ADVERTISEMENT

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രീസ്റ്റ് തിയറ്ററുകളിലെത്തിയതിനു ശേഷം എല്ലാവരും ചർച്ച ചെയ്യുന്നത് അതിൽ ഉപയോഗിച്ച പ്രത്യേകതരം ശബ്ദത്തെകുറിച്ചായിരുന്നു. ശരീരത്തിൽ കടന്നുകൂടിയ ബാധയെ ഒഴിപ്പിക്കാൻ ഫാദർ കാർമൻ ബനഡിക്റ്റിനെ സഹായിക്കുന്ന ‘ഫിയർ ഫ്രീക്വൻസി’ ഉപകരണം. സത്യത്തിൽ ഇങ്ങനെയൊരു ഉപകരണത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞാൽ പോലും നിങ്ങൾക്കു കണ്ടെത്താനാകില്ല. ഇതിന്റെ ആശയവും ആവിഷ്കാരവുമെല്ലാം സംവിധായകൻ ജോഫിന്റേതായിരുന്നു. സൗണ്ട് ഡിസൈനർ സി. ജയദേവനാണ് പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത ഇതിൽ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദം ഡിസൈൻ ചെയ്തത്.

‘ഈ സിനിമയ്ക്കു വേണ്ടി കുറച്ചു അറിയപ്പെടുന്ന പാരസൈക്കോളജിസ്റ്റുകളെ ഞങ്ങൾ കണ്ടിരുന്നു. സ്പിരിറ്റുമായി ബന്ധപ്പെട്ട് ഓരോരുത്തരുടെയും വിശ്വാസരീതികൾ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഫാദർ ബെനഡിക്റ്റിന്റെ കഥാപാത്ര സൃഷ്ടിയിൽ ചില പുതിയ അറിവുകൾ ഞങ്ങളും സൃഷ്ടിച്ചു. അദ്ദേഹം വിശ്വസിക്കുന്നത് ഇതൊരു എനർജിയാണെന്നാണ്. അതിനെ മറികടക്കാൻ അദ്ദേഹത്തിന്റേതായ രീതികളുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടു കൂടിയാണ് അദ്ദേഹം എക്‌സോസിസം ചെയ്യാറുള്ളു. ശരീരത്തിൽ അടങ്ങിയിരിക്കുന്ന എനർജിയെ മനസ്സിലാക്കി അതിനാവശ്യമായ രീതിയിലാകും അദ്ദേഹത്തിന്റെ ചികിത്സ.’–ജോഫിന്‍ പറയുന്നു.

fear-frequency-tool-priest-movie

‘ഇദ്ദേഹം ചില ടൂളുകൾ ഉപയോഗിക്കുന്നുണ്ട് , തീവ്രതകൂടിയ ലൈറ്റുകൾ ഉപയോഗിച്ച് എനർജിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതൊക്കെ. പക്ഷേ മറ്റൊരു കാര്യം ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്. പ്രശസ്ത പാരാ സൈക്കോളജിസ്റ്റുകളെ കണ്ടു സംസാരിച്ച്, അവരിൽ നിന്നും ഉൾക്കൊണ്ട പല ശൈലികൾ കൂട്ടിയിണക്കിയാണ് ഫാദറിന്റെ കഥാപാത്ര രൂപീകരണം നടത്തിയത്. അതിനൊരു വിശ്വാസ്യതയുണ്ട്. ഫാദർ ഏതൊരു അവസ്ഥയും നേരിടും എന്ന് ഡോക്ടർ തരകൻ (ടി.ജി. രവി) പറയുന്നുണ്ട്.’

‘അദ്ദേഹത്തിന്റെ കയ്യിൽ എപ്പോഴുമുള്ള തീവ്രതകൂടിയ മറ്റൊരു ടൂൾ ഉണ്ട്, ഫിയർ ഫ്രീക്വൻസി എന്ന പറയപ്പെടുന്ന ഒരു ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണം. അത് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ കുട്ടിക്ക് പരിക്കുപറ്റും എന്ന് പേടിച്ച് ഡോക്ടർ തടയുന്നുണ്ട്. ഒരു സാധാരണ മനുഷ്യന് 20 ഹെഡ്‌സ് മുതൽ 20000 ഹെഡ്‌സ് വരെയുള്ള ശബ്ദമേ കേൾക്കാൻ സാധിക്കു അതിനു മുകളിലോ താഴെയോ കഴിയില്ല എന്നാൽ നായ പോലെയുള്ള മൃഗങ്ങൾക്ക് അത് കേൾക്കാം. അതുകൊണ്ടു ഇത്തരത്തിൽ ബാധിക്കപ്പെട്ട ഒരാൾക്ക് മൃഗങ്ങൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദം കേൾക്കാമെന്നും അത് അവർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുമെന്നുമാണ് ഈ സിനിമക്ക് വേണ്ടി ഞങ്ങൾ ഉണ്ടാക്കിയ തിയറി.’

