ADVERTISEMENT

പണ്ടൊക്കെ മൃത്യുവിന് അതിന്റേതായ നീതിയും നിയമവുമൊക്കെ ഉണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഏറെക്കുറെ അത് ശരിയുമായിരുന്നു. എന്നാൽ ഇന്നിപ്പോൾ മനുഷ്യന്റെ അഹങ്കാരം പോലെ തന്നെ, താനാണ് എല്ലാ സൃഷ്ടിസംഹാരത്തിന്റെയും സർവാധിപതി എന്നുള്ള അഹങ്കാരവുമായി, യാതൊരു ചോദ്യവും ചൊല്ലുമില്ലാതെ, ആയുസ്സിന്റെ കാലാവധി പോലുമാകാത്ത നമ്മുടെ സർഗപ്രതിഭകളായ കലാകാരന്മാരെ മരണം ഒരു കള്ളനെപ്പോലെ വന്ന് അപഹരിച്ചു കൊണ്ടുപോവുകയാണ്.

 

ഇപ്പോഴിതാ നമ്മുടെയെല്ലാം പ്രിയപ്പെട്ട അഭിനേതാവും സംവിധായകനും തിരിക്കഥാകാരനും നിർമാതാവുമൊക്കെയായ പ്രതാപ് പോത്തനെയും മരണം വന്ന് ബലമായി പിടിച്ചു കൊണ്ടു പോയിരിക്കുന്നു. ഇത്ര പെട്ടെന്ന് മരണത്തിന് കീഴടങ്ങേണ്ട ആളല്ലായിരുന്നു പ്രതാപ് പോത്തൻ. കാലം അൽപം കരുണ കാണിച്ചിരുന്നെങ്കിൽ പ്രതാപ് പോത്തനിൽനിന്ന് ഇനിയും ഒത്തിരി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്കു ലഭിക്കുമായിരുന്നു. 

 

nirabhedangal
നിറഭേദങ്ങൾ എന്ന സിനിമയിൽ അംബികയ്‌ക്കൊപ്പം പ്രതാപ് പോത്തൻ

1978–ലാണ് പ്രതാപ് പോത്തൻ ആദ്യമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു കടന്നുവരുന്നത്. നമ്മുടെ ആദ്യകാല സുന്ദര നായകനടന്മാരിൽനിന്നു തികച്ചും വ്യത്യസ്തനായ ഒരു നടന സ്വരൂപമായിരുന്നു പ്രതാപ്. അന്നത്തെ ഒരു ന്യൂജെൻ നായകനെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഭരതൻ സംവിധാനം ചെയ്ത, പ്രതാപ് പോത്തന്റെ ആദ്യചിത്രമായ ‘ആരവം’ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടർന്നു വന്ന ഭരതന്റെ തന്നെ തകരയും ചാമരവും പ്രതാപ് പോത്തൻ എന്ന പുതുമുഖ നടന്റെ യശസ്സ് വാനോളം ഉയർത്തുകയായിരുന്നു. 

 

1978 –ൽ തന്നെയാണ് ഞാനും സിനിമയിലേക്ക് വരുന്നത്. ഐ.വി. ശശിയുടെ ‘അനുഭവങ്ങളേ നന്ദി’യുടെ കഥാകാരനായിട്ടായിരുന്നു എന്റെ വരവറിയിപ്പ്. എന്റെ ആദ്യ സിനിമാ കഥയാണിത്. അന്നത്തെ സൂപ്പർ താരങ്ങളായ നസീറും മധുവുമൊക്കെ വെള്ളിത്തിര നിറഞ്ഞാടുമ്പോഴാണ് ഒരു നായകനടനുവേണ്ട താരമൂല്യമോ ഗ്ലാമറോ ഒന്നുമില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരനായ പ്രതാപിന്റെ തകരയിലെയും ചാമരത്തിലെയും കഥാപാത്രങ്ങളെ ജനം നെഞ്ചിലേറ്റി ആഘോഷിച്ചത്. 

