ADVERTISEMENT

ഉളുപ്പ് എന്നൊരു മലയാള വാക്കുണ്ട്. അധികം ഉപയോഗിക്കാത്ത വാക്കാണത്. കാരണം, അത്ര വേണ്ടിവരാറില്ല. എന്താണീ ഉളുപ്പെന്നു പറഞ്ഞു മനസ്സിലാക്കുക പ്രയാസമാണ്. അതു കണ്ടും അനുഭവിച്ചും അറിയേണ്ടതാണ്.

കെപിഎസി ലളിതച്ചേച്ചിയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലേക്കു കൊണ്ടു വരുന്നതിനു മുൻപു തൃശൂർ സംഗീത നാടക അക്കാദമി ആസ്ഥാനത്ത് ഇറക്കിക്കിടത്തി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ആർക്കും ഈ വാക്കിന്റെ അർഥം മനസ്സിലാകും. മൃതദേഹം കിടത്തിയത് അക്കാദമിയുടെ റീജനൽ തിയറ്ററിലേക്കു കയറുന്ന സ്ഥലത്താണ്. വരാന്ത എന്നു വേണമെങ്കിൽ പറയാം. തിയറ്ററൊരു വീടാണെങ്കിൽ അതു വരാന്തയാണ്.

മൃതദേഹം എത്തുന്നതിനു വളരെ മുൻപുതന്നെ അവിടെ ഇടി തുടങ്ങി. ലളിതച്ചേച്ചിയെ കിടത്തുന്നതിനു തൊട്ടടുത്തു സ്ഥലം പിടിക്കാനാണ് ഇടി. വിവിധ പാർട്ടികളുടെ നേതാക്കൾ, സാംസ്കാരിക നായകരെന്നു തെറ്റിദ്ധരിപ്പിച്ചു നടക്കുന്നവർ, ഏതു കഞ്ഞിയും കുടിക്കാനെത്തുന്ന ചിലർ വേറെയും. ഈ തിരക്കിൽനിന്നെല്ലാം ഏറ്റവും പുറകിലായി രണ്ടു പേരുണ്ടായിരുന്നു.ഇന്നസന്റും സത്യൻ അന്തിക്കാടും. രണ്ടു പേർക്കും ലളിതയുമായി നാലു പതിറ്റാണ്ടിലേറെ നീളുന്ന ഇഴയടുപ്പമുള്ള ബന്ധമുണ്ട്. അവിടെ നിന്ന ഒരാൾക്കുപോലും ആ ബന്ധമില്ലതാനും. മൃതദേഹം വന്നതോടെ ഇടിയുടെ പൂരമായി. പലരും റീത്തു വലിച്ചെറിയുന്നതുപോലെ മുന്നോട്ടായുന്നു. കലക്ടർ അടക്കമുള്ളവരെ തള്ളിപ്പുറത്താക്കുന്നു. ലളിതച്ചേച്ചിയുമായി ഒരാത്മബന്ധവുമില്ലാത്തവർ നടക്കുന്ന കോപ്രായത്തിന്റെ നിമിഷങ്ങൾ.

കെപിഎസി ലളിതയ്ക്ക് അക്കാദമിയുടെ ചെയർപഴ്സൻ എന്ന വിലാസം ആവശ്യമില്ല. അവർ അക്കാദമിയിലും വലുതാണ്. ജീവിതകാലം മുഴുവൻ തലയുയർത്തി നിന്ന, മഹാപ്രതിഭകൾക്കൊപ്പം സഹകരിച്ച നടി. തോപ്പിൽ ഭാസിയെയും ശ്രീകണ്ഠൻ നായരെയും പോലുള്ളവരെ അടുത്തറിഞ്ഞ പ്രതിഭ. മലയാളത്തിലെ കെ.എസ്.സേതുമാധവനടക്കം എത്രയോ വലിയവരുടെ പ്രതിഭ അടുത്തറിഞ്ഞ നടി. ശിവാജി ഗണേശനെപ്പോലുള്ളവരുമായി അടുപ്പമുണ്ടായിരുന്ന കലാകാരി. കെപിഎസി തന്നെ അക്കാദമിയിലും വലുതാണെന്ന് അതിന്റെ ചരിത്രം പഠിക്കുന്നവർക്കറിയാം. നൂറുകണക്കിനു കലാകാരന്മാർ പട്ടിണി കിടക്കുമ്പോൾ സ്വന്തം മതിലിൽ ചിത്രം വരയ്ക്കുന്നതുപോലുള്ള പരിപാടി സംഘടിപ്പിച്ച അക്കാദമികൾക്കു കെപിഎസിയുടെ ചരിത്രം വായിച്ചാൽ മനസ്സിലാകണമെങ്കിൽ ട്യൂഷനു പോകേണ്ടിവരും.

Funeral pyre prepped for the mortal remains of KPAC Lalitha. Photo: Russel Shahul
Funeral pyre prepped for the mortal remains of KPAC Lalitha. Photo: Russel Shahul

ലളിതച്ചേച്ചി വരാന്തയി‍ൽ കിടന്നു തിരിച്ചു പോകേണ്ടി ഒരാളായിരുന്നോ? അക്കാദമിക്ക് അതു മതിയെന്നു തോന്നാം. എന്നാൽ പുറത്തു കാത്തുനിന്ന നൂറുകണക്കിനാളുകൾക്ക് അതു തോന്നില്ല. റീജനൽ തിയറ്ററിന്റെ വാതിൽ തുറന്നു വേദിയിലേക്ക് ആ മൃതദേഹം വച്ചാൽ എന്തായിരുന്നു കുഴപ്പം? കാണാൻ വന്ന എല്ലാവർക്കും സമാധാനത്തോടെ ചേച്ചിയെ കാണാനും ആ മഞ്ചയിൽ തൊട്ടു തൊഴാനും കഴിയും. അവരുടെ ചുറ്റും ഇടിച്ചുനിന്നവരുടെ വീട്ടിലും എത്രയോ പേർ മരിച്ചു കാണും. അപ്പോഴെല്ലാം അവരെ കിടത്തിയിരുന്നതു വരാന്തയിലാണോ? അപ്പോഴെല്ലാം ഇതുപോലെ ഇടിച്ചു കുത്തി ഇവർ തലയ്ക്കും ഭാഗത്തുനിന്നിട്ടുണ്ടോ?

