തമിഴ്നാട്ടിൽ കൂടുതൽ തിയറ്ററുകൾ തുറക്കുന്നു; ആദ്യ റിലീസ് തലൈവി
Mail This Article
ഇന്നു മുതൽ സംസ്ഥാനത്തു കൂടുതൽ തിയറ്ററുകൾ തുറക്കും. എന്നാൽ, കൂടുതൽ പുതിയ റിലീസുകൾ ഇല്ലാത്തതു പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം വീണ്ടും തുറന്ന തിയറ്ററുകൾ ഇപ്പോൾ പ്രദർശിപ്പിക്കുന്നത് ഹോളിവുഡ് സിനിമയായ കൺജറിംഗ് 3 തമിഴ് പതിപ്പ്, അക്ഷയ് കുമാർ അഭിനയിച്ച ബെൽ ബോട്ടം, ഗോഡ്സില്ല വേഴ്സസ് കോംഗ് എന്നിവയുൾപ്പെടെയാണു പ്രദർശിപ്പിക്കുന്നത്.
അതേ സമയം, തിയറ്റർ ഉടമകൾ വിതരണക്കാരുമായി ചർച്ചയിലാണ്. ധനുഷിന്റെ കർണൻ, കാർത്തിയുടെ സുൽത്താൻ തുടങ്ങിയ സിനിമകൾ വീണ്ടും തിയറ്ററിലെത്താൻ സാധ്യതയുണ്ടെന്നും തിയറ്റർ ഉടമകൾ പറയുന്നു. കൂടാതെ, പുതിയ സിനിമകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ സെപ്റ്റംബർ ആദ്യവാരം മുതൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതം പറയുന്ന തലൈവി സെപ്റ്റംബർ 10നു തിയറ്ററുകളിലെത്തും. കങ്കണാ റാവത്തും അരവിന്ദ് സ്വാമിയും ഉൾപ്പെടെയുള്ള താരനിരയാണു ചിത്രത്തിലുള്ളത്. ഇതിനൊപ്പം ഒടിടി റിലീസ് ചെയ്ത സർപ്പട്ടെ പരമ്പരൈ അടക്കമുള്ള ചിത്രങ്ങളും തിയറ്ററുകളിലേക്കെത്തിയേക്കും. കോവിഡ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി എല്ലാ തിയറ്റർ ജീവനക്കാർക്കും രണ്ട് ഡോസ് വാക്സീനും നൽകിക്കഴിഞ്ഞു.