എന്നെയും മക്കളെയും ഇവർ വിരട്ടി നോക്കി, ഇതെല്ലാം മോദി കാണുന്നുണ്ട്: കൃഷ്ണകുമാർ
Mail This Article
കേരളത്തിലേത് കാട്ടാള ഭരണമാണെന്നും ഇതിൽ നിന്നും രക്ഷ നേടാൻ നരേന്ദ്ര മോദിയെ മനസിൽ കണ്ട് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും നടനും ബിജെപി സ്ഥാനാർഥിയുമായ കൃഷ്ണകുമാർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജഗതി വാർഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണകുമാറിന്റെ വാക്കുകൾ:
നിങ്ങൾ വോട്ടു ചെയ്യേണ്ടത് കൃഷ്ണകുമാറിനോ, സുരേഷ് ഗോപിക്കോ, സുരേന്ദ്രനോ, ശോഭയ്ക്കോ അല്ല, ഭാരതത്തെ രക്ഷിക്കണമെന്ന് പ്രതിഞ്ജയെടുത്ത നരേന്ദ്ര മോദിക്കാണ്. കാരണം അദ്ദേഹത്തെ സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ കാര്യം തീർന്നു. നമ്മൾ അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു മാത്രം. നമുക്ക് സംരക്ഷിക്കണം അദ്ദേഹത്തെ. മോദിജിയെ ഓർത്തെങ്കിലും എല്ലാവരും വോട്ട് ചെയ്യണം.
ഭാരതത്തിന്റെ മുക്കും മൂലയിലുമുള്ള ആളുകളുടെ പ്രശ്നം മനസിലാക്കുന്ന വ്യക്തി. മുന്നൂറ്റമ്പതോളം പദ്ധതികൾ രാജ്യത്ത് കൊണ്ടുവന്നു. അതിൽ ഏതാനും പദ്ധതികൾ മാത്രം കേരളത്തിലെത്തി. പ്രധാനമന്ത്രിയുടെ പാർപ്പിടത്തിനുള്ള പദ്ധതിയുണ്ട്. പക്ഷേ എന്തു ചെയ്യാൻ, ലൈഫ് മിഷൻ എന്നൊരു പേരും മാറ്റി സ്വപ്നയെയും ശിവശങ്കറിനെയും കയറ്റി, വച്ചു. എന്നിട്ട് ആർക്കാണ് ലൈഫ് കിട്ടിയത്. ഇവിടെ ഭരിക്കുന്നവർക്കു മാത്രം. പാവപ്പെട്ടവർക്ക് ഈ ജന്മം ലൈഫ് കിട്ടില്ല. അങ്ങനെയാണ് ഓരോന്ന് ഉണ്ടാക്കി വച്ചിരിക്കുന്നത്. മെച്ചപ്പെട്ട ജീവിതം കിട്ടണമെന്നുണ്ടെങ്കിൽ ഭാരതീയ ജനത പാർട്ടിക്കു മാത്രമേ അത് സാധിക്കൂ.
കമ്യൂണിസം കാൻസറാണ്. അതിനെ ഇവിടെ നിന്നും എടുത്തുകളയണം. ഇവർ വാ തുറക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ്, തിന്നാനും കള്ളം പറയാനും. എന്നെയും മക്കളെയും ഇവർ കുറേ വിരട്ടി നോക്കി. അവിടെപ്പോലും ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം എന്നെ ജോലിയിൽ നിന്നും പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോൾ പുറത്താക്കും, അതിനപ്പുറം ഇവർ ഒന്നും ചെയ്യില്ല. ഇതെല്ലാം മോദി കാണുന്നുണ്ട്. അതിനപ്പുറത്ത് ദൈവം കാണുന്നുണ്ട്.ഭയക്കേണ്ട കാര്യമില്ല, ഇനി നമ്മുെട കാലമാണ് വരാൻ പോകുന്നത്. ഈ കാട്ടാള ഭരണകൂടത്തെ താഴെ ഇറക്കണം. കോൺഗ്രസും ഇവരുടെ ഒപ്പമാണ്. അത് മനസിലാക്കണം.
കേരളത്തിൽ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് കേരളത്തിനു പുറത്തുള്ള, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സ്ഥലത്തെ ആളുകൾ ചോദിക്കുന്നത്. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടിൽ എങ്ങനെ ജീവിക്കുന്നുവെന്നാണ് ഇവർക്ക് അറിയേണ്ടത്. ഇവിടെ രണ്ടും അപകടമാണ്. എന്നാൽ കേരളത്തിനു പുറത്തുപോയാൽ രണ്ടും ഒന്നും. ഇവിടെ ഇവർ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.
അഴിമതി നടത്തിയ കേസുകൾ മുഴുവൻ തേച്ചുമായിച്ചു എന്നതാണ് ശിവകുമാറിന്റെ അഞ്ച് വർഷത്തെ ഭരണത്തിന്റെ നേട്ടം. ആന്റണി രാജു ഭരണകൂടത്തിന്റെ ഭാഗമാണ്. ഇത്രയും അഴിമതി നടക്കുന്ന കാട്ടാളഭരണകൂടം. പണത്തിന് എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകും. എന്നാൽ അത് നേടാൻ നേരായ പല വഴികളുമുണ്ട്.
ബിജെപിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും നല്ലത് ഞാൻ സമൂഹമാധ്യമങ്ങളിൽ എഴുതാറുണ്ട്. സൈബർ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴിൽ ഇല്ലാതാക്കാൻ ഇവർ നോക്കും. ഇതിനപ്പുറം ഒന്നും ചെയ്യാൻ ഇവന്മാർക്കാകില്ല. കേരളം മാത്രമല്ല ഇവിടെ തമിഴ്നാടും ആന്ധ്രയും ഹിന്ദിയുമുണ്ട്. അവിടെയും പോയി അഭിനയിക്കും.