ADVERTISEMENT

മലയാള സിനിമയിൽ ന്യൂജെൻ കാലം വന്നതോടെ അച്ഛൻ, അമ്മ, അമ്മാവൻ, അമ്മായി തുടങ്ങിയ കഥാപാത്രങ്ങളൊക്കെ ഏതാണ്ട് കാലം ചെയ്ത അവസ്ഥയിലായിരിക്കുകയാണ്. പുതിയ ചെറുപ്പക്കാരുടെ ചില സിനിമകൾ കാണുമ്പോൾ വാർപ്പ് മാതൃകയിലുള്ള കഥാപാത്ര സംസ്കാരത്തിന് അയിത്തം കൽപിച്ചതു പോലെയാണ് തോന്നിയത്. നായകനും നായികയും കഴിഞ്ഞാൽ ചിലപ്പോൾ പേരിന് ഒരു ജ്യേഷ്ഠനോ ഒരനുജനോ ഉണ്ടാവും. അച്ഛനും അമ്മയും അകാലത്തിലോ അപകടത്തിലോ പരലോകം പ്രാപിച്ചെന്ന് സംഭാഷണത്തിൽ ഒരു സൂചനയും നൽകും. 

 

ഇന്നത്തെ ചെറുപ്പക്കാർക്ക് ഇങ്ങിനെയുള്ള കഥാപാത്രങ്ങളുടെ പഴംപുരാണം കേട്ടിരിക്കാനുള്ള ക്ഷമയില്ലെന്നു പല ന്യൂജെൻ പിള്ളേരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.  അങ്ങനെ പറയുന്നവരെ നമുക്ക് കുറ്റം പറയാനുമാവില്ല. കാലത്തിന്റെ മാറ്റം കൊണ്ടുണ്ടാകുന്ന അഭിരുചി വ്യതിയാനമായി അതിനെ എങ്ങനെയാണു കാണാതിരിക്കുക . ഈ അച്ഛൻ, അമ്മ, ബന്ധുമിത്രാദി പ്രവണതകൾ ഇല്ലാതാകുന്നതു കൊണ്ട് സന്തോഷിക്കുന്നതു നിർമാതാക്കളായിരിക്കും.  ഇപ്പോൾ ക്യാരക്ടർ റോളുകൾ ചെയ്യുന്ന നടന്മാർ ചോദിക്കുന്ന ഭീമമായ പ്രതിഫലം നൽകേണ്ടല്ലോ എന്ന വലിയ ആശ്വാസത്തിലാണവർ കഴിയുന്നത്. 

 

ഇപ്പോൾ ഇങ്ങനെ ഒന്ന് സൂചിപ്പിക്കാൻ നേർവരയിട്ടത് ഈയ്യിടെ ഒടിടിയിൽ നാലഞ്ചു നവ സിനിമകൾ കണ്ടതുകൊണ്ടാണ്. അപ്പോള്‍ എന്റെ ഓർമയിലേക്ക് പുതുധാരയിലുള്ള സിനിമ എടുത്ത ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണ് കടന്നു വന്നത്.  "സർഗധനന്മാരായ നമ്മുടെ കൊട്ടാരക്കര ശ്രീധരൻ നായരും ശങ്കരാടിയും തിലകനും ഭരത്ഗോപിയും നെടുമുടി വേണുവുമൊക്കെ ചെയ്തതു പോലെയുള്ള ശക്തമായ ക്യാരക്ടർ റോളുകൾ ചെയ്യാൻ പറ്റിയ ആരാണ് സർ ഇപ്പോൾ ഇവിടെയുള്ളത്. " അതു കേട്ടപ്പോൾ എന്റെ വാദമുഖങ്ങളുടെ മുന പെട്ടെന്ന് ഒടിഞ്ഞതു പോലെ തോന്നി. എത്ര സത്യസന്ധമായ ഒരഭിപ്രായമാണ് ആ ചെറുപ്പക്കാരൻ പറഞ്ഞത്. 

