അച്ഛൻ മരിച്ച് പത്താം ദിനമായിരുന്നു ‘മധുര’ത്തിന്റെ ഷൂട്ട്: നിഖില പറയുന്നു
Mail This Article
അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി നിഖില വിമല്‍. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിയെന്നും ‘മധുരം’ സിനിമയുടെ ഷൂട്ടിങ് ദിനങ്ങൾ തനിക്ക് ഏറെ ആശ്വാസമായെന്നും നിഖില പറയുന്നു.
‘കോവിഡ് ആയിരുന്നു അച്ഛന്. വീട്ടില്‍ ഉള്ളവര്‍ക്കും അച്ഛന്റെ മരണസമയത്ത് കോവിഡ് ആയിരുന്നു. ഐസൊലേഷനില്‍ ആയിരുന്നു എല്ലാവരും. എന്ത് ചെയ്യണമെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി. അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ‘മധുരം’ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു.
അവിടെ ചെന്ന് ആ സെറ്റിലെ ജോലികളില്‍ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്. ‘മധുരം’ സിനിമ അപ്പോഴുള്ള അവസ്ഥയില്‍ നിന്ന് എന്നില്‍ വലിയ മാറ്റം വരുത്തി. അങ്ങനെ നോക്കുമ്പോള്‍ ‘മധുരം’ സിനിമ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്.’–നിഖില പറഞ്ഞു.
2020 ഡിസംബറിലാണ് നിഖിലയുടെ അച്ഛൻ എം.ആർ.പവിത്രൻ മരണമടയുന്നത്. സിപിഐഎം മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു.