ലളിതചേച്ചിയില്ലാത്ത വീട്ടിൽ വീണ്ടും...
Mail This Article
സദ്യ എന്നും സന്തോഷമുള്ള കാര്യമാണ്. എരുവിലൂടേയും പുളിയിലൂടേയും മാറി മാറി മധുരത്തിൽ അവസാനിക്കുന്ന സന്തോഷം. ചോറിന് ഇത്രയേറെ രുചിയുണ്ടോ എന്നുപോലും തോന്നിപ്പോകുന്ന സമയം. എന്നാൽ കഴിഞ്ഞ ദിവസം സദ്യ കഴിച്ചു കഴിഞ്ഞിട്ടും രുചിയേക്കുറിച്ചു ആലോചിക്കാനേ തോന്നിയില്ല. സദ്യയുടെ കുഴപ്പംകൊണ്ടല്ല. രുചി അറിയണമെങ്കിൽ മനസ്സുകൂടി വേണമെന്നു മനസ്സിലായ നിമിഷങ്ങൾ. സത്യത്തിൽ ഓരോ പിടി വാരി ഉണ്ണുമ്പോഴും എവിടെയോ ഒരു വേദനയുണ്ടായിരുന്നു.
ലളിത ചേച്ചിയുടെ (കെപിഎസി) മരണ അടിയന്തര ചടങ്ങിനു പോയപ്പോൾ ഊണു കഴിക്കേണ്ടി വന്നു. പല തവണ ഭക്ഷണം കഴിച്ച വീടാണത്. വേണ്ടത്ര സ്നേഹം തിരിച്ചു കൊടുത്തില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്രയും കളങ്കമില്ലാത്ത കുടുംബത്തിനു പുറത്തുനിന്നു സ്നേഹിക്കുന്നവർ കുറവാണ്. ലളിത ചേച്ചി കാണുമ്പോഴെല്ലാം വീട്ടിലെ ഒരാളെ കാണുന്നതുപോലെയായിരുന്നു.
തൃശൂർ ലുലുവിൽ ഒരിക്കൽ ലളിത ചേച്ചി അവിടെ കല്യാണത്തിനു വന്നിട്ടുണ്ടായിരുന്നു. ഏതോ ബന്ധുവിന്റെ കല്യാണമാണ്. ഹോട്ടലിൽ വച്ചു കണ്ടപ്പോൾ ചോദിച്ചു,
നീ ഊണു കഴിച്ചോ...
ഇല്ല...
വാ, കഴിക്കാം
ചേച്ചി , ഇവരെ ഞാനറിയില്ല. ക്ഷണിച്ചിട്ടുമില്ല..
ഞാനറിയും. ഞാൻ ക്ഷണിച്ചു...
അതിലപ്പുറം ചോദ്യങ്ങൾ പാടില്ല. സദ്യ വിളമ്പിക്കൊണ്ടിരിക്കുമ്പോൾ അറിയാതെ പറഞ്ഞു, ‘ചേച്ചി ഇവരെ ആരേയും ഞാനറിയില്ല. വിളിക്കാത്ത സദ്യയാണ് ഉണ്ണുന്നത്. ’
വിളമ്പുന്ന ഏതോ ബന്ധുവന്നപ്പോൾ ലളിത ചേച്ചി അയാളോടു പറഞ്ഞു, ‘ഇതു വിളിക്കാതെ വന്നയാളാണ്. എന്റെ വേണ്ടപ്പെട്ടയാളാണ്. വിളമ്പിക്കോളൂ. ’ വരുന്ന പലരോടും അതാവർത്തിച്ചു. കളിയാക്കുന്നതു ലളിത ചേച്ചി ആസ്വദിക്കുന്നുണ്ടായിരുന്നു.
‘മതി ചേച്ചി, എന്നെ ക്ഷണിച്ചിട്ടുണ്ട്’...
‘അതാണു നിന്നോടു പറഞ്ഞതു ഞാൻ വിളിച്ചാൽ അതിനപ്പുറമില്ലെന്ന്’... ആ ശബ്ദത്തിൽ സ്നേഹത്തിന്റെ അധികാരമുണ്ടായിരുന്നു.
വടക്കാഞ്ചേരിയിലെ വീട്ടിൽ എപ്പോഴോ എത്തിയപ്പോൾ ചോദിച്ചു ദോശ വേണോ എന്ന്. രാവിലെ ഉണ്ടാക്കിവച്ച തണുത്തു തളർന്ന ദോശ രണ്ടെണ്ണം വിളമ്പിത്തന്നു. രാവിലെ അരച്ച ചട്ണിയും. വിഭവത്തിനു സ്വാദുണ്ടാകുന്നതു സ്നേഹംകൊണ്ടാണെന്നു മനസ്സിലാക്കിയ നിമിഷങ്ങൾ. ആ ദോശയ്ക്കു വല്ലാത്തൊരു സ്വാദുണ്ടായിരുന്നു.