 

"പൂർവസൂരികളായ ആ അതുല്യ നടന്മാർ ചെയ്തതു പോലെയുള്ള കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള ആകാരവും സ്ക്രീൻ പ്രസൻസും ഉള്ള എത്ര പേരുണ്ട് സാറേ നമ്മുടെ അഭിനയക്കളരിയിൽ.  അതുകൊണ്ടാണ് ഞങ്ങളെപ്പോലെയുള്ളവർ ആകുന്നതും അച്ഛനമ്മമാരെയും അമ്മാവന്മാരെയുമൊക്കെ ഒഴിവാക്കി സിനിമ ചെയ്യുന്നത്".

 

sankaradi-2

ചെറുപ്പക്കാരൻ വാചാലനാകുന്നതു കണ്ടപ്പോഴാണ് പോയകാലത്തും പുതിയ കാലത്തുമുള്ളവരുടെ അഭിനയ ശൈലിയെ ഇഷ്ടപ്പെടുന്ന പല ചെറുപ്പക്കാരും ഇവിടെ ഉണ്ടെന്ന് എനിക്കു ബോധ്യമായത്. ആ ചെറുപ്പക്കാരൻ പോയിക്കഴിഞ്ഞപ്പോൾ ഞാൻ അല്പനേരമിരുന്ന് കൊട്ടാരക്കരയും, ശങ്കരാടിയും തിലകനും ഭരത്ഗോപിയും നെടുമുടിവേണുവുമൊക്കെ കയ്യാളിയ അഭിനയ കലയുടെ പ്രകാശ വര്ണങ്ങളിലേക്ക് ഒരെത്തി നോട്ടം നടത്തി. 

 

ആദ്യം എന്റെ മനസ്സിലേക്ക് കയറിവന്നത് ശങ്കരാടിച്ചേട്ടനാണ്. അച്ഛനായും, അമ്മാവനായും, കാര്യസ്ഥനായും രാഷ്ട്രീയക്കാരനായും എന്തിനു പറയുന്നു നായക പദവി ഒഴിച്ചുള്ള എല്ലാ വേഷങ്ങളും ചെയ്യാൻ കഴിവുള്ള ഇത്രയ്ക്ക് സ്വാഭാവികമായ അഭിനയം കാഴ്ച വയ്ക്കുന്ന ഒരു നടൻ മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ല എന്നു പറയാനാണ് എനിക്കിഷ്ടം. എന്റെ ഈ ഇഷ്ടത്തിന് ഒത്തിരി ഇഷ്ടക്കേടുള്ളവരും ഉണ്ടാവാം.  അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാവാം. 

 

എന്റെ കൗമാരത്തിലും യൗവ്വനത്തിലും നായക നടന്മാരുടെ സൗന്ദര്യവും, പ്രണയരംഗങ്ങളുമൊക്കെ കണ്ടു രസിച്ചിരിക്കുകയല്ലാതെ അവരുടെ അഭിനയപ്രകടനത്തിലേക്കൊന്നും എന്റെ ശ്രദ്ധ പോയിരുന്നില്ല. ആദ്യകാലത്ത് സത്യൻ ഒഴിച്ചുള്ള  ബാക്കി നടീനടന്മാരുടെയല്ലാം അഭിനയം അമിതാഭിനയമാണെന്നൊന്നും എനിക്കറിയില്ലായിരുന്നു.  ഇതാണ് അഭിനയം എന്നാണ് ഞാൻ കരുതിയിരുന്നത്.  ഞങ്ങൾ കൂട്ടുകാരൊന്നിച്ച് പോയി നായികാനായകന്മാരുടെ പ്രണയരംഗങ്ങളും നായകൻ വില്ലനെ ഇടിച്ചു നിലംപരിശാക്കുന്നതുമൊക്കെ കണ്ട് തൃപ്തിയടഞ്ഞിരുന്ന കാലത്തിൽ നിന്നും എന്നിൽ മാറ്റം വന്നത് ശങ്കരാടിച്ചേട്ടൻ അഭിനയിച്ച സത്യൻ പ്രധാന വേഷത്തിൽ അഭിനയിച്ച 'കരകാണാക്കടൽ' എന്ന സിനിമ കണ്ടപ്പോഴാണ്. 