 

ആ സമയത്താണ് ഞാൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ആന്റണി ഈസ്റ്റ്മാന്റെ ‘വയൽ’ എന്ന ചിത്രത്തിന്റെ താര നിർണയം നടക്കുന്നത്. വയലിലെ ഗ്രാമീണനായ നായക കഥാപാത്രത്തെ പ്രതാപ് പോത്തൻ ചെയ്താൽ നന്നായിരിക്കുമെന്ന് ഞങ്ങൾക്കു തോന്നി.  അടുത്ത സുഹൃത്തും ‘ചാമര’ത്തിന്റെ തിരക്കഥാകാരനുമായ ജോൺ പോളിനോട് ഞങ്ങൾ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ‘‘പ്രതാപിനെ കിട്ടിയാൽ നന്നായിരിക്കും പക്ഷേ കക്ഷി വരുമോ?’’എന്ന് ജോണ്‍ പറഞ്ഞെങ്കിലും അന്നു വൈകിട്ടു തന്നെ പ്രതാപിനെ വിളിച്ചു ജോൺ സംസാരിച്ചു.  അപ്പോൾ പ്രതാപ് പോത്തൻ പറഞ്ഞ ഒരു വാചകമുണ്ട്. 

pratap-pothen-sukumari

 

‘‘ഞാൻ പുതിയ പടങ്ങളൊന്നും കമ്മിറ്റു ചെയ്തിട്ടില്ല. ഒത്തിരി പരിമിതികളുള്ള ഒരാർട്ടിസ്റ്റാണ് ഞാൻ. മാത്രമല്ല കൂടുതൽ സിനിമകൾ ചെയ്തു പണമുണ്ടാക്കാനും എനിക്ക് താൽപര്യമില്ല. കഥയുടെ രൂപരേഖ കേട്ടപ്പോൾ ഒരു ജനപ്രിയ സിനിമയുടെ തീമായിട്ടാണ് എനിക്കു തോന്നുന്നത്. പിന്നെ ഒരു കച്ചവട സിനിമയ്ക്കു പറ്റിയ ഒരു ഫിഗറുമല്ല എന്റേത്. മധ്യവർത്തി സിനിമയുടെ കൂടെ നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’’

pratap-rima

 

പ്രതാപിന്റെ വാക്കുകൾ അതിനാടകീയതയോടെയാണ് ജോൺ പോൾ ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ചത്. അതുകേട്ടപ്പോൾ പ്രതാപ് പോത്തൻ വളരെ സിൻസിയറാണെന്ന് എനിക്കു തോന്നി. നമ്മുടെ മറ്റു ചില നടന്മാരെപ്പോലെ മനസ്സിലുള്ളതു മറച്ചു വച്ചു കൊണ്ട് സുഖിപ്പിക്കുന്ന വാക്കുകളൊന്നും പറഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് കക്ഷിയോടു മതിപ്പാണ് തോന്നിയത്. പ്രതാപ് പറയുന്നത് കേട്ടാൽ അൽപം അഹങ്കാരവും ജാടയുമൊക്കെയുള്ള ആളായി തോന്നുമെങ്കിലും കൂടുതൽ അടുത്തിടപഴകിയപ്പോഴാണ് പ്രതാപിന്റെ മനസ്സിലെ സിനിമാ സങ്കല്പങ്ങൾ നമുക്കു മനസ്സിലാകുന്നത്. 

 

