ചെയ്തത് തെറ്റാണെങ്കിൽ അത് അംഗീകരിക്കാനുള്ള മനസ്സ് പ്രതാപിനുണ്ടായിരുന്നു: മേനക സുരേഷ്
Mail This Article
‘‘ആ മരണത്തെ അംഗീകരിക്കാൻ എനിക്കിപ്പോഴും പറ്റുന്നില്ല. എന്തെങ്കിലും അസുഖമുള്ളവർ ആണെങ്കിൽ അത് നമുക്ക് അത് ചിന്തിച്ചു മനസ്സിലാക്കാൻ പറ്റും. പക്ഷേ ഇതിപ്പോൾ പെട്ടെന്നുള്ള മരണമാണ്. അത് വളരെ സങ്കടകരമാണ്.’’–സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ പ്രതാപ് പോത്തന്റെ വിയോഗ വാർത്ത അറിഞ്ഞ നടി മേനക സുരേഷിന്റെ വാക്കുകളാണിത്. മനസ്സിൽ ഒന്നും ഒളിച്ചു വയ്ക്കാൻ കഴിയാത്ത ഒരു മനുഷ്യനായിരുന്നു പ്രതാപ് പോത്തനെന്ന് മേനക സുരേഷ് പറയുന്നു.
‘‘പ്രതാപ് പോത്തനെ ഞാൻ ആദ്യമായി കാണുന്നത് ഭരതൻ സാർ സംവിധാനം ചെയ്ത പ്രയാണം എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ ഡബ്ബിങ് സമയത്താണ്. അദ്ദേഹം എന്റെ അടുത്ത് വന്ന് ‘‘നീ ഡബ്ബ് ചെയ്യുന്നത് കണ്ടിട്ട് നിന്നെപ്പറ്റി ഭരതൻ സാറും സേതുമാധവൻ സാറും സംസാരിക്കുന്നുണ്ട്, കൺഗ്രാജുലേഷൻസ്, യു ആർ ഗോയിങ് ടു റൂൾ മലയാളം ഫിലിം ഇൻഡസ്ട്രി’’ എന്നു പറഞ്ഞു തോളത്തൊരു തട്ടും തട്ടി അദ്ദേഹം നടന്നു പോയി. മൈക്കിന്റെ മുന്നിൽ നിന്ന ഞാൻ അത് പറഞ്ഞതാരാണെന്ന് അറിയാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അദ്ദേഹം പോവുകയും ചെയ്തിരുന്നു. എന്റെ മറുപടി കിട്ടാൻ വേണ്ടിപോലും അദ്ദേഹം അവിടെ കാത്തു നിൽക്കാതെയാണ് അവിടെ നിന്നും പോയത്.
ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുമ്പോൾ സത്യത്തിൽ അദ്ദേഹം ആരാണെന്നോ സേതുമാധവൻ സർ ആരാണെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്താണ് കാര്യമെന്നും മനസ്സിലായില്ല. ഒരു തുടക്കക്കാരിയായ ഞാൻ ആരാണെന്ന് അദ്ദേഹത്തിനും അറിയാനിടയില്ല. പക്ഷേ അദ്ദേഹം ഡബ്ബിങിനിടയിൽ ഓടിവന്ന് എന്റെ അടുത്ത് അത് പറഞ്ഞപ്പോൾ എനിക്കും ഭയങ്കര സന്തോഷമായി. പിന്നീടൊരിക്കൽ ഭരതൻ സാറാണ് എന്നോട് പറഞ്ഞത് "പ്രതാപാണ് നിന്റെ അടുത്ത് വന്ന ഇക്കാര്യം പറഞ്ഞത്" എന്ന്. ബാക്കിയുള്ളവർ എന്നെ ഇക്കാര്യം അറിയിക്കുന്നതിന് മുമ്പേ അറിയിക്കണം എന്ന് ആഗ്രഹത്തിൽ ഓടി വന്ന് അദ്ദേഹം പറഞ്ഞതാണിതെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. പിന്നീട് പല പല സ്ഥലങ്ങളിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല.
