ADVERTISEMENT

ഒരു സുഹൃത്തു മൂന്നു ചെറിയ വിഡിയോ ക്ലിപ്പുകൾ അയച്ചുതന്നു. മൂന്നും വന്നതും വരാനിരിക്കുന്നതുമായ സിനിമകളിലെ ക്ലിപ്പുകളാണ്. എല്ലാം ന്യൂജൻ കക്ഷികളുടേത്. രണ്ടു പേർ‍ ആദ്യമായി സിനിമ ചെയ്യുന്നവരാണ്. ഒരാൾ ഒരു സിനിമ ചെയ്ത ആളും. സിനിമ സമൂഹമാധ്യമങ്ങളിൽ വൻ ആഘോഷമായിരുന്നുന്നെങ്കിലും ജനം കണ്ടില്ല.

 

മൂന്നു ക്ലിപ്പിലും ഉള്ളതു കഥാപാത്രങ്ങൾ തെറി വിളിക്കുന്നതാണ്. സാധാരണ അധികം ഉപയോഗിക്കാത്ത തെറി. ചീത്ത വാക്ക് എന്ന ഗണത്തിൽ പെടുത്താവുന്നതിലും കടുപ്പമേറിയത്. ഒന്നിൽ സ്ത്രീ തെറി വിളിക്കുന്നു, ബാക്കി രണ്ടിലും പുരുഷൻ സ്ത്രീയെ തെറി വിളിക്കുന്നു. സിനിമയിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതു പുതുമയല്ല. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടുന്നില്ല.

 

തെറി ചേർത്താലും പച്ചയ്ക്കു കാര്യം പറഞ്ഞാലും ലിജോ ജോസ് പെല്ലിശ്ശേരി വിഭാഗത്തിൽപെട്ട സിനിമയാകുമെന്നാണു ന്യൂജെൻകാരുടെ പലരുടേയും വിശ്വാസമെന്ന് ഈ അസ്ഥാനത്തെ തെറി കേട്ടാൽ വ്യക്തമാണ്. ലിജോ ജോസിനെ നിങ്ങൾ തെറിയിൽ ചുരുട്ടി കൂട്ടരുത്. ലിജോയെ കാണേണ്ടതു ആമേൻ എന്ന സിനിമവച്ചാണ്. 9 വർഷം മുൻപു ലിജോ അത്തരമൊരു സിനിമ ആലോചിക്കുകയും എടുക്കുകയും ചെയ്തു. തുടക്കക്കാർ പിടിക്കേണ്ടത് അവിടെയാണ്.അല്ലാതെ ലിജോ വിളിച്ച തെറികളിലല്ല. നായകൻ എന്ന മോശമല്ലാത്ത സിനിമ സംവിധാനം ചെയ്തു 3 വർഷം കഴിഞ്ഞാണു ആമേൻ സൃഷ്ടിക്കുന്നത്. രണ്ടു വർഷം വേറെ ഒന്നും ആലോചിച്ചിട്ടില്ല.

 

ആമേൻ ചെയ്ത ലിജോയെ ചെയ്തതുപോലെ ചെയ്യാനാകുമോ എന്നതാണു ചോദ്യം. അല്ലാതെ ചുരുളി മാത്രം ചെയ്ത ലിജൊയെ അനുകരിക്കുകയല്ല വേണ്ടത്. അസാമാന്യ കഴിവുകളുള്ളൊരു ഫിലിം മേക്കർക്കേ ചുരുളിപോലുള്ളൊരു സിനിമ ചെയ്യാനാകൂ. കാരണം അയാൾക്കു മാർക്കറ്റുണ്ട് പൊട്ടിയാലും പിടിച്ചു നിൽക്കാനുള്ള കരുത്തും ചെമ്പുമുണ്ട്. ഇതൊന്നുമില്ലാതെ നേരെ ചുരുളിയെ മനസ്സിൽ ധ്യാനിച്ചു സിനിമ തുടങ്ങുന്നതു ബുദ്ധിക്കുറവുള്ള ജീവികളായതുകൊണ്ടാണ്. 

 

ക്രാഫ്റ്റ് അറിയുന്നവൻ ചുരുളിയും അതിന്റെ അപ്പുറവും എടുക്കും. ചുരുളിയിലെ തെറി അസഹ്യമെന്നു പറയുന്നവരും അതിലെ സീനുകളുടെ ഭംഗിയും തിരക്കഥയുടെ മുറുക്കവും സമ്മതിച്ചു കൊടുക്കും. അതെല്ലാം നല്ല തച്ചൻ മാത്രം പണിത മരമാണ്. മരം കൊത്തികൾ ഉണ്ടാക്കിയതല്ല. തെറി കൂട്ടി പറഞ്ഞതുകൊണ്ടുമാത്രം സിനിമ രക്ഷപ്പെടില്ല. രക്ഷപ്പെടണമെങ്കിൽ ആദ്യം ആമേ‍ൻ ചൊല്ലണം. അല്ലെങ്കിൽ അവരുടെ ഗുരുത്വം സ്വീകരിച്ചു ദക്ഷിണ വയ്ക്കണം. ഇതു നല്ല വണ്ണം പഠിച്ചു ചെയ്യേണ്ട പണിയാണ്. അതില്ലാത്തതുകൊണ്ടാണു പല ചുരുളികളും ആദ്യ സിനിമയ്ക്കു ശേഷം ചുരുട്ടികെട്ടുന്നത്. പുകച്ചതുകൊണ്ടും കട്ടൻ അടിച്ചതുകൊണ്ടും മാത്രം കാര്യം നടക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com