അങ്ങനെയാണ് ‍ഞങ്ങളുടെ ‘വയലി’ൽ‌ പ്രതാപിനു പകരം നായകനായി സോമൻ വരുന്നത്. സോമൻ നന്നായി ആ വേഷം െചയ്യുകയും ചെയ്തു. പിന്നെ കെ.ജി.ജോർജ്, പദ്മരാജൻ, മോഹൻ, ബാലു മഹേന്ദ്ര തുടങ്ങിയവരുടെ സിനിമകളുടെ സഞ്ചാരവഴികളിലൂടെയാണ് പ്രതാപ് പ്രയാണം തുടർന്നത്.  അതേത്തുടർന്ന് ലോറി, പ്രേമാഭിഷേകം, ഓളങ്ങൾ, ഒന്നു മുതൽ പൂജ്യം വരെ, മൂടൽ മഞ്ഞ്, ഇടവേള, നവംബറിന്റെ നഷ്ടം, നിറഭേദങ്ങൾ, ഒരു യാത്രാമൊഴി, തന്മാത്ര, ൈകകേയി തുടങ്ങി ഒത്തിരി മലയാള സിനിമകളിലും മീണ്ടും ഒരു കാതൽ കഥൈ, വെറ്റി വിഴ തുടങ്ങി അൻപതോളം തമിഴ് സിനിമകളിലും പ്രതാപ് നായകനും പ്രതിനായകനുമൊക്കെയായി വേഷപ്പകർച്ച നടത്തി.

 

ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളുടെ സംവിധാന മേലങ്കിയും അദ്ദേഹം അണിഞ്ഞിട്ടുണ്ട്. തമിഴിൽ മീണ്ടും ഒരു കാതൽ കഥൈ, ജീവ, വെട്രിവിഴ, മൈഡിയർ മാർത്താണ്ഡൻ, ലക്കി മാൻ തുടങ്ങി ഒമ്പതോളം ചിത്രങ്ങളഉം പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്. ഏകദേശം പതിനഞ്ചു വര്‍ഷക്കാലം ആ ജൈത്രയാത്ര തുടർന്നെങ്കിലും 1995 കാലഘട്ടമായപ്പോൾ പ്രതാപ് പോത്തന് പടങ്ങൾ കുറയാൻ തുടങ്ങി. ആ സമയത്താണ് പ്രതാപ് പരസ്യചിത്ര നിർമാണ രംഗത്തേക്കിറങ്ങുന്നത്. അങ്ങനെ പത്തു പതിനഞ്ചു വർഷം സിനിമയെന്ന മായാലോകത്തുനിന്നു മാറി നിന്നുകൊണ്ട് പ്രശസ്തരായ എവിഎം കമ്യൂണിക്കേഷൻസ്, സ്വിസ്ട്രാസ്, ഹിന്ദുസ്ഥാൻ അഡ്വർടൈസിങ് തുടങ്ങിയ പരസ്യ കമ്പനികളുടെയെല്ലാം സാരഥിയായും പ്രതാപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

Pratap Pothen
Pratap Pothen

 

ആ സമയത്താണ് ആഷിഖ് അബു 22 ഫീമെയിൽ കോട്ടയം എന്ന ചിത്രവുമായി വരുന്നത്. ഫഹദ്ഫാസിലും റീമാ കല്ലിങ്കലും നായികാനായകന്മാരായ ഈ ചിത്രത്തിൽ മധ്യവയസ്കനായ ഒരു പ്രതിനായക കഥാപാത്രമുണ്ട്. വളരെ അഭിനയപ്രാധാന്യമുള്ള ഒരു വേഷമായിരുന്നത്. ആഷിഖ് മലയാളത്തിൽ അപ്പോഴുള്ള പല നടന്മാരിലേക്കും ആ കഥാപാത്രത്തെ അന്വേഷിച്ചു പോയെങ്കിലും തന്റെ മനസ്സിലുള്ള പ്രത്യേക ഭാവവും മാനറിസവുമുള്ള കഥാപാത്രത്തെ അവരിലൊന്നും കണ്ടെത്താനായില്ല.

 

ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപുള്ള അവസാന ദിവസങ്ങളിലാണ് ആഷിഖിന്റെ മനസ്സിലേക്ക് പെട്ടെന്ന് പ്രതാപ് പോത്തന്റെ രൂപം കടന്നു വന്നതെന്നാണ് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുള്ളത്. പിന്നെ എല്ലാം ധൃതഗതിയിലാണ് നീങ്ങിയത്. ആഷിഖ് അന്നുതന്നെ മദ്രാസിൽ വിളിച്ചു പ്രതാപ് പോത്തനോടു സംസാരിച്ചു. യുവതലമുറയിലെ വളരെ ശ്രദ്ധേയനായ സംവിധായകന്റെ സിനിമയാണെന്ന് കേട്ടപ്പോൾ പ്രതാപ് പോത്തന് വളരെ സന്തോഷമായി. പരസ്യ കമ്പനികളുടെ ജോലിത്തിരക്കിന് കുറച്ചു ദിവസം അവധി കൊടുത്തു കൊണ്ടാണ് രണ്ടാഴ്ചയ്ക്കകം തിരിച്ചു വരാമെന്നുള്ള തീരുമാനത്തിൽ പ്രതാപ് പോത്തൻ ആഷിഖിന്റെ ലൊക്കേഷനിലേക്ക് പോയത്.  

 

22 ഫീമെയിലിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിൽ പ്രതാപിനെ തേടി പല ഓഫറുകളും വരാൻ തുടങ്ങി. അങ്ങനെ വലിച്ചുവാരി പടങ്ങൾ ചെയ്യാൻ താൽപര്യമില്ലാതിരുന്നതു കൊണ്ട് കഥാപാത്രങ്ങളെയും സംവിധായകരെയുമൊക്കെ നോക്കി മാത്രമേ പുതിയ പടങ്ങൾ കമ്മിറ്റു ചെയ്തിരുന്നുള്ളൂ. അങ്ങനെയാണ് ലാൽജോസിന്റെ ‘അയാളും ഞാനും തമ്മിലി’ലെ ഡോക്ടർ സാമുവൽ എന്ന കഥാപാത്രമായി പ്രതാപ് മാറുന്നത്. പ്രതാപിന്റെ ആ ചിത്രത്തിലെ പ്രകടനം പ്രേക്ഷകരുടെയും ബുദ്ധിജീവി നിരൂപകരുടെയും പ്രത്യേക അഭിനന്ദനങ്ങൾ പിടിച്ചു പറ്റുകയും ചെയ്തു. തുടർന്ന് ഇടുക്കി ഗോൾഡ്, ഉയരെ തുടങ്ങി പല മികച്ച ചിത്രങ്ങളിലും പ്രതാപ് പോത്തന്റെ സാന്നിധ്യമുണ്ടായി.  

 

ഇനി ചെറിയ ഒരു ഫ്ലാഷ് ബാക്കിലേക്കു വരാം. 

 

1986 കാലഘട്ടം എനിക്ക് സിനിമയിൽ വളരെ തിരക്കുള്ള സമയമായിരുന്നു. ഒരു ദിവസം രാവിലെ, ഞാൻ സ്ഥിരമായി പടം ചെയ്തു കൊണ്ടിരിക്കുന്ന വിജയാ മൂവീസിൽനിന്ന് എനിക്കൊരു ഫോൺ വന്നു. ഞാൻ സ്ഥിരമായിട്ടിരുന്ന് എഴുതുന്ന മാതാ ടൂറിസ്റ്റ് ഹോമിൽ ഉണ്ടാകുമോ എന്നറിയാൻ വേണ്ടിയുള്ള വിളിയാണ്. 

 

പത്തു മണിയായപ്പോൾ വിജയാ മൂവീസിന്റെ സാരഥി സേവ്യർ സാറിന്റെ മകൻ സേവിച്ചൻ എന്റെ മുറിയിലെത്തുന്നു. അവർക്ക് ഉടനെ ഒരു പടം ചെയ്യണം. നല്ലൊരു കഥ കിട്ടിയിട്ടുണ്ട്. ഫാമിലി സബ്ജക്റ്റാണെങ്കിലും അൽപം പുതുമയൊക്കെയുള്ള ഒരു മധ്യവർത്തി സിനിമയ്ക്ക് പറ്റിയ കഥയാണ്. മമ്മൂട്ടിക്കോ മോഹൻലാലിനോ പറ്റിയ വേഷമല്ല.  രണ്ടു നായികമാരുടെ നായകകഥാപാത്രമാണ്. ആരെക്കൊണ്ട് ആ വേഷം ചെയ്യിക്കണം? പല രണ്ടാം നിര നായകന്മാരെ ഞങ്ങൾ നോക്കിയെങ്കിലും ആ ക്യാരക്ടറിനു പറ്റിയ ഒരാളും ശരിയായി വന്നില്ല. 