 

സത്യന്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഈ ചിത്രത്തിൽ ജയഭാരതിയുടെ അച്ഛനായിട്ടാണ് ശങ്കരാടി ചേട്ടൻ വരുന്നത്.  ഉയരം കുറഞ്ഞ് കുറുകിയ അൽപം ചീർത്ത,  കാലിനു സ്വാധീനമില്ലാത്ത കഥാപാത്രമായിട്ടുള്ള അദ്ദേഹത്തിന്റെ വളരെ നാച്വറലായുള്ള അഭിനയം കണ്ടപ്പോഴാണ് അഭിനയം എന്നതു ഓവർ ആക്റ്റിങ് ആല്ല ബിഹേവിങ് ആക്റ്റിങ് ആണെന്ന് മനസ്സിലാക്കാൻ തുടങ്ങിയത്.  എത്ര സ്വാഭാവികതയോടെയാണ് അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗ് െഡലിവറിയും, പരിചരണ രീതിയുമൊക്കെ. 

 

വർഷങ്ങൾ അങ്ങനെ പലതു കടന്നുപോയപ്പോഴാണ് ഞാൻ ചിത്രപൗർണമി വാരികയുടെ പത്രാധിപരായി രംഗപ്രവേശനം ചെയ്തത്.  അങ്ങനെ സിനിമാ സെറ്റുകളിൽ കയറിയിറങ്ങാൻ തുടങ്ങിയപ്പോഴാണ് ശങ്കരാടി എന്ന നടനെ ഞാൻ ആദ്യമായി കാണുന്നത്.  മദ്രാസിലെ മുരുകാലയം സ്റ്റുഡിയോയിൽ വച്ചാണെന്നാണ് എന്റെ ഓർമ.  അന്ന് ചെറുതായിട്ടൊന്നു പരിചയപ്പെട്ടതല്ലാതെ ശങ്കരാടി എന്ന നടന്റെ അഭിനയത്തിന്റെ പ്രത്യേക ഭാവതലങ്ങളെക്കുറിച്ചൊന്നും അഭിനന്ദിക്കാൻ എനിക്ക് സമയം കിട്ടിയില്ല. 

sankaradi-3

 

പിന്നീട് അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാനായത് ആന്റണി ഈസ്റ്റുമാൻ സംവിധാനം ചെയ്ത ‘ഇണയെ തേടി’യുടെ ലൊക്കേഷനിൽ വച്ചാണ്. ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയുടെ ഒരു പ്രോജക്റ്റായിരുന്നത്. ശങ്കരാടിച്ചേട്ടൻ മാത്രമാണ് ആകെ ഒരു സിനിമാ നടനായി അതിലുണ്ടായിരുന്നത്.  സിൽക്ക് സ്മിതയും ബാക്കിയുള്ള എല്ലാവരും പുതുമുഖങ്ങളായിരുന്നു.  'ഇണയെ തേടി'ക്കു ശേഷം ആന്റണി ചെയ്ത 'വയലിലും' ശങ്കരാടിച്ചേട്ടന് നല്ല വേഷമാണ് കൊടുത്തത്.  ഞാൻ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമായിരുന്നതു കൊണ്ട് കൂടുതൽ സമയവും ലൊക്കേഷനിലായിരുന്നതുകൊണ്ട് ശങ്കരാടിച്ചേട്ടനുമായുള്ള സൗഹൃദത്തിന്റെ വ്യാപ്തി വളരാൻ തുടങ്ങി.  തുടർന്ന് ഞാൻ കഥ എഴുതി ജേസി സംവിധാനം ചെയ്ത 'അകലങ്ങളിൽ അഭയ'ത്തിലും എന്റെ തിരക്കഥയായ 'താറാവി'ലും ചന്ദ്രകുമാർ സംവിധാനം ചെയ്ത 'സംഭവ'ത്തിലുമൊക്കെ ശങ്കരാടിച്ചേട്ടന്റെ സാന്നിധ്യമുണ്ടായി. 

