ADVERTISEMENT

ഒരു തലമുറയെങ്കിലും മുന്നിലായിരുന്നിട്ടും എന്തുകൊണ്ടോ 'ജോൺപോൾ' എന്നുതന്നെ വിളിച്ചു ശീലിച്ചു. അതിൽ ഒപ്പമുള്ളവർ പലപ്പോഴും അനിഷ്ടപ്പെട്ടു. പക്ഷേ അതിനെച്ചൊല്ലി അദ്ദേഹത്തിൽ വല്ല ഭാവഭേദമോ ഈർഷ്യയോ നീരസമോ ഞാൻ കണ്ടിട്ടില്ല. സംശയനിവാരണത്തിനായി നേരിട്ടുചോദിച്ചുനോക്കി. മറുപടി ഇങ്ങനെ വന്നു- 'ഈ ഭാരിച്ച ശരീരത്തെ സമാധാനിപ്പിക്കാനാണെങ്കിൽ മാറ്റി വിളിക്കാം. അതിനുള്ളിലെ മനസ്സിനെ ഇതൊന്നും ബാധിക്കില്ല. മലയാള സിനിമയിലെ പ്രതാപികളായ പലരെയും പേരു വിളിച്ചു സംസാരിക്കാനുള്ള ധൈര്യം ഞാൻ പണ്ടേ കാണിച്ചിട്ടുണ്ട്. ചിലർ അതിൽ അസ്വസ്ഥതകൊണ്ടു. വേറേ ചിലർ പിണങ്ങി, സൗഹൃദക്കൂടുകൾ തകർത്തുകളഞ്ഞു. അങ്ങനെയുള്ളവരുടെ ചെറിയ ഹൃദയങ്ങളെപ്പറ്റി വർണിക്കാൻ വലിയ വാക്കുകൾ ഉപയോഗിക്കാൻ ഞാൻ തയ്യാറല്ല. പെറ്റിനെസിനെ ജീവിതയാത്രയിൽ പല രൂപങ്ങളിലും നാം കണ്ടുമുട്ടും. ഞാൻ എല്ലാത്തിനെയും നേരിട്ടുകൊണ്ടിരിക്കുന്നു. അതിനുള്ള ശക്തി തന്നത് ഭാവനചെയ്യാനും എഴുതാനുമുള്ള സിദ്ധിയാണ്. എവിടെയും കൊണ്ടുനടക്കാൻ സാധിക്കുന്ന ആയുധം. ആരെയും കുത്തിയിടാൻ ഉദ്ദേശമില്ല, സ്വയരക്ഷയാണ് പ്രധാനം.'

 

ജോൺപോൾ ഇങ്ങനെ പ്രവഹിച്ചുകൊണ്ടേയിരുന്നു. വാക്കുകളുടെ വടിവുകളിലും ഘടനയുടെ കൃത്യതയിലും ചമയങ്ങളുടെ സ്വാഭാവികതയിലും സർവോപരി ഭാഷ നിർമിച്ച ശീതളസംഗീതത്തിലും ഞങ്ങൾ ലയിച്ചുനിന്നു. കഥകളിൽനിന്നു കഥകളിലേക്കുള്ള പകർന്നാട്ടം രസിച്ചുകേട്ടു. മലയാള സിനിമയുടെ ഗൃഹാതുരകാലം മുന്നിൽ പതുക്കേ ഇതൾവിടർന്നുവന്നു. അതിനിടെ ചോദ്യമുണ്ടായി, ‘പരിപാടി തുടങ്ങുന്നില്ലേ? യാതൊരു ലക്ഷണവുമില്ല, എവിടെ സംഘാടക പ്രമാണിമാർ? വല്ലതും നടക്കുമോ?' പെട്ടെന്നുള്ള ഭാവവ്യതിയാനം എന്നെ പരിഭ്രമത്തിലാക്കി. ഞാൻ നാലുപാടും കണ്ണോടിച്ചു. ഇരുട്ടു തിങ്ങുന്ന വലിയ ഹാളിൽ രണ്ടുവരി നിറയാൻപോലും വിദ്യാർഥികളില്ല. ക്യാമ്പസിൽ ഏതോ താരം വന്നുകയറിയിട്ടുണ്ട്. സകലരും  അതിനുപിന്നാലേ പോയിരിക്കുന്നു. അധ്യാപകരായി ഞങ്ങൾ നാലഞ്ചുപേരുണ്ടാവും. 'ജോൺപോൾ സാറിനെ കുറച്ചുനേരം പിടിച്ചുനിർത്തണം' എന്നു പറഞ്ഞുപോയവനെയും കാണാനില്ല. സത്യം വെളിപ്പെടുത്തിയപ്പോൾ ഞാൻ അകപ്പെട്ടിരിക്കുന്ന കെണിയുടെ മുറുക്കം ജോൺപോളിനും  മനസ്സിലായി.

