‘യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്’: മോദി കൃഷ്ണകുമാറിനോട് പറഞ്ഞത്
Mail This Article
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ ലഭിച്ച അവസരത്തിന് നന്ദി പഞ്ഞ് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ കൃഷ്ണകുമാർ. ജീവിതത്തിലെ എന്നും ഒാർക്കാൻ ഇഷ്ടപ്പെടുന്ന ഒരിക്കലും മറക്കാനാകാത്ത ദിവസമായിട്ടാണ് കൃഷ്ണകുമാർ മോദിയെ കണ്ട നിമിഷത്തെ വിശേഷിപ്പിക്കുന്നത്. സ്വപ്നതുല്യമെന്ന് കൃഷ്ണകുമാർ വിശേഷിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ
ഒരോ നിമിഷവും ജീവിതത്തിൽ വലുതാണ്. എല്ലാ ദിവസവും വളരെ നല്ലതുമാണ്. എന്നാൽ ചില ദിവസങ്ങൾക്കു ഒരു പ്രത്യേകത ഉണ്ടാവും. നമുക്ക് മറക്കാനാവാത്തതും, എന്നും ഓർക്കാൻ ഇഷ്ടപെടുന്നതും ആകും. അതായിരുന്നു ഇന്നലെ. ഏപ്രിൽ 2, വെള്ളിയാഴ്ച. എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹമോ, വലിയതുറയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പതിറ്റാണ്ടുകളായ പ്രാർത്ഥനയുടെ ഫലമോ...? അറിയില്ല. പ്രധാനമന്ത്രി മോദിയെ കാണണമെന്നും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്നും വലിയ ആഗ്രഹമായിരുന്നു, സ്വപ്നമായിരുന്നു. അങ്ങനെ ഇരിക്കെ ബിജെപി സ്ഥനാർഥിയായി. ഇതിനിടെ വലിയതുറ തുറമുഖ സംരക്ഷണ വികസന സമിതിക്കാർ ചർച്ചക്ക് വിളിച്ചു. അവരുടെ ചിരകാല ആവശ്യമായ ഹാർബർ നിർമിക്കുന്നതിന്റെ ആവശ്യകഥയെ കുറിച്ച് എന്നെ ധരിപ്പിക്കാനും, പ്രധാനമന്ത്രി വരുമ്പോൾ ഒരു നിവേദനം കൊടുക്കാനുമായി. എന്റെ മനസ്സിൽ ഇത് നടത്തണമെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി സംസാരിക്കാൻ അവസരം ലഭിച്ചു, കാര്യങ്ങൾ അവതരിപ്പിച്ചു. ഇതിനിടെ ഈ സംഘടനയുടെ അംഗങ്ങളും വലിയതുറ നിവാസികളുമായ ശ്രി സേവിയർ ഡിക്രൂസ്, ശ്രി വീനസ്, ശ്രീ ബ്രൂണോ, ശ്രീ പ്രേംകുമാർ എന്നിവരുമായി നല്ല സൗഹൃദവുമായി.
ഇന്നലെ പ്രധാനമന്ത്രി വന്നു. നിവേദനവുമായി സ്റ്റേജിൽ കാത്തിരുന്നു. പെട്ടെന്ന് നിവേദനം കൊടുക്കുവാനുള്ള അനൗൺസ്മെന്റ് വന്നു. നടന്നു പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു. നിവേദനം വാങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ചിരിച്ചുകൊണ്ട് തോളിൽ തട്ടിക്കൊണ്ടു സ്നേഹത്തോടെ അദ്ദേഹം ഇംഗ്ലീഷിൽ ചോദിച്ചു, "ഞാൻ എന്ത് ചെയ്തു സഹായിക്കണം?" മറുപടിയായി ഞാൻ പറഞ്ഞു "ഇതൊന്നു നടത്തി തരണം ". നന്ദി പറഞ്ഞു ഇരിപ്പിടത്തിലേക്ക് ഞാൻ പോയി. തുടർന്ന് അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞു മടങ്ങാൻ നേരം അത്ഭുതമെന്നോണം വീണ്ടും സ്നേഹത്തോടെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു. "യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്" സ്വപനതുല്യമായ ഒരു നിമിഷം, നന്ദി. ഇന്നെന്റെ മനസ്സിൽ ഒരു കാര്യം മാത്രം. തീരദേശ സഹോദരങ്ങളുടെ ചിരകാല സ്വപ്നമായ ഹാർബർ നടന്നു കാണണം. അതിന്റെ ഉദ്‌ഘാടനത്തിനും പ്രധാനമന്തി ശ്രി നരേന്ദ്രമോഡി ഉണ്ടാവണം. സ്റ്റേജിൽ എനിക്കും ഇടമുണ്ടാവണം. സ്വപ്നങ്ങൾക്ക് ചിറകുവെച്ചു തുടങ്ങി. ആത്മാർത്ഥമായി മനസ്സിൽ ആഗ്രഹിച്ചാൽ പ്രകൃതി നിങ്ങൾക്കായി എല്ലാം ഒരുക്കിത്തരും, എത്ര വലിയ കാര്യവും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ ഓർത്തു പോയി. ദൈവത്തിനു നന്ദി. എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്കും കുടുംബത്തിനും മുൻകൂർ ഈസ്റ്റർ ആശംസകൾ നേരുന്നു.