 

അന്ന് ശങ്കരാടിച്ചേട്ടന് ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായിരുന്നത് സംവിധായകൻ ജേസിയും സത്യൻ അന്തിക്കാടുമായിട്ടായിരുന്നു. ജേസിയുടെ സ്ഥിരം നടനായിരുന്നു ശങ്കരാടിയും എം.ജി. സോമനും.  എന്റെ തിരക്കഥയിൽ ജേസി സംവിധാനം ചെയ്ത ഒരു 'വിളിപ്പാടകലെ'യിൽ സുജാതയുെടെ അമ്മാവന്റെ വേഷമായിരുന്നു.  അദ്ദേഹത്തിന്റെ അഭിനയം കാണാൻ വേണ്ടി മാത്രം ഞാൻ ലൊക്കേഷനിൽ സ്ഥിരമായി പോകുമായിരുന്നു.  ഈ കാലഘട്ടത്തിലായിരുന്നു എന്റെ വിവാഹം.

 

വിവാഹത്തിന് സിനിമയിൽ നിന്ന് അധികമാരെയും ഞാൻ വിളിച്ചിരുന്നില്ല. ഞാൻ സിനിമയിൽ വന്നിട്ട് അധികനാളാകാത്തതുകൊണ്ട്  ജേസി, ശങ്കരാടി, ജോഷി, കൊച്ചിൻ ഹനീഫ, ജഗൻ അപ്പച്ചൻ, എസ്. എൻ. സ്വാമി എന്നിവരെ മാത്രമേ സിനിമയിൽ നിന്ന് ഞാൻ ക്ഷണിച്ചിരുന്നുള്ളൂ. കല്യാണത്തിന്റെ തലേന്ന് രാത്രിയിലുള്ള അത്താഴ ഊട്ടിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി ചേട്ടൻ കടന്നു വന്നത്.  ശങ്കരാടിച്ചേട്ടൻ വരുമെന്ന് ഞാൻ കരുതിയതല്ല. അദ്ദേഹത്തിന്റെ നർമത്തിൽ പൊതിഞ്ഞ സംസാരവും, ഹൃദ്യമായ പെരുമാറ്റവും കൊണ്ട് കല്യാണ വീട്ടിലുള്ള എല്ലാവരുടേയും മനസ്സില്‍ ശങ്കരാടിച്ചേട്ടന് പെട്ടെന്നൊരു സ്ഥാനം പിടിച്ചുപറ്റാൻ കഴിഞ്ഞു. 

 

പിറ്റേന്ന് രാവിലെ കല്യാണത്തിനും ശങ്കരാടിച്ചേട്ടൻ പള്ളിയിൽ എത്തിയിരുന്നു.  കൂടെ ജേസിയുമുണ്ടായിരുന്നു.  അവിടെ വച്ച് ശങ്കരാടിച്ചേട്ടൻ തന്റെ സവിശേഷ സാന്നിധ്യമറിയിച്ചു കൊണ്ട് എല്ലാവരിലും ചിരിയുണർത്തിയ രസകരമായ ഒരു സംഭവവുമുണ്ടായി. 

 

കല്യാണത്തിന് എല്ലാവരും പള്ളിയിൽ എത്തിയിട്ടുണ്ട്. കല്യാണച്ചെറുക്കനായ ഞാനും മണവാട്ടിയുമൊക്കെ അൾത്താരയുടെ മുമ്പിലായി രണ്ടു കസേരകളിലായി കെട്ടു കുർബാന തുടങ്ങാനായി തയാറായി ഇരിക്കുകയാണ്. പള്ളിയില്‍ നിറച്ച് ബന്ധുമിത്രാദികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്.  കല്യാണം കെട്ടിക്കുന്ന അച്ചൻ മറ്റൊരു പള്ളിയിൽ നിന്നാണ് വരേണ്ടത്. കെട്ടു കുർബാന തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും അച്ചനെ കാണുന്നില്ല. എന്താണ് അച്ചനെ കാണാത്തത്? എല്ലാവരും അക്ഷമരായി നിൽക്കുകയാണ്. പോരാത്തതിന് നല്ല ചൂടുമുണ്ട്. 

