എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ: വികാരാധീനനായി പൃഥ്വി
Mail This Article
സച്ചി എവിടെയായിരുന്നാലും ഇപ്പോൾ സന്തോഷിക്കുകയായിരിക്കുമെന്ന് നടൻ പൃഥ്വിരാജ്. സച്ചിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ അയ്യപ്പനും കോശിയും സിനിമയ്ക്കു ലഭിച്ച നേട്ടത്തിൽ പ്രതികരിക്കുകയായിരുന്നു പൃഥ്വി. ബിജു മേനോനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അർപ്പിക്കാനും പൃഥ്വിരാജ് മറന്നില്ല.
‘‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. നീ എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും.’’– പൃഥ്വിരാജ് പറഞ്ഞു.
അകാലത്തിൽ അന്തരിച്ച സച്ചിയുടെ ഓർമകളിൽ അയ്യപ്പനും കോശിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച സിനിമാപ്രവർത്തകരെല്ലാം തന്നെ ദുഃഖാർത്ഥരാണ്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. അകാലത്തിൽ അന്തരിച്ച സച്ചിയുടെ അയ്യപ്പനും കോശിയും നിരവധി ദേശീയപുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്. അയ്യപ്പനും കോശിയുമിലെ അഭിനയത്തിനാണ് ബിജു മേനോൻ മികച്ച സഹനടൻ എന്ന ടൈറ്റിൽ സ്വന്തമാക്കിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടിയതും ഇതേ ചിത്രത്തിനാണ്. മികച്ച സംഘട്ടനസംവിധാനത്തിനും അയ്യപ്പനും കോശിയും പുരസ്കാരം നേടി.