ടിപ്പ് ആയി നൽകിയത് 48 ലക്ഷം രൂപ; ഇന്ത്യൻ ഹോട്ടൽ ജീവനക്കാരെ ഞെട്ടിച്ച് ജോണി ഡെപ്പ്
Mail This Article
ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ അനുകൂല വിധി ലഭിച്ചത് ആഘോഷമാക്കുകയാണ് ഹോളിവുഡ് താരം ജോണി ഡെപ്പ്. സുഹൃത്തും ഗിറ്റാറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടനിൽ ഉല്ലാസയാത്ര നടത്തുന്ന ഡെപ്പ്, ബെര്‍മിങ്ഹാമിലെ ഇന്ത്യൻ ഭക്ഷണശാലയായ വാരണാസിയിൽ 48 ലക്ഷം രൂപയാണ് ടിപ്പായി നൽകിയിരിക്കുന്നത്.
ഇന്ത്യൻ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 48 ലക്ഷം രൂപ ഇരുവരും ചേർന്ന് ടിപ്പ് നൽകിയത്.
ജോണി ഡെപ്പ് ഹോട്ടലില്‍ വരുന്നുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ വിളി വളരെ യാദൃച്ഛികമായാണ് വന്നതെന്ന് വാരണാസി ഹോട്ടലിന്‍റെ ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.
ആരെങ്കിലും കളിയാക്കുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ജോണി ഡെപ്പിന്‍റെ സുരക്ഷാ സംഘം ഹോട്ടലില്‍ വന്ന് കാര്യങ്ങള്‍ പരിശോധിച്ചു. പിന്നാലെ ഹോട്ടല്‍ പൂര്‍ണമായും ജോണി ഡെപ്പിന് വേണ്ടി ബുക്ക് ചെയ്യുകയായിരുന്നു. ജോണി ഡെപ്പും കൂട്ടരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം ഭക്ഷണം പാഴ്സൽ വാങ്ങിക്കൊണ്ടുപോയെന്നും ഹുസ്സൈൻ പറഞ്ഞു.
മൂന്ന് മണിക്കൂറോളം അദ്ദേഹവും സുഹൃത്തുക്കളും ഹോട്ടലില്‍ ചെലവഴിച്ചു. ഹോട്ടല്‍ മാനേജരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും കുശലാന്വേഷണം നടത്തി. പ്രമുഖ ഗിറ്റാറിസ്റ്റായ ജെഫ് ബെക്കടക്കം 21 പേരാണ് ജോണി ഡെപ്പിനോടൊപ്പം ഉണ്ടായിരുന്നത്. ജോണി ഡെപ്പ് വളരെ മാന്യമായാണ് ഹോട്ടല്‍ ജീവനക്കാരോട് പെരുമാറിയതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.