ADVERTISEMENT

‘‘ജൂറി എനിക്ക് ജീവിതം തിരികെ തന്നു. ഞാൻ വളരെ സന്തോഷവാനാണ്’’ മുൻഭാര്യ ആംബർ ഹേഡുമായുള്ള നിയമപോരാട്ടത്തിൽ കോടതി വിധിക്കു ശേഷമുള്ള ജോണി ഡെപ്പിന്റെ പ്രതികരണമാണിത്. ലോകത്തിന് മുന്നിൽ സത്യം വെളിപ്പെടുത്തുക എന്നതാണ് ഈ കേസ് കോടതിയിൽ കൊണ്ടുവന്നതിന്റെ ലക്ഷ്യമെന്നും തന്റെ നിരപരാധിത്വം ലോകം മുഴുവൻ തിരിച്ചറിഞ്ഞുന്നുവെന്നും ഡെപ്പ് പറഞ്ഞു.

‘‘എന്റെയും എന്റെ കുട്ടികളുടെയും എന്നോട് അടുത്ത് നിൽക്കുന്നവരുടെയും ജീവിതം ആറ് വർഷം മുൻപ് പൊടുന്നനെ തകിടം മറിയുകയായിരുന്നു. വർഷങ്ങളായി എന്നെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത ചെയ്ത ആളുകൾ എനിക്കെതിരെ തിരിഞ്ഞു എല്ലാം ഇമചിമ്മുന്ന സമയത്തിനിടെ സംഭവിച്ചു.

വളരെ ഗുരുതരവും തെറ്റായതുമായ ആരോപണങ്ങൾ മാധ്യമങ്ങൾ മുഖേന എനിക്കെതിരെ ചുമത്തി, എനിക്കെതിരെ ഒരു കുറ്റവും തെളിയിക്കപ്പെടാൻ കഴിഞ്ഞില്ലെങ്കിൽപോലും വളരെ വിദ്വേഷകരമായ പ്രത്യാഘാതങ്ങളുടെ പ്രവാഹത്തിന് കാരണമായി. ഒരു നാനോ സെക്കൻഡിനുള്ളിൽത്തന്നെ ഈ ആരോപണങ്ങൾ ലോകമെമ്പാടും എത്തുകയും അത് എന്റെ ജീവിതത്തിലും കരിയറിലും കരിനിഴൽ വീഴ്ത്തുകയും ചെയ്തു.

ആറ് വർഷത്തിന് ശേഷം, കോടതി എനിക്ക് എന്റെ ജീവിതം തിരികെ നൽകിയിരിക്കുന്നു. കോടതിക്കു മുന്നിൽ ഞാനിപ്പോൾ നന്ദിയോടെ വിനയാന്വിതനായി നിൽക്കുകയാണ്. ഞാൻ അഭിമുഖീകരിക്കാൻ പോകുന്ന നിയമപരമായ തടസ്സങ്ങളുടെ ആഴവും വ്യാപ്തിയും അറിഞ്ഞുകൊണ്ട്, ഇത് എന്റെ ജീവിതത്തിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് നന്നായി മനസ്സിലാക്കിക്കൊണ്ടാണ് ഞാൻ ഈ കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. കാര്യമായ ആലോചനയ്ക്ക് ശേഷം മാത്രമാണ് അത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്.

അനന്തരഫലങ്ങൾ എന്തുതന്നെയായാലും സത്യം വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എന്റെ കുട്ടികളോടും എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഒടുവിൽ ഇതിനൊരു വിജയകരമായ പരിസമാപ്തിയുണ്ടായി എന്നറിയുമ്പോൾ എനിക്ക് സമാധാനം തോന്നുന്നു.

