സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
Mail This Article
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശനിയാഴ്ച മൂന്നിന് പ്രഖ്യാപിക്കും. സിനിമകളുടെ സ്ക്രീനിങ് അന്തിമ ജൂറി ഏതാണ്ട് പൂർത്തിയാക്കി. ഏതെങ്കിലും സിനിമകൾ കാണാൻ അവർക്ക് താല്പര്യമുണ്ടെങ്കിൽ വെള്ളിയാഴ്ച വീണ്ടും കാണും. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്‌നം ആണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.കഴിഞ്ഞ വർഷത്തെ 80 സിനിമകൾ സംസ്ഥാന അവാർഡിനു മത്സരിക്കുന്നുണ്ട്.
40 സിനിമകൾ വീതം 2 പ്രാഥമിക ജൂറികൾ കണ്ടു. അതിൽ മികച്ച 30% സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തത്.ശേഷാദ്രിയും ഭദ്രനും അന്തിമ ജൂറിയിലും അംഗങ്ങൾ ആണ്. പ്രാഥമിക റൗണ്ടിൽ തഴയപ്പെട്ട ഏതെങ്കിലും ചിത്രത്തിലെ ആരെങ്കിലും മികച്ച വ്യക്തിഗത പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കിൽ ആ ചിത്രങ്ങൾ അന്തിമ ജൂറിക്കു മുന്നിലേക്കു വിളിച്ചു വരുത്താമെന്നാണ് വ്യവസ്ഥ.
സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം ആണ് ഇപ്പോൾ നടക്കുന്നത്.ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.
ഇവർക്കു പുറമേ രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു പ്രശസ്ത നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെംബർ സെക്രട്ടറി.