 

അപ്പോൾ ശങ്കരാടിച്ചേട്ടനും ജേസിയും കൂടി ഞങ്ങളിരിക്കുന്നിടത്തേക്ക് വന്നു.  ശങ്കരാടിച്ചേട്ടൻ എന്നെ നോക്കിയിട്ടു വളരെ സീരിയസായിട്ടു ചോദിക്കുകയാണ്. 

 

"എന്താടാ ഡെന്നീ അച്ചൻ വരാത്തത്. കല്യാണം നടത്താതിരിക്കാൻ പുള്ളിക്കു നിന്നോട് എന്തെങ്കിലും പൂർവ്വവൈരാഗ്യം വല്ലതുമുണ്ടോടാ. അച്ചൻ വന്നിട്ടില്ലെങ്കിൽ ഞാൻ വേണമെങ്കിൽ ളോഹയുമിട്ട് കയറി കെട്ടു നടത്തിത്തരാം. ഞാൻ ഒത്തിരി സിനിമകളില്‍ അച്ചനായിട്ടുള്ളതാ.  എനിക്കുമറിയാം അത്യാവശ്യത്തിനുള്ള ലാറ്റിൻ വേർഡുകളൊക്കെ. "  അതുകേട്ടു ഞാനടക്കം അവിടെ കൂടിയിരുന്നവരൊക്കെ പൊട്ടിച്ചിരിച്ചു പോയി. 

 

പള്ളിയ്ക്കകത്തെ ഈ ചിരി കേട്ടുകൊണ്ടാണ് അച്ചൻ വന്നത്.  ശങ്കരാടിച്ചേട്ടനെ കണ്ടപ്പോൾ അച്ചൻ അദ്ദേഹത്തിനടുത്തുപോയി കല്യാണം കെട്ടിക്കുന്ന കാര്യം മറന്ന് കുശലാന്വേഷണം തുടങ്ങി.  പിന്നെ ശങ്കരാടിച്ചേട്ടൻ ഓർമ്മിപ്പിച്ചപ്പോഴാണ് അൽത്താരയിൽ കയറി കല്യാണ കുർബാന നടത്തിയത്.  അതിന് ശേഷം ശങ്കരാടിച്ചേട്ടനും ജേസിയും ഭാര്യവീട്ടിൽ വന്ന് ഭക്ഷണമൊക്കെ കഴിച്ച് എന്നെയും ഭാര്യയെയും അനുഗ്രഹിച്ചിട്ടാണ് തിരിച്ചു പോയത്. 

 

ഇങ്ങനെയുള്ള നിർദോഷമായ തമാശകളും കുസൃതികളുമൊക്കെയുള്ള വളരെ നിഷ്കളങ്കനായ ഒരു കലാകാരനായിരുന്നു ശങ്കരാടിച്ചേട്ടൻ.  അൽപം മദ്യസേവയുള്ളതുകൊണ്ട്  കുറച്ചു ഓവറായിപ്പോയാൽ മനസ്സിലുള്ള ചില സത്യങ്ങളൊക്കെ വിളിച്ചു പറയുകയും ചെയ്യും. 

 

അങ്ങനെ ഒരു വിളിച്ചു പറച്ചിലിൽനിന്നുണ്ടായ ക്രിട്ടിക്കൽ സിറ്റുവേഷനിൽ നിന്നും അദ്ദേഹത്തെ രക്ഷിച്ചു കൊണ്ടു വരേണ്ട ഒരു അവസ്ഥാവിശേഷവും എനിക്കുണ്ടായിട്ടുണ്ട്. 