 

'അതങ്ങനെ നടക്കട്ടെ. തൽക്കാലം നമുക്കു പിരിയാം. പരിഭവമൊന്നുമില്ല. എപ്പോൾ വേണമെങ്കിലും വരാമല്ലോ. ഞാനും ഒരു മഹാരാജാസുകാരനല്ലേ! ഇവിടുത്തെ ഋതുഭേദങ്ങൾ നിങ്ങൾ വിശദീകരിച്ചുതരേണ്ട. എനിക്കറിയാവുന്നതാണല്ലോ' എന്നൊക്കെ ജോൺപോൾ സാഹചര്യത്തെ ലഘൂകരിച്ചെങ്കിലും അകത്തെ അസ്വസ്ഥത മുഖത്തു വായിക്കാൻ കിട്ടി. അദ്ദേഹം ഇറങ്ങാൻ തുടങ്ങിയതേ ഏതാനും വിദ്യാർഥികളുമായി സംഘാടകർ തിടുക്കപ്പെട്ടുവന്നു. എല്ലാവരെയും ചേർത്തുവച്ചാലും അൻപതു തികയില്ല! എന്തു വേണം എന്ന വേവലാതിയിൽ ഞങ്ങൾ നിൽക്കേ, ജോൺപോൾ കസേരയിൽ അമർന്നിരുന്നു.

 

'ഏതായാലും വന്നുപോയില്ലേ, നമുക്കു തുടങ്ങാം. ഗ്യാലറികൾ നിറഞ്ഞുകവിഞ്ഞാൽ മാത്രമേ വാക്കുകൾ ചുരത്തുയുള്ളൂ എന്നില്ല. എനിക്കു പറയാനുള്ളത് പറഞ്ഞിട്ടുപോകട്ടെ. എംടി എഴുതിയിട്ടുണ്ട്, ഒരാൾപോലും കാണാനില്ലെങ്കിലും നിലവിളക്കിനുമുന്നിൽ കൂത്താടുന്ന ചാക്യാരെപ്പറ്റി. ഇവിടെ നിലവിളക്കില്ല. അതേ വ്യത്യാസമുള്ളൂ.' ജോൺ ചിരിച്ചു. അതോടെ അന്തരീക്ഷത്തിലെ പിരിമുറുക്കവും തെല്ലയഞ്ഞുകിട്ടി

 

സ്വാഗതംപോലെ രണ്ടുവരി പറയാമെന്നു കരുതി ഞാൻ എഴുന്നേറ്റു. 'ഉപചാരങ്ങൾ വേണ്ട' ജോൺപോൾ വിലക്കി. മൈക്കും ഒഴിവാക്കി. പതിയേ വളരുന്ന നദിയുടെ ഗതിയിൽ സംസാരിച്ചുതുടങ്ങി. പഴയതും പുതിയതുമായ ക്യാമ്പസിനെപ്പറ്റിയുള്ള സാമാന്യ അവലോകനം 'ചാമര'ത്തിൽ എത്തിച്ചേർന്നു. 

