ADVERTISEMENT

മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്‍റെ പേരിലുണ്ടാകുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാൻ സാധിക്കുകയുള്ളുവെന്ന് നടന്‍ സലിം കുമാര്‍. വിസ്മയ എന്ന പെൺകുട്ടിയുടെ മരണത്തിൽ താനും ഒരുത്തരവാദിയാണെന്നും സമൂഹത്തിന്റെ ചിന്താഗതിയാണ് ഇത്തരം സംഭവങ്ങൾക്കു കാരണമെന്നും സലിം കുമാര്‍ പറഞ്ഞു. 'സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങള്‍' എന്ന് സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു സലിം കുമാര്‍.

 

സലിം കുമാറിന്റെ വാക്കുകൾ:

 

‘ഒരു സദസിനെ അഭിമുഖീകരിച്ച് സംസാരിച്ചിട്ട് കാലം കുറേയായി. അതുകൊണ്ട് തന്നെ വിറക്കുന്ന കൈകളോടു കൂടിയാണ് ഞാൻ നിൽക്കുന്നത്. എന്ത് പറയണം എന്നറിയില്ല. ഇന്ന് കേരളം മുഴുവനും ചർച്ച ചെയ്യുന്ന സംഭവമായി മാറിയിരിക്കുകയാണ് സ്ത്രീധനം മൂലമുള്ള പീഡനങ്ങളും മരണങ്ങളും.’

 

‘ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. പ്രതിഷേധമാകുന്ന ആ വെള്ളത്തെ തളം കെട്ടി നിർത്തി തിരിച്ചുവിടാൻ നമുക്ക് കഴിഞ്ഞിട്ടില്ല. യുവജന രാഷ്ട്രീയപാർട്ടികൾ ഈ പ്രശ്നം ഏറ്റെടുക്കുന്നതു കാണുമ്പോൾ വലിയ പ്രതീക്ഷയുണ്ട്’. 

 

‘ക്രൈം ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ളിൽ ആയിരത്തി എണ്‍പതോളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യുന്നത്. കൊച്ചുകേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ നടന്ന സ്ത്രീ മരണങ്ങൾ 68.’ 

 

‘ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കോവിഡിനേക്കാള്‍ മാരകമായ വിപത്തു മൂലമാണ്. കോവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.’

 

‘വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയ്ക്ക് അതേ ഉത്തരവാദിയാണ് സലീം കുമാറും.  കോവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. ഡോക്ടറിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു, എന്നൊക്കെ പലരും പറഞ്ഞു. 20 ാം തിയതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു. അവളാകുന്ന ജഡ്ജി തൂക്കാൻ വിധിച്ചു കഴിഞ്ഞിരുന്നു, പിന്നീട് അവളാകുന്ന ആരാച്ചാർ ആ കർമം നിറവേറ്റിയെന്ന് മാത്രമേ ഒള്ളൂ.’

 

‘പതിനായിരം വട്ടം അവൾ വീട്ടിൽ പോകുന്ന കാര്യം ആലോചിച്ചു കാണും. ഞാൻ ഉൾപ്പെടുന്ന സമൂഹമാണ് അവളെ അതിൽ നിന്നും പിൻതിരിപ്പിച്ചത്. ആ പെൺകുട്ടി സൈക്യാർടിസ്റ്റിനെ കാണാൻ പോകുന്നത് അറിയുന്ന ആരെങ്കിലും കണ്ടാൽ ഉടനെ തന്നെ പറഞ്ഞുപരത്തും, ‘അവൾക്ക് ഭ്രാന്താണെന്ന്’. അല്ലാതെ മാനസികമായ ധൈര്യത്തിനു വേണ്ടി കാണാൻ പോയതാണെന്ന് ആരും പറയില്ല.’

 

‘മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ തുലാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടിലും തുലാസ് ഉണ്ട്. ഞാൻ മേടിച്ചു വച്ചതാണ്. ഇന്ന് അത് ഒഴിവാക്കുകയാണ്.’- സലിം കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com