 

വർഷങ്ങൾക്കു മുൻപുള്ള ഒരു സായാഹ്നം.  എറണാകുളത്ത് പാർലമെന്ററി ഇലക്‌ഷൻ കഴിഞ്ഞ് കോൺഗ്രസ് സ്ഥാനാര്‍ഥിയായ സേവ്യർ അറയ്ക്കൽ ജയിച്ചതിന്റെ ആഹ്ലാദപ്രകടനങ്ങൾ നടക്കുകയാണ്. അപ്പോൾ എന്റെ ഒരു സിനിമയുടെ ഷൂട്ടിങ് ലോക്കേഷനിൽ നിന്ന് ശങ്കരാടിച്ചേട്ടൻ താമസിക്കുന്ന ഹോട്ടലിലേക്ക് ഞങ്ങൾ കാറിൽ വരികയാണ്. കലൂർ മാതൃഭൂമി പ്രസ്സിനടുത്തെത്തിയപ്പോഴാണ് സേവ്യർ അറയ്ക്കൽ ജയിച്ചതിന്റെ ആഹ്ലാദപ്രകടനവുമായി വലിയൊരു ജാഥ ആ വഴി വന്നത്.  അവർ ഇന്ദിരാഗാന്ധിയ്ക്കും സേവ്യർ അറയ്ക്കലിനും ജയ് വിളികളുമൊക്കെയായി വരുന്നതു കണ്ടപ്പോൾ മദ്യം അൽപം അകത്തു കിടക്കുന്നതു കൊണ്ട് ശങ്കരാടി ചേട്ടന് അതൊട്ടും രസിച്ചില്ല. 

 

ചേട്ടൻ കാറിന്റെ ഗ്ലാസ് താഴ്ത്തി ഇന്ദിരാഗാന്ധിക്ക് എതിരെയായി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വായ പൊത്തി തടയാൻ ശ്രമിച്ചെങ്കിലും ശങ്കരാടിച്ചേട്ടൻ അതൊന്നും കൂട്ടാക്കുന്നില്ല. ഇന്ദിരാഗാന്ധിയെ മോശം പറയുന്നതു കേട്ടു ജാഥക്കാർ കാറിനു ചുറ്റും കൂടി. ഞാൻ പെട്ടെന്നു തന്നെ ഗ്ലാസ് താഴ്ത്തിയെങ്കിലും ശങ്കരാടിച്ചേട്ടനുണ്ടോ വിടുന്നു. ജാഥക്കാർ ചേട്ടനെ പിടിച്ചിറക്കി മർദിക്കുമെന്ന അവസ്ഥയായപ്പോൾ ഞാൻ വല്ലാതെ ഭയന്നു. വല്ലാത്ത ഈ അന്തരീക്ഷത്തിൽ നിന്നും എങ്ങനെയാണു അദ്ദേഹത്തെ രക്ഷിക്കുക.  അവസാനം എന്തിനേറെ പറയുന്നു ഞാൻ എല്ലാ ദൈവങ്ങളേയും വിളിച്ചു സന്ദർഭോചിതമായി ഇടപെട്ടുകൊണ്ട് ഒരു കണക്കിനാണ് ശങ്കരാടി ചേട്ടന്‌ ഒരു പോറൽ പോലുമേൽക്കാതെ ഹോട്ടൽ റൂമിൽ കൊണ്ടു ചെന്നാക്കിയത്. 

 

അന്നു രാത്രി ഉറക്കം കഴിഞ്ഞ് ശങ്കരാടിച്ചേട്ടൻ ഉണർന്നപ്പോൾ അതിരാവിലെ എനിക്ക് ഫോൺ ചെയ്തു. 

 

"എടാ ഡെന്നി എന്താടാ ഇന്നലെ സംഭവിച്ചിത്. നീയില്ലായിരുന്നെങ്കിൽ എന്റെ പൊടി പോലും കാണില്ലായിരുന്നു. മദ്യം ഒരു മോശം സാധനമാണല്ലോടാ. ബ്ലഡി  ഇന്ത്യൻ ലിക്വർ. "  അവിടെയും ചേട്ടൻ നർമത്തിന്റെ പൊടി വിതറി.  നല്ല വിദ്യാഭ്യാസവും വിവരവും കലാബോധവും രാഷ്ട്രീയ പാരമ്പര്യവുമൊക്കെയുള്ള നല്ലൊരു മനസിന്റെ ഉടമയായിരുന്നു ശങ്കരാടിച്ചേട്ടൻ. 

 

അതിന് െചറിയ ഒരു ഉദാഹരണം പറയാം. 