ഞാനൊരു ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ഷോർട്ട് ഫിലിം ആണ് ‘ഇമ’. അതിൽ പ്രതാപ് പോത്തന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. അഞ്ചുവർഷത്തിനു മുൻപ് ആണത് ചെയ്തത്. ലിജോ എന്ന ഒരു പയ്യനാണ് അത് സംവിധാനം ചെയ്തത്. ഒരു കണ്ണില്ലാത്ത ആളുടെ വിഷമമാണ് അതിൽ ഞാൻ അഭിനയിച്ചിരിക്കുന്നത്. അന്ന് എന്റെ ഭർത്താവ് ആയി അഭിനയിച്ചത് പ്രതാപ് പോത്തനാണ്. ആദ്യമായിട്ടാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് എന്നൊരു തോന്നൽ പോലും എനിക്ക് ആ സെറ്റിൽ ഉണ്ടായിട്ടേയില്ല. ഒരുപാട് വർഷങ്ങൾക്കുശേഷം ഞാൻ അഭിനയിക്കുന്നതിന്റെ വിഷമവും എനിക്ക് ഉണ്ടായിരുന്നെങ്കിൽ പോലും അദ്ദേഹം അപ്പുറത്തെ സൈഡിൽ നിന്നത് കൊണ്ട് എനിക്ക് ആ ഒരു വിഷമവും അനുഭവിക്കേണ്ടി വന്നില്ല.
അന്ന് പക്ഷേ അദ്ദേഹം ആകെ വിഷമത്തിലായിരുന്നു. അത് ശരിയല്ല ഇത് ശരിയല്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എനിക്ക് ദേഷ്യം വരുന്നു എന്നും അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്നു. നിങ്ങൾ എങ്ങനെ ഇത്ര കൂൾ ആയി ഇരിക്കുന്നു എന്നൊക്കെ എന്നോട് ചോദിച്ചു. സംവിധായകൻ പറയുന്നത് എന്താണോ അത് അതേപോലെ ഞാൻ അഭിനയിക്കുന്നു എന്ന് ഞാൻ മറുപടിയും കൊടുത്തു. അപ്പോൾ ‘‘എന്റെ സ്വഭാവമിങ്ങനെയാണ്, എനിക്ക് വല്ലാതെ ദേഷ്യം വരുന്നു, എന്താണെന്നറിയില്ല’’ എന്ന് അദ്ദേഹം എന്നോട് പിന്നെയും പറഞ്ഞു. പിന്നെ കുറെയധികം കാര്യങ്ങൾ എന്നോട് സംസാരിക്കുകയും ചെയ്തു. കുറേ ആളുകളുടെ കാര്യം പറഞ്ഞ് ചിരിക്കുകയും ചെയ്തു. ഒരു സംവിധായകൻ ആയതുകൊണ്ടാവും ഷോട്ടുകളുടെ എണ്ണം കൂടുതൽ എടുക്കുമ്പോൾ അദ്ദേഹം അതേപറ്റി സംസാരിച്ചിരുന്നത്. ആ ഒരു മനസ്സ് ഉള്ളതു കൊണ്ടായിരിക്കും അദ്ദേഹം തന്നെ താൻ അഭിനയിക്കുന്നത് തെറ്റാണെന്ന് പറഞ്ഞതും എന്നു തോന്നുന്നു.
ഷൂട്ട് കഴിഞ്ഞപ്പോഴാണ് സത്യത്തിൽ അദ്ദേഹത്തെ വളരെ സന്തോഷവാനായി കണ്ടത്. സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ പറ്റിയില്ലെങ്കിലും ഈ ഷോർട്ട് ഫിലിമിൽ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചിട്ടാണ് അവിടെ നിന്നും പോയത്. ഡബ്ബിങ് കഴിഞ്ഞ് പടം റിലീസ് ആയതിനുശേഷം അദ്ദേഹത്തിന്റെ ഒരു മെസ്സേജ് എനിക്ക് വന്നു. ഈ ഷോർട്ട് ഫിലിം കണ്ടപ്പോഴാണ് ഞാൻ ഒന്നുമല്ല എന്ന കാര്യം മനസ്സിലാക്കിയത് എന്നാണ് അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ വളരെ മോശമായിട്ടാണ് അതിൽ അഭിനയിച്ചിരിക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. ‘‘താൻ ചെയ്തത് തെറ്റാണ്, അങ്ങനെ ഇറിറ്റേറ്റഡ് ആയ ഒരു സെറ്റിൽ നിൽക്കാൻ പാടില്ല, എനിക്ക് യുവ സംവിധായകരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല, ഞാനെന്താ ഇങ്ങനെ’’ എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. ‘‘നിങ്ങൾ നന്നായി ചെയ്തു, സൂപ്പർ, അവൻ നന്നായിട്ടാണ് ഡയറക്ട് ചെയ്തത്, അതെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, നന്നായി ചിത്രീകരിച്ചതിന് ഫലം കണ്ടു’’ എന്നൊക്കെ വിളിച്ചു പറയാനും അദ്ദേഹം മടിച്ചില്ല.