 

അപ്പോഴാണ് എന്റെ മനസ്സിൽ പെട്ടെന്ന് പ്രതാപ് പോത്തന്റെ രൂപം തെളിഞ്ഞു വന്നത്. ആദ്യകാലത്ത് എന്റെ ‘വയൽ’ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചിട്ട് നടക്കാതെ പോയതാണ്. ഏഴുവർഷം കഴിഞ്ഞാണ് അതിനൊരവസരം ഉണ്ടായി വന്നത്. ഇപ്പോൾ പ്രതാപ് പോത്തന്റെ മാർ‍ക്കറ്റ് വാല്യൂവൊക്കെ കുറഞ്ഞിരിക്കുന്ന സമയമാണെങ്കിലും ആ ക്യാരക്ടറിനു പറ്റിയ ആളായതുകൊണ്ട് നിർമാതാക്കൾക്കും താൽപര്യക്കുറവൊന്നുമുണ്ടായില്ല. പിന്നെ പ്രതാപ് പറയുന്ന മധ്യവർത്തി സിനിമയുടെ ഗണത്തിൽ പെടുത്താവുന്ന ഒരു കഥയുമാണ് കിട്ടിയിരിക്കുന്നത്. ‘നിറഭേദങ്ങൾ’ എന്നാണ് ഞങ്ങൾ ചിത്രത്തിന് പേരിട്ടിരുന്നത്. നിറഭേദങ്ങളുടെ സംവിധായകനായ സാജന് മദ്രാസിൽ വച്ച് പ്രതാപ് പോത്തനുമായി സൗഹൃദമുണ്ടായിരുന്നതുകൊണ്ട് കഥയുടെ ഒരു ഏകദേശരൂപം പറഞ്ഞുകേൾപ്പിച്ചിരുന്നു. പ്രതാപിനും കഥ ഇഷ്ടപ്പെട്ടു. പ്രതാപിന്റെ നായികമാരായി വന്നത് അംബികയും ഗീതയുമായിരുന്നു. 

 

തൃശൂരായിരുന്നു നിറഭേദങ്ങളുടെ ലൊക്കേഷൻ. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസം തന്നെ പ്രതാപ് പോത്തൻ ഹോട്ടലിലെത്തിയിരുന്നു.  ഞാനും ആ ഹോട്ടലിൽത്തന്നെ ആയിരുന്നു താമസിച്ചത്. അവിടെവച്ചാണ് പ്രതാപിനെ ഞാൻ ആദ്യമായി കാണുന്നത്. പെട്ടെന്നു കണ്ടപ്പോൾ അൽപം റിസർവ്ഡായിട്ട് തോന്നിയെങ്കിലും സംസാരിച്ചു തടങ്ങിയപ്പോൾ പ്രതാപ് ശുദ്ധനും നർമബോധമുള്ള ഒരാളുമാണെന്നാണ്  എനിക്കു തോന്നിയത്. വാക്കുകളുടെ ധൂർത്തില്ലാത്ത കഥാപാത്രങ്ങൾ അഭിനയിക്കാനാണ് പ്രതാപിന് താല്പര്യമെങ്കിലും പ്രതാപിന്റെ രസികത്വം കണ്ടപ്പോൾ ആ കഥാപാത്രത്തിനു വേണ്ടി ചെറിയ നർമ നമ്പറുകളൊക്കെ ഞാൻ സ്ക്രിപ്റ്റിൽ എഴുതിച്ചേർക്കുകയും ചെയ്തു.   അതുകൂടിയായപ്പോൾ പ്രതാപിന് എന്നോടു വലിയ കാര്യമായി. 