ഏതെങ്കിലും വേദിക്കരികിൽ നിൽക്കുമ്പോൾ പടവിറിങ്ങുന്ന സമയത്തു കൈ പിടിക്കാതിരുന്നാൽ ചോദിക്കും, തനിക്കെന്താണവിടെ പണിയെന്ന്. ചേച്ചി അഭിനയിച്ച എല്ലാ വേഷങ്ങളെക്കാളും മനോഹരമായിരുന്നു അടുത്തറിഞ്ഞ ഓരോരുത്തരും കണ്ട ചേച്ചി. ‘ഇവിടെ വാടാ’ എന്നു വിളിക്കുന്ന ശാസനയിൽപോലും വാത്സല്യമുണ്ടാകും. അടുത്തു വരുമ്പോൾ ലളിത ചേച്ചി വേണ്ടപ്പെട്ടവരെ കൈ നീട്ടി പിടിക്കുമായിരുന്നു. സംസാരിക്കുമ്പോൾ ആ കൈ കൈകൾക്കുള്ളിലാകും നമ്മുടെ കൈ.
കേരളത്തിന്റെ ചെറിയ അതിരുകൾക്കു പുറത്തായിരുന്നു ജനിച്ചതെങ്കിൽ ലളിത ചേച്ചി എവിടെ എത്തുമായിരുന്നു എന്നാലോചിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ ആദരിക്കുന്ന ഒരാളായി മാറുമായിരുന്നു. ലതാ മങ്കേഷ്ക്കർക്ക് ലഭിച്ച ഏത് ആദരം ലഭിക്കുമായിരുന്നു. എന്നാൽ ലളിത ചേച്ചിക്ക് അതിലൊന്നും ദു:ഖമില്ലായിരുന്നു. അതിലും അപ്പുറമായി അവർ ചേർന്നു നിൽക്കുന്നവരിൽ നിന്നു സന്തോഷം ഖനനം ചെയ്തെടുത്തു. നിർമാതാക്കളായ തകര ബാബുവും വി.ബി.കെ. മേനോനും ഈ ചടങ്ങിനെത്തിയിരുന്നു. ശാരീരികമായ യാത്രാ പ്രയാസമുണ്ടായിട്ടും ദൂരെനിന്ന് എത്തിയവർ. ഏതു അഭിനേതാവിനെ അന്വേഷിച്ചാണ് ഈ സമയത്ത് ഇത്രയും ദൂരെനിന്നും പ്രയാസവും സഹിച്ച് ആളുകൾ എത്തുക. 25 വർഷമെങ്കിലുമായി ഇവരുടെ സിനിമയിൽ ചേച്ചി അഭിനയിച്ചിട്ടുമുണ്ടാകില്ല. പുതിയ തലമുറയിലെ നിർമാതാവായ രഞ്ജിത്തും തിരുവനന്തപുരത്തുനിന്നു വന്നിരിക്കുന്നു. മകന്റെ പ്രായമേ കാണൂ. വരാതിരിക്കാനാകില്ല. അതായിരുന്നു ചേച്ചിയുടെ വാത്സല്യം.
അബോധാവസ്ഥയുടെ നാളുകളിൽ ഒരിക്കൽ ബോധം വന്നപ്പോൾ ലളിത ചേച്ചി സത്യൻ അന്തിക്കാടിനേയും നിർമാതാവ് സേതു മണ്ണാർക്കാടിനേയും വിളിച്ചു പറഞ്ഞു, ‘ഞാൻ വരുന്നുണ്ട്. പുതിയൊരു വിഗ്ഗു ശരിയാക്കിയിട്ടുണ്ടെന്ന്.’ അബോധാവസ്ഥയിൽപോലും ചേച്ചിയുടെ മനസ്സിൽ സിനിമയായിരുന്നിരിക്കണം.
തിരിച്ചു ഡ്രൈവു ചെയ്യുമ്പോൾ സത്യൻ അന്തിക്കാടു പറഞ്ഞു, ‘ഇനി ആ വീട്ടിൽ ലളിത ചേച്ചിയില്ല. ഭരതേട്ടനുമില്ല. കുട്ടികളും പോകുമായിരിക്കും. ഇനി നമുക്കീ വീട്ടിൽ വരേണ്ടി വരില്ല. ’ എത്രയോ തവണ ആ വീട്ടിൽനിന്നു വരുമ്പോൾ തിരിഞ്ഞു നോക്കിയിട്ടുണ്ട്. തൂണിൽ കൈവച്ചു അവിടെയൊരു മനോഹര രൂപമുണ്ടാകും. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല.