ADVERTISEMENT

അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നടി സീമ ജി. നായര്‍. അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിഷമഘട്ടങ്ങളിലെല്ലാം ഇവര്‍ക്കൊപ്പം സീമയുമുണ്ടായിരുന്നു. ഇപ്പോഴിതാ സീമ ജി. നായർ നടത്തിയ ചില വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. ശരണ്യയുടെ വീട് തന്റെ പേരിലാണെന്നും സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറാണ് ചികിത്സാ കാര്യങ്ങൾക്കായി നൽകിയെതന്നും വരെ ആരോപണങ്ങൾ ഉണ്ടായെന്ന് സീമ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

 

‘ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങൾ എനിക്കു നേരെയുണ്ടായി. നല്ല വിഷമം തോന്നി. ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്പരല്ല ഒരിടത്തും കൊടുത്തിരുന്നത്. ഒരു കാര്യത്തിനും ഞാന്‍ എന്റെ ബാങ്ക് ഡീറ്റെയിൽസ് കൊടുക്കാറില്ല. ആരാണോ ആവശ്യക്കാര്‍ അവരുടെ വിവരങ്ങളാണ് നൽകുക. ശരണ്യയുടെ കാര്യത്തിലും അങ്ങനെയായിരുന്നു. ജനങ്ങൾ പണം അയച്ചത് ശരണ്യയുടെ അക്കൗണ്ടിലേക്കാണ്. അവരാണ് പണം ഉപയോഗിച്ചിരുന്നതും. എത്ര രൂപ വന്നു, എത്രയായി അതൊന്നും ഞാൻ തിരക്കിയിട്ടില്ല. അതൊന്നും ഞാന്‍ അറിയേണ്ട കാര്യവുമില്ല. 

 

ചിലർ പറഞ്ഞത്, ശരണ്യയുടെ വീടിന്റെ പവർ ഓഫ് അറ്റോർണി ഞാൻ കയ്യിൽ കൊണ്ടു നടക്കുകയാണെന്നാണ്. ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിലാണ് എഴുതിച്ചതെന്നായിരുന്നു മറ്റൊരു കഥ. അത് അറിഞ്ഞപ്പോൾ ശരണ്യ പറഞ്ഞത്, ‘ആധാരം കാണിച്ച് ഒരു വിഡിയോ ഇടാം. ചേച്ചിക്കുട്ടി വിഷമിക്കേണ്ട’ എന്നാണ്. നെഞ്ചിനെ കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് എനിക്ക് കിട്ടിയത്. ഇതിനൊക്കെ എന്താണ് മറുപടി പറയുക. ഇങ്ങനെയൊക്കെ എന്തെങ്കിലും പറഞ്ഞ് സന്തോഷിക്കുക എന്നത് ചിലരുടെ വിനോദമാണ്...എല്ലാവരും എന്നെ ആരോപണ വിധേയരാക്കിയില്ലെന്നത് സന്തോഷം.

 

എന്നെക്കൊണ്ടാകുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും. അതിനിടെ ഇത്തരം വേദനകളും ആരോപണങ്ങളുമൊന്നും ഞാൻ പരിഗണിക്കുന്നില്ല. ഈ മനുഷ്യജീവിതത്തിന്റെ ഏക നേട്ടം ഇതൊക്കെയാണല്ലോ.’–സീമ ജി. നായർ പറഞ്ഞു.

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com