ADVERTISEMENT

പിഴയ്ക്കാത്ത കഥയും പിഴവില്ലാത്ത കഥനവുമായിരുന്നു സച്ചി എന്ന സംവിധായകന്റെ ‘തലക്കനം’. തിരക്കഥാകൃത്തിന്റെ സർഗാത്മകതയും സംവിധായകന്റെ കയ്യടക്കവും ഒരുപോലെ സമന്വയിച്ച പ്രതിഭയ്ക്കുള്ള സ്മരണാഞ്ജലിയായി ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. 4 പുരസ്കാരങ്ങളാണ് സച്ചിയുടെ ക്രാഫ്റ്റിൽ പിറന്ന ‘അയ്യപ്പനും കോശിയും’ നേടിയത്. മികച്ച സംവിധായകൻ, മികച്ച സഹനടൻ, മികച്ച ആക‍്ഷൻ, മികച്ച ഗായിക എന്നിവർക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ സച്ചിയുടെ ഓർമകളിലാണ് ആ വാർത്തകളെല്ലാം തട്ടിനിന്നത്. 2 വമ്പൻ ഹിറ്റുകളുടെ ആരവമടങ്ങും മുൻപാണ് സച്ചി വിടവാങ്ങിയത്. 2019 ൽ തിരക്കഥയെഴുതിയ ഡ്രൈവിങ് ലൈസൻസും 2020 ൽ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും.

 

കഥയാണ് അദ്ഭുതമെന്നു വീണ്ടും മലയാള സിനിമയെ ഓർമിപ്പിച്ച സച്ചി രണ്ടേ രണ്ടു സിനിമയേ സംവിധാനം ചെയ്തിട്ടുള്ളു. 2015 ൽ അനാർക്കലിയും പിന്നീട് 5 വർഷത്തിനു ശേഷം അയ്യപ്പനും കോശിയും. മലയാളത്തിൽ നിന്നു മറ്റു ഭാഷകളിലേക്ക്  ഏറ്റവും കൂടുതൽ തുകയ്ക്കു വിൽക്കപ്പെട്ട കഥകളിലൊന്നാണ് അയ്യപ്പനും കോശിയും.  7 തിരക്കഥകളേ സച്ചി തനിയെ എഴുതിയിട്ടുള്ളു. എല്ലാം ഹിറ്റുകൾ. 

 

ജനപ്രിയ സിനിമയുടെ സകല ചേരുവകളും ചേരുംപടി ചേർന്ന കരുത്തും സൗന്ദര്യവുമുള്ള തിരക്കഥകളാണു സച്ചി മലയാളത്തിനു സമ്മാനിച്ചത്. സച്ചിയുടെ ഒരു തിരക്കഥ കിട്ടിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാമെന്നു ചിന്തിക്കുന്നവരായിരുന്നു മലയാളത്തിലെ ഭൂരിഭാഗം സംവിധായകരും. മലയാളത്തിലെ ന്യൂജനറേഷൻ പ്രമേയ വിപ്ലവത്തിനിടയിലും എല്ലാ ജനറേഷനെയും ഒപ്പം നിർത്തി സച്ചി ഹിറ്റുകൾ രചിച്ചു. 

 

സിനിമ എന്ന ഔഷധം 

 

‘‘കാലുവേദന കൂടിയതോടെ വീൽ ചെയറിലിരുന്നാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഡബ്ബിങ് സച്ചി പൂർത്തിയാക്കിയത്. സിനിമ ചെയ്യുമ്പോൾ എല്ലാ വേദനയും മറക്കും എന്നതായിരുന്നു ശീലം. അവാർഡ് വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞു പോയി’’– സച്ചിയുടെ ഭാര്യ സിജിയുടെ വാക്കുകൾ. 