രക്തസാക്ഷികളുടെ മൃതദേഹം കൊണ്ടുവരുമ്പോൾ അങ്ങനെ പലതും സംഭവിക്കാം. കാരണം, അവിടുത്തെ വികാരവും അന്തരീക്ഷവും വേറെയാണ്. സമാധാനപൂർവം ചേച്ചിയെ കണ്ടു മടങ്ങാനുള്ള അവസരം ഇല്ലാതായത് അക്കാദമിയുടെ ആലോചനയില്ലായ്മ കൊണ്ടാണ്. വേദിയിൽ ജീവിച്ചു മരിച്ച അവരെ യാത്രയാക്കേണ്ടതു വേദിയിൽവച്ചുതന്നെയായിരുന്നു. ഇങ്ങനെ ഇടിക്കാതെ വരിയായി മര്യാദയ്ക്കുനിന്നു കണ്ടുപോകാനുള്ള സംസ്കാര സാഹചര്യവും സൗകര്യവും ഒരുക്കേണ്ടത് അക്കാദമിയായിരുന്നു. പൊലീസിനെ ഉപയോഗിച്ചല്ല അതു ചെയ്യേണ്ടത്.

ചാനലുകാരും ഫൊട്ടോഗ്രഫർമാരുമാണു തിരക്കുണ്ടാക്കിയതെന്നു പറയുന്ന ബുദ്ധിജീവികളുണ്ട്. ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള കോടിക്കണക്കിനാളുകളിലേക്ക് ഈ നിമിഷങ്ങൾ എത്തിക്കുന്നത് അവരാണ്. അവർക്കു മാന്യമായ സൗകര്യമൊരുക്കേണ്ടത് അക്കാദമിയാണ്. അല്ലാതെ അവരെ ഇടിക്കാനുള്ള സ്ഥലത്തു കയറ്റിവിടുകയല്ല വേണ്ടത്. മുഖം ചാനലിലും പത്രത്തിലും വരാനായി ഇടിക്കുന്നവരോടു ചോദിക്കേണ്ടത് നിങ്ങൾക്ക് അവരുമായി ഉണ്ടായിരുന്ന അടുപ്പം എന്താണെന്നാണ്. പിൻനിരയി‍ൽ വേദനയോടെ ഇരുന്ന ഇന്നസന്റിനും സത്യനുമുണ്ടായ നഷ്ടമൊന്നും ഇവർക്കുണ്ടായിട്ടില്ലല്ലോ.

kpac-lalitha-career

ലളിതച്ചേച്ചിയുടെ മകളെയും മകനെയും ഇടി കൂടിയതിനാൽ തൊട്ടടുത്ത മുറിയിലേക്കു മാറ്റി. അവിടെ പോയാണ് ഇന്നസന്റും മറ്റും കണ്ടത്. ഭൂമിയിൽനിന്നു വിട്ടുപോകുന്നതുവരെ അമ്മയുടെ അടുത്തിരിക്കാൻ ആ കുട്ടികൾക്ക് ആഗ്രഹമുണ്ടാകും. അതിനു സൗകര്യം ചെയ്തു കൊടുക്കേണ്ടവർ ഇടിച്ചു കുത്തിയാണു മൃതദേഹത്തിനടുത്തെത്തിയത്. ഐ.എം.വിജയന്റെയും സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെയും കൈക്കരുത്തുകൊണ്ടു മാത്രമാണ് കുട്ടികൾക്ക് മൃതദേഹത്തിനടുത്തെത്താനായത്. ഇവർ കടക്കട്ടെയെന്ന് ഇരുവരും പറയുന്നതു കേൾക്കാമായിരുന്നു.

ഒഴിഞ്ഞു കിടക്കുന്നൊരു വേദി തൊട്ടു പുറകിൽ ഉണ്ടായിട്ടും ഇടിയുടെ ചെറിയൊരു ഇടത്തിൽ ലളിതച്ചേച്ചിയെ യാത്രയാക്കിയത് അതു കണ്ട ആരേയും വേദനിപ്പിക്കും; പടത്തിൽ വരാനായി ഇടിച്ച സാംസ്കാരിക ഗുസ്തിക്കാരെയൊഴികെ. ഉളുപ്പ് എന്ന വാക്കിനർഥം ആ വിഡിയോ കണ്ടാൽ മനസ്സിലാകും. ലളിതച്ചേച്ചിക്ക് ഇതൊന്നും പ്രശ്നമല്ല. കാരണം,ഇതിലും എത്രയോ വലുത് അനുഭവിച്ചാണ് അവർ ജീവിച്ചത്. അതിലും വലുതല്ലോ ഈ ഇടി. ഇനിയെങ്കിലും, സമാധാനത്തോടെ മരിച്ചു കിടക്കാനുള്ള അവകാശം ഓരോരുത്തർക്കും നൽകണം. അവിടെയെങ്കിലും ഇടിക്കാതിരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com