രാഷ്ട്രീയവും ജീവിതവും പറഞ്ഞ് ‘മുടി’
Mail This Article
നവാഗതനായ യാസിര്‍ മുഹമ്മദ് സംവിധാനം ചെയ്ത സിനിമ ‘മുടി’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യാസിര്‍ മുഹമ്മദും കെ. ഷാഹിറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോങ്ങാട് എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെയും മണി എന്ന ബാര്‍ബറുടെ ജീവിതത്തെയും ആസ്പദമാക്കിയുള്ളതാണ് ചിത്രം.
ജാതി വിവേചനവും, പ്രണയവും സൗഹൃദവും ഇഴചേർത്ത് അവതരിപ്പിക്കുന്നതിനൊപ്പം കോവിഡ് തീവ്ര നാളുകളുടെ ഓർമ്മകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു ഈ ചിത്രം. മനുഷ്യരുടെ മനസ്സോ യാഥാർഥ്യങ്ങളോ മനസ്സിലാക്കാതെയുള്ള നിയമങ്ങള്‍ എന്തെല്ലാം ദുരിതങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത് എന്നതിന്‍റെ കണക്കെടുപ്പ് ആരും നടത്താതിരിക്കുേമ്പാൾ, വളരെ സുന്ദരമായാണ് 'മുടി' കോവിഡ് കാലത്തെ പറഞ്ഞുവയ്ക്കുന്നത്.
സെന്‍ട്രല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറില്‍ ഹംസം പാടൂര്‍ നിര്‍മിച്ച ചിത്രത്തില്‍ നാസര്‍ കറുത്തേനി, എം നിവ്യ, അവിസെന്ന എന്നിവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് നസീബാണ്. വിമല്‍, റനീഷ് എന്നിവരാണ് സംഗീതം. ഗാന രചന -മെഹദ് മഖ്ബൂല്‍, ആലാപനം - ഉണ്ണിമായ നമ്പീശന്‍.