 

എംടി യുടെ 'നിര്‍മാല്യ'ത്തിൽ പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിന്റെ വേഷത്തിൽ അഭിനയിക്കാൻ എംടി ആദ്യം വിളിച്ചത് ശങ്കരാടിച്ചേട്ടനെയാണ്.  ആ കഥാപാത്രം കേട്ടപ്പോൾ തന്നെ അദ്ദേഹത്തിനു തോന്നി തന്നെപ്പോലെ തണ്ടും തടിയുമുള്ള ഒരു കുറുകിയ നടൻ ചെയ്യേണ്ട വേഷമല്ലെന്ന് എംടിയോടു പറഞ്ഞിട്ട് പി.ജെ. ആന്റണിയെ സജസ്റ്റ് ചെയ്തത് ശങ്കരാടിച്ചേട്ടനാണ്.  പിജെയ്ക്ക്  ഭരത് അവാർഡ് നേടി കൊടുത്ത വേഷം യാതൊരു ദാക്ഷിണ്യവുമില്ലാതെ മറ്റൊരു നടന്റ ഉള്ളം കൈയ്യിൽ വച്ചു കൊടുക്കാൻ ശങ്കരാടിച്ചേട്ടനല്ലാതെ മറ്റേതൊരു നടനാണ് കഴിയുക. 

 

സിനിമയിൽ ശത്രുക്കളൊന്നുമില്ലാത്ത ഒരു നടനായിരുന്നു ശങ്കരാടിച്ചേട്ടൻ. എല്ലാവർക്കും ശങ്കരാടിച്ചേട്ടൻ മിത്രമായിരുന്നു.  ജേസി കഴിഞ്ഞാൽ പിന്നെ സത്യൻ അന്തിക്കാടായിരുന്നു ചേട്ടന്റെ ഏറ്റവും അടുത്ത ആത്മസുഹൃത്ത്.  സത്യൻ അന്തിക്കാടിന്റെ പ്രണയ വിവാഹം നടത്തിക്കൊടുക്കാനായി അതിന്റെ സൂത്രധാരനായി നിന്നത് ശങ്കരാടിച്ചേട്ടനായിരുന്നു. സത്യന്റെ ഒരു സിനിമയിലേക്കും ശങ്കരാടിച്ചേട്ടനെ അഭിനയിക്കാൻ വിളിക്കേണ്ട ആവശ്യമൊന്നുമില്ല. പടം തുടങ്ങുമ്പോള്‍ ആള് ലൊക്കേഷനിൽ എത്തും.  ശങ്കരാടിച്ചേട്ടന് കൊടുക്കേണ്ടവേഷം സത്യൻ നേരത്തെ തന്നെ കണ്ടുവച്ചിട്ടുണ്ടാകും. ഷൂട്ടിങ് അടുക്കാറായെന്നു അറിയുമ്പോൾ സത്യന് ചേട്ടന്റെ ഒരു വിളി വരും. 

 

‘സത്യാ എന്നാ പടം തുടങ്ങുന്നത്, ങാ അതെയോ അപ്പോൾ ഞാൻ 20 ആം തീയതി അങ്ങ് എത്താം.’ ചോദ്യവും ഉത്തരവും കോൾഷീറ്റുമൊക്കെ ചേട്ടൻ തന്നെയാണ് തീരുമാനിക്കുന്നത്. അത് അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ പുനർ വായനയാണ്. 

 

ഇന്ന് ശങ്കരാടിച്ചേൻ നമ്മളോടൊപ്പമില്ല. അദ്ദേഹം ചെയ്യേണ്ടതായ വേഷങ്ങൾ ചെയ്യാൻ പറ്റിയ നടന്മാരില്ലാത്തതുകൊണ്ടാണ് നല്ല അച്ഛനേയും അമ്മാവനേയും കാര്യസ്ഥനേയും ഒന്നും സൃഷ്ടിക്കാൻ പുതിയ തലമുറക്കാരും തയ്യാറാവാത്തത്. 

 

(തുടരും...)

 

ജഗതി ശ്രീകുമാർ എന്ന "അമ്പിളിക്കല"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com