‘പൊത്തം പൊത്തം നൂത്തന്തു’; ജോസഫേ, കുട്ടി മലയാളം പഠിച്ചു!
Mail This Article
‘ജോസഫേ, കുട്ടി മലയാളം പഠിച്ചു’...വിനയൻ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ നായിക കയാദുവിന്റ ഒരു വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറാലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ട് എന്നതിനു പകരം നടി വിഡിയോയിൽ പറയുന്നത് ‘പൊത്തം പൊത്തം നൂത്തന്തു’ എന്നായിരുന്നു. കന്നട സ്വദേശിയായ കയാദുവിന്റെ ഈ വിഡിയോ ട്രോൾ രൂപത്തിലും പ്രചരിക്കുകയുണ്ടായി.
പക്ഷേ ഇനി നടിയെ പരിസഹിക്കാൻ വരട്ടെ, ഇപ്പോഴിതാ നല്ല പച്ച മലയാളത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന കൃത്യമായി പറഞ്ഞിരിക്കുന്നു കയാദു. ഹോളി ആശംസകള്‍ നേരുന്ന പുതിയ വിഡിയോയിലാണ് നടി മലയാളം പറയുന്നത്.
‘എല്ലാവർക്കും ഹോളി ആശംസകൾ. ഞാനിപ്പോൾ പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കേഷനിലാണ്.’–കയാദു പറയുന്നു. നങ്ങേലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കയാദു അവതരിപ്പിക്കുക. മുകില്‍ പെട്ട എന്ന കന്നട സിനിമയാണ് നടിയുടെ ആദ്യ സിനിമ. ഏറെ നാളത്തെ പരിശീലനവും കഠിന പ്രയത്‌നവും പൂര്‍ത്തിയാക്കിയാണ് കയാദു നങ്ങേലിയുടെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി കുതിരയോട്ടവും നടി അഭ്യസിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന ചിത്രത്തില്‍ നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കാണ് സിജു വില്‍സണ്‍ ജീവന്‍ നല്‍കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എം.ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിങ് പൂര്‍ത്തിയായി. ഛായാഗ്രഹണം ഷാജികുമാറും കലാസംവിധാനം അജയന്‍ ചാലിശ്ശേരിയുമാണ് നിര്‍വഹിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്.