‘ഇതിനൊന്നും വ്യക്തമായ തെളിവുകൾ ഒന്നും ഇല്ല മറിച്ച് ഇത് ഞങ്ങൾ സിനിമക്ക് വേണ്ടി ഉണ്ടാക്കിയ കഥ മാത്രമാണ്. ആ കുട്ടിക്ക് ആ സമയത്ത് എന്താണോ ഫീൽ ചെയ്യുന്നത് ആ ഒരു ഫീൽ തിയറ്ററിൽ പ്രേക്ഷകന് കിട്ടണം, അതിനായി ലോ ഫ്രീക്വൻസിയും ഹൈ ഫ്രീക്വൻസിയും ഉപയോഗിച്ചിട്ടുണ്ട്. ആ ശബ്ദം കേൾക്കുന്നവർക്ക് ചിലപ്പോൾ ശാരീരികമായി ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു ഞങ്ങൾ അത് വളരെ ചെറിയ ഒരു നിമിഷത്തേക്കു മാത്രമേ കേൾപ്പിക്കുന്നുള്ളൂ. അതെല്ലാം വളരെ നന്നായി പ്രേക്ഷകരിൽ എത്തി എന്നാണു കിട്ടുന്ന ഫീഡ്ബാക്കിൽ നിന്നും മനസ്സിലാകുന്നത്.’–ജോഫിൻ വ്യക്തമാക്കുന്നു.

സൗണ്ട് ഡിസൈനർ സി. ജയദേവന്റെ വാക്കുകൾ:

the-priest-movie-review-2

പ്രത്യേകതരം ശബ്ദം ഉപയോഗിച്ചായിരിക്കണം എനർജിയെ നേരിടേണ്ടത് എന്നുള്ളത് ജോഫിന്റെ ഐഡിയ ആയിരുന്നു. പക്ഷേ ആ സൗണ്ട് എങ്ങനെയായിരിക്കണം എന്നൊരു ഐഡിയയും ഉണ്ടായിരുന്നില്ല. കാണികൾക്കും ആ ശബ്ദം ഫീൽ ചെയ്യാൻ കഴിയണം, ഒരു ചെറിയ നിമിഷത്തേക്ക് കാണികൾക്കും ആ ശബ്ദത്തിന്റെ അനുഭവം ഉണ്ടാക്കണം എന്ന് ജോഫിൻ ആഗ്രഹിച്ചിരുന്നു. ആ ശബ്ദത്തിന്റെ തീവ്രത ഫീൽ ചെയ്ത് അത് അരോചകമായെന്ന് പ്രേക്ഷകരും പറയണം എന്നായിരുന്നു ആഗ്രഹം. ലോ ഫ്രീക്വൻസി സൗണ്ടുകൾക്ക് എനർജി കൂടുതലാണ്. മൃഗങ്ങൾക്ക് കേൾക്കുമ്പോൾ ബുദ്ധിമുട്ടു അനുഭവപ്പെടുകയും മനുഷ്യർക്ക് കേൾക്കാൻ കഴിയാത്തതുമായ ലോ ഫ്രീക്വൻസി സൗണ്ട് ആണ് അത് .

20 ഹെഡ്‌സിൽ താഴെയുള്ള സൗണ്ട് മനുഷ്യർക്ക് കേൾക്കാൻ കഴിയില്ല. അത് പ്രേക്ഷകർക്ക് കേൾക്കുന്ന വിധത്തിൽ ചേഞ്ച് ചെയ്‌ത് എടുക്കുകയായിരുന്നു. നമ്മുടെ നാട്ടിലെ തിയറ്ററുകളുടെ ടെക്നോളജി പരിശോധിച്ച് പല ഫ്രീക്വൻസി ശബ്ദങ്ങൾ യോജിപ്പിച്ചാണ് ആ ശബ്ദം ഉണ്ടാക്കിയെടുത്തത്. ഞാൻ ചെയ്യുന്ന വർക്കുകളിൽ ഇങ്ങനെ ഒരു ശബ്ദം ഉപയോഗിക്കാറില്ല. പക്ഷേ ഈ സിനിമക്ക് അങ്ങനെയൊരു ശബ്ദം ആവശ്യമുണ്ടായിരുന്നു അതാണ് അങ്ങനെ ചെയ്തത്. സിനിമ കണ്ടിട്ട് ഒരുപാടുപേർ വിളിച്ചിരുന്നു. കുറച്ച് ലൗഡ് ആയ സൗണ്ട് ആയിരുന്നു, അത് ഒരു പുതിയ അനുഭവമാണ് എന്ന് പറഞ്ഞു. ഞാൻ ചെയ്ത സൗണ്ട് കേട്ടിട്ട് ജോഫിൻ നല്ല അഭിപ്രായം പറഞ്ഞിരുന്നു, അദ്ദേഹം പ്രതീക്ഷിച്ച എഫക്റ്റ് കിട്ടി എന്ന് പറഞ്ഞു. നമ്മൾ കേൾക്കുന്ന സൗണ്ടുകൾ ഒരുപാടു ഫ്രീക്വൻസി ചേർന്നതാണ് ഒന്നും കൃത്യമായ സൗണ്ട് അല്ല. ഈ ശബ്ദവും ഒരുപാട് ഫ്രീക്വൻസി ചേർത്ത് ഒരുമിപ്പിച്ചെടുത്തതാണ്. ഇടപ്പള്ളിയിൽ "ബെൽ ഓഡിയോ" എന്ന സ്വന്തം സ്റ്റുഡിയോയിലാണ് പ്രീസ്റ്റിനു വേണ്ടി സൗണ്ട് ഡിസൈൻ ചെയ്തത്’. ജയദേവൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com