ADVERTISEMENT

മനുഷ്യനാണു കള. മറ്റൊന്നുമല്ല! ടൊവിനോ തോമസിന്റെ പുതിയ സിനിമ പറയുന്ന തീവ്രമായ രാഷ്ട്രീയം അത് അർഹിക്കുന്ന വിധത്തിൽ ഇപ്പോഴും ചർച്ച ചെയ്തു തുടങ്ങിയിട്ടില്ല.

 

ഇന്ന് സമൂഹമാധ്യമത്തിൽ ഒരു വിഡിയോ കണ്ടു... യുപിയിലെ ഒരു കോവിഡ് സെന്ററിൽ കീഴ്ജാതിക്കാരി ഭക്ഷണം പാകം ചെയ്തു എന്ന ഒറ്റ കാരണം കൊണ്ട് വിളമ്പി വച്ച ഭക്ഷണം ഒന്നാകെ തൊഴിച്ചെറിയുന്ന കോവിഡ് പോസിറ്റീവ് ആയ രണ്ടു സവർണ വീരന്മാർ!! ഇതിലൊരാൾ ഷാജിയും മറ്റെയാൾ ഷാജിയുടെ അപ്പൻ രവിയുമാണെന്ന് എനിക്കു തോന്നി.

 

"ഷാജി നിവാസ്" എന്ന വീടും വീടിനോടു ചേർന്ന ഏക്കറുകണക്കിനു പറമ്പും മനുഷ്യ കുലം ചോര വീഴ്ത്തി പിടിച്ചടക്കിയ എണ്ണിയാലൊടുങ്ങാത്ത കുട്ടിയേറ്റങ്ങളുടെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. രോഹിത് എന്ന സംവിധായകന്റെ പ്രതിഭയെ ആദ്യം നാം തൊട്ടറിയുന്നത് ആ വീടും പറമ്പും കഥാ പരിസരമായി കണ്ടെത്തുന്നിടത്താണ്.

tovino-kala-3

 

മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും സ്വച്ഛമായി ജീവിക്കുന്ന നിറഞ്ഞ പ്രകൃതി. അപ്പനും മകനും ഭാര്യയയും അവരുടെ കുഞ്ഞും അടങ്ങുന്ന ചെറിയ കുടുംബം സദാ സ്വര്യം കെട്ട്, ആരെയും വിശ്വാസമില്ലാതെ, അകാരണമായ ഭീതിയിലും പൊറുതികേടിലും ഉഷ്ണിച്ചു ജീവിക്കുന്നു .

 

ആ വീട്ടിലെ പെണ്ണ് മഴ കാണുന്നുണ്ട്, റേഡിയോയിലെ പാട്ടുകേൾക്കുന്നുണ്ട്.... അവളുടെ പുരുഷനോ, ഏഴു ചാക്കു കുരുമുളകിൻ്റെ തൂക്കത്തിൽ അവളെ പ്രാപിക്കുന്നുണ്ട്.

tovino-noor

 

പണ്ട് .. പണ്ട് .. പണ്ട് ..കാടുതെളിച്ച്, കാട്ടുമൃഗങ്ങളെ തോൽപിച്ച്, മണ്ണു പതം വരുത്തി ജീവിതം നട്ട മനുഷ്യരെ കൊന്നും തോൽപ്പിച്ചും പിടിച്ചെടുത്ത മണ്ണിലാണ് ഷാജിയും അവന്റെ അപ്പനും അടയ്ക്കാപറിച്ച് അറുമാദിക്കുന്നത് !

 

മാനംമുട്ടുന്ന അടയ്ക്കാമരത്തിൽ ഊഞ്ഞാലാടാൻ, കളപറിക്കാൻ, തടം ചിക്കാൻ... അപ്പനപ്പൂപ്പന്മാർ ചത്തു വീണ മണ്ണിൽ അവർ ഇപ്പോഴും എത്തുന്നു... മണിയായി, തമിഴനായി, പാണ്ടിയായി, നായാടിയായി.. അങ്ങനെ 'മനുഷ്യനു 'കൊള്ളാത്ത അനേകം ജന്മങ്ങളായി...!

 

അതിലൊരുത്തന്റെയും അവന്റെ സഹജീവിയായ "ബൗ" എന്ന് അവൻ തന്നെ വിളിക്കുന്ന നായയുടെയും കഥയാണ് ഇത്. ഷാജി ഈ കഥയിലെ 'കള'യും. ഇവിടെയാണ് ടൊവിനോ തോമസ് എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടനെ ചേർത്തു പിടിക്കാൻ തോന്നുന്നത്. വെറുമൊരു സിനിമയല്ല 'കള'. കോവിഡ് കാലത്ത് സുരക്ഷിതമായ ചുവരുകൾക്കുള്ളിൽ ത്രില്ലർ പിടിക്കാനിറങ്ങിയ സിനിമാക്കാരനും അല്ല അയാൾ.

