു റാംജിറാവു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അനിയന്മാരോ കൂട്ടുകാരോ ആയി ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഞങ്ങളെപ്പോലുള്ളവരെ വച്ചും സിനിമയെടുക്കാം, അതിൽ റിസ്കില്ല എന്നു ഇൗ സിനിമ തെളിയിച്ചു കൊടുത്തു. ഇൗ ചിത്രം ഒാണത്തിന് രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തതാണ്. ഒാണത്തിന് വലിയ സിനിമകളുണ്ട് അതിനു മുമ്പ് കുറച്ചെങ്കിലും ഒാടട്ടെ എന്നു പറഞ്ഞാണ് അന്നു റിലീസ് ചെയ്തത്. അക്കാലത്താണ് വന്ദനം സിനിമയും ഇറങ്ങുന്നത്. അതിലും ഞാനുണ്ട്. മോഹൻലാൽ–പ്രിയദർശൻ ടീം, ബാംഗ്ലൂരിൽ മുഴുവൻ ഷൂട്ട് വലിയ സിനിമയാണ്. പാച്ചിക്കയൊക്കെ അന്ന് എന്നോടു ആ പടം എങ്ങനെയുണ്ടെന്നു ചോദിക്കും. പടം ഒാടുമോ ഇല്ലയോ എന്നറിയില്ല പക്ഷേ അതിഗംഭീരമായാണ് എടുത്തിരിക്കുന്നതെന്നാണ് ഞാൻ മറുപടി പറഞ്ഞത്. അതും കൂടി കേട്ടതോടെ ഒാണത്തിനു റിലീസ് വേണ്ടെന്നു തന്നെ തീരുമാനിച്ചു. സിനിമയിറങ്ങി. ആദ്യത്തെ ദിവസങ്ങളിൽ ആളുകളില്ലായിരുന്നു. പിന്നീട് അവിടെ നിന്ന് ചിത്രം 150 ദിവസം ഒാടി. കഥ നന്നായാൽ സിനിമ നന്നാകും എന്നൊരു ധാരണ അതോടെയുണ്ടായി. താരങ്ങളുടെ ആവശ്യമില്ല എന്ന് ഇൗ സിനിമ ബോധ്യപ്പെടുത്തി.
എന്തു കൊണ്ടാണ് സൂപ്പർ സ്റ്റാർ ആകാതിരുന്നതെന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിക്കാറുണ്ട്. എന്തു കൊണ്ടാണ് ആകാതെ പോയതെന്ന് ഞാനും ഇടയ്ക്ക് ആലോചിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എനിക്കു മനസ്സിലായി സിദ്ദിഖ്–ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും നിർമാതാക്കളും എന്റെ പുറത്തു വച്ചതെന്ന്. ഇവരുടെ സിനിമ ഇറങ്ങുമ്പോ ബാക്കി എല്ലാം പൊളിയുന്നു. ഇവരുടെ റിലീസ് അനുസരിച്ച് ബാക്കി റിലീസുകൾ മാറ്റുന്നു. ആ കാലഘട്ടത്തിൽ പ്രധാന സിനിമകളെടുത്ത ആരും തന്നെ എന്നെ നായകനാക്കാനോ നല്ലൊരു വേഷം തരാനോ തയ്യാറായിട്ടില്ല. ശരിക്കും ജയറാമായിരുന്ന സായ്കുമാറിന്റെ വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷേ ജയറാമിന് ആ സമയത്ത് ഭരതേട്ടന്റെ പടം വരും, അല്ലെങ്കിൽ പത്മരാജന്റെ പടം വരും. അതു കാരണം ഒരിക്കലും ഡേറ്റ് ശരിയാകുന്നില്ലായിരുന്നു. അങ്ങനെ ഒടുവിൽ സായ്കുമാറിനെ കണ്ടെത്തി ഉറപ്പിച്ചു. രാവിലെ നാലേകാലിനാണ് ഇൗ സിനിമയുടെ അഡ്വാൻസ് എനിക്ക് തരുന്നത്. ഞാൻ നായർസാബിന്റെ ഷൂട്ടിങ്ങിനായി കശ്മീരിലേക്ക് പോകുകയായിരുന്നു. പക്ഷേ പാച്ചിക്കയ്ക്കും മറ്റും സമയത്തിലൊക്കെ വലിയ വിശ്വാസമുള്ളതു കൊണ്ട് അന്നു തരണമെന്ന നിർബന്ധമായിരുന്നു.