 

'ക്യാമ്പസിലെ മൂല്യവ്യവസ്ഥകൾ പൊതുസമൂഹവുമായി എപ്പോഴും കലഹിച്ചുകൊണ്ടിരിക്കും. അതങ്ങനെതന്നെ വേണം. ക്യാമ്പസുകളിലെ മൂല്യങ്ങൾ വിദ്യാർഥികൾ തീരുമാനിക്കേണ്ടതാണ്. അവയെ സ്വീകരിക്കാനും അംഗീകരിക്കാനും പൊതുസമൂഹം തുടക്കത്തിൽ സന്നദ്ധമാവുകയില്ല. അവരുടെ  സങ്കൽപ്പങ്ങൾക്കു ചെന്നുകയറാൻ സാധ്യമല്ലാത്ത സൗന്ദര്യമൊത്ത ഹൃദയബന്ധങ്ങൾ കാമ്പസുകളിൽ സാധ്യമാകും. അതിനെ കാമ്പസുകളുടെ സർഗാത്മകതയായി ഞാൻ മനസിലാക്കുന്നു. 'ചാമരം' പുറത്തുവന്നപ്പോൾ സമൂഹത്തിലെ സന്മാർഗവാദികൾ ചൊടിച്ചു. അതിൽ ലൈംഗിക അരാജകത്വം ചുമത്തി. നിർമാതാവുപോലും പതറിപ്പോയി. പക്ഷേ ഞാനും ഭരതനും മറിച്ചു ചിന്തിച്ചില്ല. അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള, സമൂഹം അനാശ്യാസമായി കരുതുന്ന ബന്ധത്തിലെ നിഗൂഢഭംഗി കാണാൻ ഭരതനു സാധിച്ചു. അവിടെ ഞങ്ങൾക്കുവേണ്ടി പ്രതിരോധനിര  ഒരുക്കുന്നതിൽ അന്നത്തെ ക്യാമ്പസുകൾ വഹിച്ച പങ്കിനെ ചരിത്രപരമായി വിലയിരുത്തേണ്ടതുണ്ട്. എന്നാൽപോലും സ്വാതന്ത്ര്യത്തെ സംബന്ധിച്ച ബോധത്തെ  വിപുലമാക്കിയ പുതിയ ക്യാമ്പസുകളിൽ ഇന്നും ഇന്ദുടീച്ചറും വിനോദും കെട്ടുകാഴ്ചയായി നിൽക്കുന്നില്ലേ! ഈ വൈരുധ്യത്തെ നിങ്ങൾ മഹാരാജാസുകാരെങ്കിലും തിരിച്ചറിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.'

 

ഇത്തരത്തിൽ ഒന്നരമണിക്കൂറോളം  ഒഴുകിനീങ്ങിയ വർത്തമാനത്തിലെ അവസാന വരികളിൽ ജോൺപോൾ ലേശം പതറിയോ?

 

'നിങ്ങളോടെല്ലാം നല്ല അസൂയ തോന്നുന്നുണ്ട്. ക്യാമ്പസിൽ ജീവിക്കാൻ കഴിയുന്നതില്പരം ഭാഗ്യമുണ്ടോ! ഇവിടെ ജരാനരകളില്ല, എന്നും നിത്യയൗവനംമാത്രം. ഞാൻ ഇതിൽനിന്നും എത്രയോ ദൂരെ നിൽക്കുന്നു.' 

 

അദ്ദേഹം എന്തോ മറച്ചുപിടിക്കാൻ ശ്രമിക്കുന്നതുപോലെ എനിക്കു തോന്നി.

 

ബിടിഎച്ചിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഞാൻ ചോദിച്ചു-

 

‘ചാമരം’ എത്രമാത്രം സത്യമാണ്?

