ADVERTISEMENT

ഹോളിവുഡ് നടൻ ജോണി ഡെപ്പിന് ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി തിരിച്ചുവരാൻ ഡിസ്നി 301 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 2366 കോടി രൂപ) വമ്പൻ ഓഫർ നൽകിയതായി റിപ്പോർട്ട്. മുൻഭാര്യ ആംബർ ഹേഡ് ഡെപ്പിനെതിരെ ഗാർഹിക പീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ പരമ്പരയിലെ പുതിയ ചിത്രത്തിൽനിന്ന് ജോണി ഡെപ്പിനെ ഡിസ്നി നീക്കം ചെയ്തിരുന്നു. എന്നാൽ ഹേഡിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അത് കാരണം തന്റെ സൽപ്പേരിലും കരിയറിലും വലിയ ഇടിവുണ്ടായെന്നും ആരോപിച്ച് ഡെപ്പ് ഫയൽ ചെയ്ത കേസ് വിജയിച്ചതിനെത്തുടർന്നാണ് തങ്ങളുടെ ഫ്രാഞ്ചൈസിലേക്ക് ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി ഡെപ്പിനെ തിരികെകൊണ്ടുവരാനുള്ള ഡിസ്നിയുടെ നീക്കമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

വളരെ ഹൃദയസ്പർശിയായ ഒരു കത്തും സമ്മാനങ്ങളടങ്ങിയ ഒരു പെട്ടിയും പൂക്കളുമാണ് ജോണി ഡെപ്പിനു ഡിസ്‌നി അയച്ചതെന്നാണ് റിപ്പോർട്ടുകൾ. ജാക്ക് സ്പാരോ ആറാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായെന്നും ഡിസ്‌നിയോട് ക്ഷമിച്ച് ഇതിഹാസ കഥാപാത്രമായി ഡെപ്പ് മടങ്ങിവരുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാനനഷ്ടക്കേസിന്റെ വിധി വന്നതിനു ശേഷം, ഡെപ്പിന് ഇനി പൈറേറ്റ്സ് ഓഫ് ദ് കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ അഭിനയിക്കാനായേക്കുമെന്ന് ഡിസ്നിയുടെ മുന്‍ എക്സിക്യൂട്ടീവ് പറഞ്ഞിരുന്നു. ‘‘അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍വാധികം ശക്തിയിലേക്ക് തിരിച്ചുവരും. ജാക് സ്പാരോയായി ജോണി ഡെപ്പിനെ വീണ്ടും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഈ വിധി നല്‍കുന്നത്. ബോക്സ് ഓഫിസിലും ഈ മാറ്റം ഒരുപാട് ഗുണം ചെയ്യും’’– അദ്ദേഹം പറഞ്ഞു. 

 

ഹേഡിന്റെ പീഡനാരോപണ പരാതിയിൽ ഡിസ്‌നി മാത്രമല്ല, ‘ഫന്റാസ്റ്റിക് ബീസ്റ്റ്സ്’ ഫ്രാഞ്ചൈസിയിലെ ഗെല്ലർട്ട് ഗ്രിൻഡെൽ വാൾഡിന്റെ വേഷത്തിൽനിന്ന് വാർണർ ബ്രദേഴ്സും ഡെപ്പിനെ നീക്കം ചെയ്തിരുന്നു. പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ സംബന്ധിച്ച ചോദ്യം വിചാരണ വേളയിലും ഡെപ്പിന് നേരിടേണ്ടി വന്നിരുന്നു. 300 ദശലക്ഷം ഡോളർ ഡിസ്നി വാഗ്ദാനം ചെയ്താൽപോലും പൈറേറ്റ്സ് ഓഫ് കരീബിയനില്‍ ഡിസ്നിക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ നിങ്ങൾക്ക് കഴിയുമോ എന്നാണ് ഹേഡിന്റെ അഭിഭാഷകന്‍ എലെയ്ൻ ചാൾസൺ ബ്രെഡ്ഹോഫ്റ്റ് ചോദിച്ചത്. ഡിസ്നി ആഗ്രഹിച്ചാലും താനിനി മടങ്ങിവരാന്‍ സാധ്യതകളില്ലെന്ന സൂചനയാണ് അന്ന് ഡെപ്പ് നല്‍കിയത്. എന്നാൽ ഡിസ്‌നി ഇപ്പോൾ വാഗ്ദാനം ചെയ്ത തുക ഹേഡിന്റെ അഭിഭാഷകൻ പരാമർശിച്ച തുകയിൽനിന്ന് പത്തുലക്ഷം ഡോളർ കൂടുതലാണ് എന്നത് ശ്രദ്ധേയമാണ്.  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡെപ്പ് ചെലവഴിക്കുന്ന തുകയും ഉൾപ്പെടുത്തിയാണ് ഡിസ്നിയുടെ വാഗ്ദാനം. ഫ്രാഞ്ചൈസിയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഡെപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

ജോണി ഡെപ്പ് തന്നെ ഗാർഹിക പീഡനത്തിനിരയാക്കിയെന്ന് വാഷിങ്ടൻ പോസ്റ്റിലെ ലേഖനത്തിൽ ആംബർ ഹേഡ് ആരോപിച്ചത് തന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കി എന്നാരോപിച്ചാണ് ഡെപ്പ് അപകീർത്തി കേസ് ഫയൽ ചെയ്തത്. ആംബർ ഹേഡിനെ താൻ ഉപദ്രവിച്ചിട്ടില്ലെന്നും ഭാര്യയാണ് തന്നെ ഉപദ്രവിച്ചതെന്നും ഡെപ്പിനു തെളിയിക്കാൻ കഴിഞ്ഞു. അപകീർത്തിക്കേസിൽ ഡെപ്പിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഹേഡ് ഡെപ്പിന് 15 ദശലക്ഷം യുഎസ് ഡോളർ നഷ്ടപരിഹാരം നൽകാൻ ജൂറി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് ഡെപ്പിനെ ക്യാപ്റ്റൻ ജാക്ക് സ്പാരോയായി പൈറേറ്റ്സിലേക്ക് തിരികെ കൊണ്ടുവരാൻ ഡിസ്‌നി വമ്പൻ ഓഫറുമായി മുന്നോട്ടു വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com