 

ആദ്യദിവസങ്ങളിൽ ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ രാത്രിയിൽ പ്രതാപിന്റെ മുറിയിൽ ഞങ്ങൾ ഒന്നിച്ചുകൂടാറുണ്ടായിരുന്നു. അഞ്ചു വയസ്സു മുതൽ ഊട്ടിയിലെ ഇംഗ്ലിഷ് മീഡിയത്തിൽ പഠിച്ചതു കൊണ്ട് സംസാരത്തിൽ ഇംഗ്ലിഷ് ചുവയുടെ ആധിക്യമുണ്ടായിരുന്നു. പ്രതാപിനെ നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ അസാമാന്യമായ ബോധമുള്ള ഒരാളായിട്ടാണ് എനിക്കു തോന്നിയത്. വലിയ സമ്പന്നതയിൽ ജനിച്ചു വളർന്ന ആളാണെങ്കിലും അതിന്റെ അഹങ്കാരമോ ഗർവോ ഒന്നും പ്രതാപിനെ തൊട്ടു തീണ്ടിയിട്ടില്ലെന്നെനിക്ക് തോന്നി.

 

പ്രതാപ് കൊച്ചുകുട്ടികളെപ്പോലെയാണ് സംസാരിക്കുന്നത്. നമ്മളെന്തെങ്കിലും പൊടി തമാശ പറഞ്ഞാൽ പോലും പരിസരം മറന്നു ചിരിക്കുന്ന പ്രകൃതമാണ്.  കാഴ്ചയിൽ ആള് സീരിയസ് ആണെന്ന് തോന്നുമെങ്കിലും തമാശ കേൾക്കുന്നത് പ്രതാപ് പോത്തനു വലിയ ഇഷ്ടമായിരുന്നു.  അതിനൊരു ഉദാഹരണം പറയാം. 

 

ഒരു ദിവസം ഒരു രണ്ടു നില കെട്ടിടത്തിന്റെ ഹാളിൽ ഷൂട്ടിങ് നടക്കുകയാണ്. രംഗത്ത് ലാലു അലക്സും അംബികയുമാണ് ഉള്ളത്. ഞാനും  പ്രതാപ് പോത്തനും കൂടി പുറത്ത് ലോഞ്ചിൽ സംസാരിച്ചിരിക്കുകയാണ്. ഞാൻ പെട്ടെന്ന് എന്തോ ഒരു ചെറിയ ഫലിതം പറഞ്ഞപ്പോൾ പ്രതാപിന്റെ ഉച്ചത്തിലുള്ള ചിരി മുഴങ്ങി. അതുകേട്ട് സാജന് അകത്ത് എടുത്തു കൊണ്ടിരിക്കുന്ന സീനിനു കട്ടു പറയേണ്ടി വന്നു. 

 

ഒരുദിവസം ഞാൻ പ്രതാപിന്റെ ഈ ചിരി മാഹാത്മ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ കക്ഷി അതിനു പറഞ്ഞ തത്വചിന്താപരമായ ഒരു പദമൊഴിയുണ്ട്. ‘‘നമുക്ക് സ്വന്തമെന്നു പറയാൻ ആകെയുള്ളത് ഈ ചിരി മാത്രമാണ്. അത് പണയം വയ്ക്കാനോ വിൽക്കാനോ പറ്റില്ല.  അൽപനേരമെങ്കിലും മറ്റുള്ളവർക്ക് സന്തോഷം പകരാനെങ്കിലും കഴിയുമല്ലോ? പിന്നെ ചിരി ആരോഗ്യ സംരക്ഷണത്തിനും നല്ലതാണെന്നാണല്ലോ പറയുന്നത്. ഈ ചിരി ഔഷധം ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ കിട്ടുമെങ്കിൽ എല്ലാവരും അത് വാങ്ങി സൂക്ഷിച്ചാൽ നന്നായിരുന്നു.’’

 

അതിനുശേഷം ആരുടെയെങ്കിലും ഉച്ചത്തിലുള്ള ചിരി കേൾക്കുമ്പോൾ പ്രതാപ് പോത്തന്റെ മുഖവും ആ അക്ഷരക്കൂട്ടുകളും എന്റെ മനസ്സിൽ അറിയാതെ തെളിഞ്ഞു വരാറുണ്ട്. 

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com