ലോകമെമ്പാടുനിന്നും എനിക്കായി പ്രവഹിച്ച സ്‌നേഹത്തിന്റെ കുത്തൊഴുക്കിലും വലിയ പിന്തുണയിലും ദയയിലും ഞാൻ തളർന്നുപോയിരിക്കുന്നു. എന്റെ അവസ്ഥയിലാകുന്ന ഏതൊരു സ്ത്രീക്കും പുരുഷനും സത്യം തുറന്നുപറയാനുള്ള ധൈര്യം ഈ വിധി വഴി ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരു ആരോപണവിധേയൻ പോലും മാധ്യമവിചാരണയോ സമൂഹ വിചാരണയോ നേരിടാൻ പാടില്ല എന്ന സന്ദേശം പകർന്നുനൽകുന്ന വിധിയായി ഇത് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എനിക്ക് ഈ വിധി നേടിത്തരാൻ സ്വന്തം സമയം ചെലവഴിച്ച ജഡ്ജിയുടെയും ജൂറിമാരുടെയും കോടതി ജീവനക്കാരുടെയും പൊലീസുകാരുടെയും ഷെരീഫുകളുടെയും മഹത്തായ പ്രവർത്തനത്തെയും നിയമം നടപ്പിലാക്കാൻ അസാധാരണമായി ജോലി ചെയ്ത അചഞ്ചലമായ നിയമസംഘത്തെയും ഞാൻ അഭിനന്ദിക്കുന്നു.

സത്യത്തിനുവേണ്ടി നിലകൊള്ളുന്നു.ഏറ്റവും മികച്ച ഒരു പുതിയ അധ്യായം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് പ്രതീക്ഷിക്കുന്നു.സത്യം ഒരിക്കലും നശിക്കുന്നില്ല. ’’–ജോണി ഡെപ്പ് കുറിച്ചു.

അതേസമയം, വിധി ​ഹൃദയം തകർത്തെന്നും തെളിവുകളുടെ കൂമ്പാരമുണ്ടായിട്ടും തനിക്ക് വിധി അനുകൂലമായില്ലെന്നുമായിരുന്നു ആംബർ ഹേഡിന്റെ പ്രതികരണം.

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായിരുന്നു കോടതി വിധി. 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണു വിർജീനിയ കോടതി ഉത്തരവിട്ടത്. ഡെപ്പിനെതിരെ ആംബർ ഹേഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്നിൽ അവർക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസിൽ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നൽകണം.

മൂന്നു ദിവസങ്ങളിലായി 13 മണിക്കൂറോളം നീണ്ട വാദങ്ങൾക്കു ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയിലാണ് ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറി പറഞ്ഞത്. അതേസമയം, ഹേഡ് നൽകിയ കേസിൽ ജോണി ഡെപ്പ് 20 ലക്ഷം ഡോളർ ഹേഡിന് നഷ്ടപരിഹാരം നൽകണമെന്നും കോടതിവിധിയിലുണ്ട്.

ആറാഴ്ച നീണ്ടുനിന്ന വിചാരണവേളയിൽ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനവും വധശ്രമവും ഉൾപ്പെടെ നിരവധി ഗുരുതര ആരോപണങ്ങൾ ആംബർ ഹേഡ് കോടതിയിൽ ഉന്നയിച്ചിരുന്നു. ഡെപ്പ് പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ആംബർ ഹേഡ് മൊഴി നൽകി. ജോണി ഡെപ്പിന്റെ ക്രൂരതകൾ വിവരിക്കുന്നതിനിടെ ആംബർ ഹെഡ് കോടതിമുറിയിൽ പലപ്പോഴും പൊട്ടിക്കരഞ്ഞിരുന്നു.

ഏതാനും വർഷത്തെ ഡേറ്റിങ്ങിനു ശേഷം 2015 ലാണ് ജോണി ഡെപ്പും ആംബർ ഹേഡും വിവാഹിതരായത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാരോപിച്ച് 2017 ൽ ഹേഡ് ഡെപ്പിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു.

2018 ൽ വാഷിങ്ടൻ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ താൻ ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹെഡ് എഴുതിയതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഗാർഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നും കരിയറിൽ വലിയ നഷ്ടങ്ങൾ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് താരം കേസ് ഫയൽ ചെയ്തത്. ഇതിനു പിന്നാലെ ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെഡും കേസ് ഫയൽ ചെയ്തു. ഡെപ്പ് തുടർച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബർ ഹേഡിന്റെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com