 

രോഹിത് എന്ന ചെറുപ്പക്കാരൻ പറഞ്ഞ, മലയാളി പറയാൻ മറന്ന വർണ്ണവിവേചനത്തിന്റെ കഥ, ഈ മഹാമാരിയുടെ കാലത്ത് അയാളുടെ ഉറക്കം കെടുത്തിയിട്ടുണ്ടാവും. ഇതിപ്പൊ ചെയ്തില്ലെങ്കിൽ എപ്പൊ ചെയ്യാനാ എന്ന് ഉളളിൽ കനലു വീഴ്ത്തിയിട്ടുണ്ടാവും... ഇല്ലെങ്കിൽ ഈ സിനിമ ഇങ്ങനെ സംഭവിക്കില്ല! ഒരു നടനും ഒരു സിനിമയ്ക്കു വേണ്ടി സ്വന്തം പ്രാണൻ വലിച്ചെറിഞ്ഞ് കാട്ടുപൊന്തയിലും, ഇടത്തോട്ടിലും, ചതുപ്പിലും വീണ് ഇങ്ങനെ ചിതറില്ല !!

 

ഷാജി.. എന്നിലും നിങ്ങളിലും മുഴുവൻ മലയാളികളിലും ഏറിയും കുഞ്ഞും ഉളള വർണ്ണവെറിയും ആൺ അഹന്തയുമാണ്. അതിനെയാണ് ഇയാൾ ഇറച്ചി തുണ്ടിലൊളിപ്പിച്ച വെടിമരുന്നായി ചിതറിക്കുന്നത്.....

 

ചില്ലറ കാര്യമല്ല അതെന്ന് കള കാണുമ്പോഴേ നിങ്ങളറിയൂ...ഈ സിനിമയുടെ നെറുകയിൽ 'ആക്ഷൻ, വയലൻസ് 'എന്നൊക്കെ ചാപ്പ കുത്തിവയ്ക്കുമ്പോൾ ദയവായി അതിനെ... 'ജീവിതം' എന്നു മാത്രം വായിക്കുക . ജീവിതവും അതിജീവനവുമല്ലാതെ മറ്റൊന്നും അല്ല ടൊവിനോയുടെയും രോഹിതിന്റെയും കള.

 

കാടും തൊടിയും ഉഴുതുമറിച്ച് നായാടികൂട്ടം(മൂർ എന്ന നായാടി ചെക്കൻ ഒറ്റയ്ക്കാണെന്നു കരുതാനേ പറ്റുന്നില്ല) അടുക്കള വാതിൽ തോട്ടയെറിഞ്ഞു തകർത്ത് അകത്തു കയറുമ്പോൾ, ചോരയിൽ കുളിച്ച് ഉടുതുണിയില്ലാതെ ഭയന്നു വിറച്ച് ഒരു എലിക്കുഞ്ഞിനെപ്പോലെ ടോയ്ലറ്റിൽ ഒളിക്കുന്ന ഷാജിയെ അവൻ്റെ അപ്പനും ഭാര്യയും കുഞ്ഞും നോക്കുന്ന ഒരു നോട്ടമുണ്ട്...... അത് നമ്മൾ ഓരോരുത്തരുടെയും നോട്ടമാണ്, പ്രജ്ഞയാണ്.

 

ഷാജി നിവാസിലെ ചെളി പിടിച്ച ചുവരിന്റെ വഴുക്കലും മഴയും തൊടിയിലെ കാട്ടു മണവും... ഇപ്പോഴും മനസിൽ നിന്നു പോകുന്നില്ല.

 

അപ്പനപ്പൂപ്പന്മാരുടെ മണ്ണു ചുരത്തുന്ന കുരുമുളകും റബ്ബർഷീറ്റും കട്ടുവിറ്റ്, മസില് പെരുപ്പിച്ച് ആണാവാൻ നോക്കുന്ന ഷാജിയെന്ന മലയാളി ചെക്കനെ, അവനിൽ കാട്ടുപന്നിയെപ്പോലെ പതുങ്ങിയിരിക്കുന്ന വർണ്ണവെറിയെ ടോവിനോ എത്ര അനായാസമായി വരച്ചിട്ടിരിക്കുന്നു!

 

ഷാജി നിവാസിന്റെ ഗേറ്റു കടന്ന് ആ നായാടി ചെക്കന്റെ ഒരു തിരിച്ചു പോക്കുണ്ട് ....കളയുടെ രാഷ്ട്രീയം ചോര കിനിയുന്ന ഒറ്റച്ചിരിയിൽ കൊളുത്തിയിട്ടിരിക്കുന്നു... മൂർ എന്ന പുതുമുഖം !

 

കാലം ചോദിച്ചു വാങ്ങിയ സിനിമയാണിത്.ചരിത്രം അടയാളപ്പെടുത്താൻ പോകുന്ന സിനിമ .ഒരു മഹാമാരിക്കും മലയാള സിനിമയെ തോൽപ്പിക്കാനാവില്ല എന്ന് ഉറക്കെ പറയുന്ന സിനിമ.

 

നന്ദി ടോവിനോ....നന്ദി രോഹിത്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com