ഞാനിനിയും ഒരുപാട് പഠിക്കാനുണ്ട് എന്നതാണ് ഞാൻ പഠിച്ച പാഠം എന്നും അദ്ദേഹം എന്നോട് പറഞ്ഞു. വലുപ്പം ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തന്റെ തെറ്റുകൾ മനസ്സിലാക്കി അത് തുറന്നു പറയാൻ കാണിക്കുന്ന ആ ഒരു മനസ്സിനെ പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആ ഒരു മനസ്സ് ഉള്ള ഒരു വ്യക്തിയെ ഞാൻ ആദ്യമായിട്ടാണ് പരിചയപ്പെടുന്നതും. മനസ്സിൽ ഒന്നും ഒളിച്ചു വയ്ക്കാൻ കഴിയാത്ത ഒരു മനുഷ്യനായിരുന്നു. താൻ ചെയ്തത് തെറ്റാണെങ്കിൽ അതിനെ അംഗീകരിക്കാൻ ഒരു മനസ്സ് അദ്ദേഹത്തിന് ഉണ്ട് എന്ന് അന്ന് എനിക്ക് മനസ്സിലായി. അതിനുശേഷം ഞങ്ങൾ സുഹൃത്തുക്കളായി മാറി. പിന്നീട് പലതവണ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. മകളുടെ പടം കണ്ടതിനുശേഷം അതിന്റെ അഭിപ്രായവും അദ്ദേഹം വിളിച്ചുപറഞ്ഞു. അവൾ നല്ല ഒരു നടിയായി വരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
തമാശകൾ നന്നായി ആസ്വദിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. താനും തന്റെ ചുറ്റുപാടും എപ്പോഴും സന്തോഷത്തോടെയിരിക്കണം എന്ന് ചിന്തിക്കുന്ന ഒരാൾ. ആ ഷോർട്ട് ഫിലിമിന് ശേഷമാണ് ഞങ്ങൾ കൂടുതൽ അടുത്തത്. ആരെയും പേടിക്കാതെ ഉള്ളത് ഉള്ളതുപോലെ പറയാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ഒരു പ്രകൃതമായിരുന്നു. തകര തുടങ്ങിയ പടങ്ങളെപ്പറ്റിയുള്ളതിൽ തുടങ്ങി അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങളുമൊക്കെ അങ്ങനെ പലതവണയായി ഷെയർ ചെയ്തിരുന്നു. ഒരുപാട് സിനിമയിൽ ഒപ്പം വർക്ക് ചെയ്ത ഒരാളോട് സംസാരിക്കുന്ന രീതിയിലാണ് അദ്ദേഹം എന്നോട് പെരുമാറി കൊണ്ടിരുന്നത്. ഒരുപാട് പടത്തിൽ കൂടെ അഭിനയിക്കുന്നവർ പറയുന്നതിനേക്കാൾ കൂടുതൽ ഒറ്റ ദിവസത്തെ ഷൂട്ട് കൊണ്ട് അദ്ദേഹം എന്നോട് സംസാരിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ‘‘എന്നെക്കാൾ നീ കൊള്ളാം’’ എന്ന് പലരും നേരിട്ട് പറയാറില്ല.
അങ്ങനെയുള്ളവരുടെ എണ്ണം വളരെ കുറവാണ്. ആ സമയത്താണ് ഇദ്ദേഹത്തെ പോലെ ഒരാൾ നീ കൊള്ളാമെന്നു പറഞ്ഞു വിളിക്കുന്നത്. അത് വളരെ സന്തോഷമുള്ള ഒരു അനുഭവമായിരുന്നു. അദ്ദേഹം ഒരു വലിയ മനുഷ്യനായത് കൊണ്ടാണ് അങ്ങനെ വിളിച്ചു പറഞ്ഞത്. കുറച്ചു ദിവസം മുമ്പ് കൂടി മെസ്സേജ് അയക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. അധികം പ്രായം ആകുന്നതിനു മുൻപാണ് ഈ വിയോഗം. ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും അദ്ദേഹം തന്റെ വിഷമങ്ങൾ പങ്കുവച്ചിരുന്നില്ല. വിഷമങ്ങൾ വന്നാൽ അതെല്ലാം ജീവിതത്തിന് ഭാഗമാണെന്ന് കരുതി ജീവിച്ച ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. അവയെ എല്ലാം വെല്ലുവിളിച്ച് മുന്നേറാൻ അദ്ദേഹം പലപ്പോഴും ശ്രമിച്ചിരുന്നു.’’–മേനക സുരേഷ് പറയുന്നു.