 

സച്ചിയെ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ പുരസ്കാരം ഞാൻ പ്രതീക്ഷച്ചതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഒരുപാട് അലട്ടിയപ്പോഴും സച്ചി ഒന്നും വകവെയ്ക്കാതെ സിനിമയ്ക്ക് വേണ്ടി നിലനിന്നു.  ആ ചിന്തയായിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ഒടുവിൽ അംഗീകാരം തേടിയെത്തിയപ്പോൾ എന്നെ ഒറ്റയ്ക്കാക്കി സച്ചി പോയി. പക്ഷേ എനിക്ക് സന്തോഷമാണ് ഈ പുരസ്കാരത്തില്‍.

 

ഷൂട്ടിങ് തുടങ്ങിയതു മുതൽ ഞാനും സച്ചിക്കൊപ്പം ഉണ്ടായിരുന്നു. ഓരോ രാത്രിയും സച്ചി ഉറങ്ങാൻ പോലും പാട്പെട്ടു. ചൂട് വെള്ളത്തിൽ കുളിച്ചും നീ ക്യാപ്പിട്ടും നിച്ശയിച്ച സമയത്തിന് തന്നെ ഷൂട്ടിന് പോയി. എല്ലാം ആ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തിലായിരുന്നു. താൻ മരിച്ചാലും ഷൂട്ട് പൂർത്തിയാക്കണമെന്ന് മാത്രമായിരുന്നു അന്ന് സച്ചി എന്നോട് പറഞ്ഞിരു‌ന്നത്. സിനിമ റിലീസായ ശേഷം ഒപ്പറേഷന് പോയി. പക്ഷേ പിന്നെ സച്ചി മടങ്ങി വന്നില്ല.’’ സിജി ഓർമകൾ പങ്കുവച്ചു.

 

സച്ചിയുടെ തിരഞ്ഞെടുപ്പുകളൊക്കെ ശരിയായിരുന്നു എന്ന് കാണിക്കുകയാണ് ചിത്രത്തിന് ലഭിച്ച മറ്റ് പുരസ്കാരങ്ങളെന്ന് സിജി പറയുന്നു. ലോകമറിയുന്ന ഒരു പാട്ടുകാരിയാകും നഞ്ചിയമ്മ എന്ന് സച്ചി എപ്പോഴും പറയുമായിരുന്നുവെന്നും സിജി. 'ന‍ഞ്ചിയമ്മയുടെ പാട്ട് റെക്കോർഡ് ചെയ്ത് പുറത്തിറങ്ങിയ സച്ചി പൊട്ടിക്കരയുകയായിരുന്നു. അത്രയ്ക്ക് വൈകാരികമായിരുന്നു സച്ചിക്ക് ആ പാട്ട്. ഉടൻ തന്നെ എന്നെവിളിച്ചു. കുറേ നേരം കരഞ്ഞു. പിന്നീട് ആ പാട്ട് എനിക്ക് അയച്ചു തന്നു. മനസ്സുകൊണ്ട് ആഴത്തില്‍ സ്നേഹിക്കുന്നതാണ് സച്ചിയുടെ രീതി. അത് വളരെ ആത്മാർഥതയോടെയാവും' നഞ്ചിയമ്മയെ കുറിച്ചുള്ള ഓർമ സിജി പറയുന്നു.

 

പുരസ്കാരം ലഭിച്ചതറിഞ്ഞ് നിരവധിപേർ വിളിച്ചു. സിനിമയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് സ്നേഹം ഇപ്പോഴും തേടിയെത്തുന്നു സിജിയുടെ വാക്കുകള്‍ ഇടറി.

 

സച്ചിയുടെ കഥകളെല്ലാം സിനിമയാക്കണമെന്ന സ്വപ്നവും സിജിക്കുണ്ട്. വ്യത്യസ്തമായ ആ കഥകളൊക്കെ ലോകമറിയണമെന്നും. സച്ചി പറയാൻ ബാക്കിവച്ചതൊക്കെ അവതരിപ്പിക്കണം എന്ന ദൗത്യത്തിന് പിന്നാലെയാണ് സിജി ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com