8 കോടി വണ്ടിക്കും 1.6 കോടി നികുതിയായും വിജയ് അടച്ചിരുന്നു: നടി കസ്തൂരി ശങ്കർ
Mail This Article
നടൻ വിജയ്ക്കെതിരെ കോടതി ഒരുലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി നടി കസ്തൂരി ശങ്കർ. വിവാദത്തിനു കാരണമായ വിജയ്‍യുടെ റോൾസ് റോയ്സ് വണ്ടിയുടെ ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.
‘ഇതാണ് വാർത്തകൾക്ക് ആധാരമായ വിജയ്‌യുടെ റോൾസ് റോയ്സ് ഗോസ്റ്റ് വണ്ടി. 2013ൽ എട്ട് കോടി രൂപ മുടക്കി, 1.6 കോടി നികുതിയും നൽകിയാണ് അദ്ദേഹം ഇത് വാങ്ങിയത്. ഇന്ന് ഇപ്പോൾ ഇതേ വണ്ടിയുടെ പേരിൽ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും ആവശ്യപ്പെട്ടു.’–കസ്തൂരി ട്വീറ്റ് ചെയ്തു.
കസ്തൂരിയുടെ ട്വീറ്റിനു താഴെ നിരവധി ആളുകളാണ് വിജയ്‍യെ പിന്തുണച്ചെത്തിയത്. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പിഴ വിധിച്ചതിനു ശേഷമുള്ള ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവിനെക്കുറിച്ചും നടി അടുത്ത ട്വീറ്റിലൂടെ വിശദീകരിക്കുന്നുണ്ട്.
‘വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്‌സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു.’–കസ്തൂരി ട്വീറ്റിലൂടെ പറയുന്നു.
സാധാരണക്കാര്‍ നികുതി അടയ്ക്കാനും നിയമത്തിന് അനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ ഇത്തരം പ്രവണതകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പറഞ്ഞുവെന്നും നടി ട്വീറ്റിലൂടെ വ്യക്തമാക്കുന്നു.