 

'അതിൽ സത്യവിരുദ്ധമായി യാതൊന്നുമില്ല. അതുകൊണ്ടല്ലേ, വേറൊരാൾ എഴുതിയ കഥയാണെങ്കിലും തിരക്കഥയെഴുതാൻ എനിക്കു പ്രയാസമുണ്ടാകാതിരുന്നത്! അതിലെ വികാരിയച്ചനടക്കം ഓരോ കഥാപാത്രത്തെയും പല സന്ദർഭങ്ങളിലായി ഞാനും പരിചയപ്പെട്ടിട്ടുണ്ട്. ഭാവന ഒട്ടും വേണ്ടിവന്നിട്ടില്ല. യാഥാർഥ്യം അത്രയേറെ ലഭിച്ചു. ഞാൻ അറിയുന്ന ഇന്ദു ടീച്ചറും വിനോദും വേറേ വേറേ കോളജുകളിലായിരുന്നു. അടുപ്പം അവർ  രഹസ്യമാക്കി വച്ചില്ല. രണ്ടുപേരും നല്ല സഹൃദയരായിരുന്നു. 'ചാമര'ത്തിൽ  വിനോദ് മരണപ്പെടുകയാണ്. യഥാർഥത്തിലുള്ള വിനോദ് 'ചാമരം' പുറത്തുവന്നുകഴിഞ്ഞാണ് മരിച്ചത്. വർഷങ്ങൾക്കുശേഷം ഇന്ദുവിനെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽവച്ചു കാണാനിടയായി. അവർ പൂർണമായും തകർന്ന സ്ഥിതിയിലായിരുന്നു. ഞാൻ അടുത്തുചെന്നു സംസാരിച്ചെങ്കിലും ആകെ ഒരു വരിയേ അവർ പറഞ്ഞുള്ളൂ-

'കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു, നേരത്തേ കൊല്ലേണ്ടിയിരുന്നില്ല!' ആ നിമിഷം അവരുടെ കണ്ണുകളിൽ തുളുമ്പിയ നീർത്തുള്ളികൾ ഇപ്പോഴും എന്റെ ഹൃദയത്തിൽ വീണു പൊള്ളുന്നുണ്ട്. എഴുത്തുകാർക്കെല്ലാം നേരിടേണ്ടിവരുന്ന ശാപമാണത്. വിജയിച്ച പല സിനിമകളും ഇത്തരത്തിലുള്ള വലിയ ദുഃഖങ്ങൾ എനിക്കു തന്നിട്ടുണ്ട്.'

 

അന്നു പിരിഞ്ഞതിൽപിന്നെ ജോൺപോൾ പിന്നീടും പലകുറി  മഹാരാജാസിൽ വന്നുപോയി. അനുഭവകഥകളാൽ അലങ്കരിക്കപ്പെട്ട പ്രഭാഷണങ്ങളിലൂടെ  ക്യാമ്പസിനെ കൈക്കുമ്പിളിൽ എടുത്തുപിടിച്ചു. ഭാഷയുടെമേൽ ജോൺപോൾ പുലർത്തിയ സർവാധിപത്യത്തിനു സമാനതകളുണ്ടായിരുന്നില്ല. ഒരിക്കൽ മഹാരാജാസിലെതന്നെ നടുത്തളത്തിൽ സംഘടിപ്പിക്കപ്പെട്ട  സംവാദത്തിൽ സംസാരിക്കുന്നതിനിടെ സ്വയം പരിഹസിച്ചുകൊണ്ട് ജോൺപോൾ പറഞ്ഞ വാക്യം മനസിൽ തെളിഞ്ഞുവരുന്നു- 'ആളുകൾ വിചാരിക്കുന്നതുപോലെ ഈ തടി ദുർമേദസല്ല. എഴുതാത്തതും പറയാത്തതും പങ്കിടാത്തതുമായ നിരവധി കഥകൾ ഉള്ളിൽ കെട്ടിക്കിടന്നാണ് എനിക്കിത്രയും ശരീരഭാരമുണ്ടായത്.'

 

പ്രിയപ്പെട്ട ജോൺപോൾ, ഓർമകൾ അവസാനിക്കുന്നില്ല. നിങ്ങൾ പറഞ്ഞുകൊണ്ടിരുന്ന ജീവിതകഥകൾ പൂർത്തിയാക്കാൻ ഇനി വേറെയാരുണ്ട്! പ്രണാമങ്ങൾ.

 

 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com