ADVERTISEMENT

മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പൂജ ഔദ്യോഗിക വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മമ്മൂട്ടി, ജിജോ പുന്നൂസ്, ദിലീപ്, പൃഥ്വിരാജ്, സത്യൻ അന്തിക്കാട്, പ്രിയദർശൻ, സുരേഷ് കുമാർ, ബി. ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, സമീർ ഹംസ തുടങ്ങി നിരവധി പ്രശസ്തർ ചടങ്ങിനെത്തിയിരുന്നു. കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ചായിരുന്നു പൂജ ചടങ്ങുകൾ നടന്നത്.

 

കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യ പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്‌ഷൻ ജോലികൾ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. ബറോസ് പൂർത്തിയാകുന്നത് വരെ മോഹൻലാൽ മറ്റ് സിനിമകളില്‍ നിന്നും മാറി നിന്നേക്കും. 

 

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.

 

മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ - സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com