ADVERTISEMENT

എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത് സംസാരിക്കുന്നതിനൊരു താളമുണ്ട്. പറയുന്ന കാര്യങ്ങൾ പലപ്പോഴും എല്ലാവർക്കും ഇഷ്ടമാകില്ലെങ്കിലും അയാ‍ൾ അയാൾക്ക് മനസ്സിൽ തോന്നിയതു പറയും. ഇത്രയും കൃത്യമായി ഒരു തിരക്കഥയിലെന്ന പോലെ സംസാരിക്കുന്നവരെ ഏറെക്കണ്ടിട്ടില്ല. അയാൾ ഉദ്ദേശിക്കാത്ത ഒരു വാക്കും വീണുപോകാറില്ല.

 

ranjith-sachy-1

ദേശീയ അവാർഡിന്റെ പ്രതികരണമായി രഞ്ജിത് പറഞ്ഞ വാക്കുകൾ പല ബഹളത്തിലും മുങ്ങിപ്പോയി. എന്നാൽ അതു വീണ്ടും എടുത്തു കേൾക്കാവുന്ന വാക്കുകളാണ്. മലയാള സിനിമയുണ്ടാക്കിയ നേട്ടത്തെ പലരും കണ്ടതു പതിവു നേട്ടം മാത്രമായാണ്. എന്നാൽ രഞ്ജിത് പറഞ്ഞത് അതിലുമപ്പുറമാണ്. ‘‘ഹൈദരാബാദിലോ മുംബൈയിലോ ഉള്ള സെറ്റുകളിലെ ഉച്ചഭക്ഷണത്തിന്റെ പണമുണ്ടെങ്കിൽ മനോഹരമായ സിനിമയെടുക്കാമെന്നു മലയാളി ഇന്ത്യൻ സിനിമയെ പഠിപ്പിച്ച ദിവസമാണിത്’’. ഇതിലുമപ്പുറത്തേക്കു മലയാള സിനിമയെ വിശേഷിപ്പിക്കാനാകുമോ. ‘‘കൂട്ടിയിട്ട കറൻസി കത്തിച്ചു തീ കാഞ്ഞുണ്ടാക്കുന്നതല്ല സിനിമ. വിയർപ്പിൽനിന്നുണ്ടാക്കിയതാണ്.’’

 

ഇതൊരു ഓർമപ്പെടുത്തലാണ്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ഉണ്ടാക്കിയ നേട്ടത്തിന്റെ പുറത്തായിരുന്നു ഈ സംസാരം. പൃഥ്വിരാജുമായും സച്ചിയുമായും ബിജു മേനോനുമായും ഏറെ ആത്മബന്ധമുള്ള രഞ്ജിത്തിനു വേണമെങ്കിൽ അതെല്ലാം പറയാമായിരുന്നു. അതിനുമപ്പുറത്തേക്ക് രഞ്ജിത് മലയാള സിനിമയെ കണ്ടു.

 

രഞ്ജിത് വന്നില്ലായിരുന്നുവെങ്കിൽ ‘അയ്യപ്പനും കോശിയും’ ഒരുപക്ഷേ ഇതുപോലെ വലുതായി വരുമായിരുന്നില്ല. അതിനു പുറകിൽ അയാളൊരു ശക്തിയായിരുന്നു. പടം റിലീസ് ചെയ്യുന്നതിനു മു‍ൻപു സച്ചിയെക്കുറിച്ച് എഴുതാ‍ൻ പറഞ്ഞതു രഞ്ജിത്താണ്. പരിചയക്കുറവുളളതുകൊണ്ടു മടിച്ചപ്പോൾ നാലു ദിവസം കഴിഞ്ഞു വിളിച്ചു ചീത്ത പറഞ്ഞു. ‘‘പറ്റുമെങ്കിൽ കൂടെ നിൽക്കടാ’’ എന്നാണു പറഞ്ഞത്.

 

പണം കൊണ്ടു ബാഹുബലിമാർ ഇന്ത്യൻ സിനിമയെ ഞെട്ടിച്ച കൊല്ലമായിരുന്നു കടന്നു പോയത്. അതിനിടയിൽ പോക്കറ്റിലെ ചില്ലാനം കൊണ്ട് ഇന്ത്യൻ സിനിമയെ മലയാളം അമ്പരപ്പിച്ചതു നെഞ്ചുയർത്തിയേ കാണാനാകൂ. മുൻപു പലപ്പോഴും അവാർഡ് സിനിമ കൊണ്ടാണ് മലയാളം മുദ്ര ചാർത്തിയിട്ടുള്ളത്. അത്തരം പല സിനിമകളും തിയറ്ററിൽ എത്താറില്ല. എത്തിയാലും ജനവുമായി കാര്യമായ ബന്ധവും കാണാറില്ല. എന്നാ‍ൽ ശരിക്കും കച്ചവടം നടത്തിയൊരു സിനിമയിലൂടെ മലയാളി നല്ല സിനിമ കാണിച്ചു കൊടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കഥാകച്ചവടം നടന്ന സിനിമകളിലൊന്നായിരുന്നു അയ്യപ്പൻ. താരങ്ങളെ കഥ തോൽപിച്ച അപൂർവം സിനിമകളിലൊന്ന്. 

 

കെജിഎഫുകൾ കണ്ടു ഞെട്ടുന്നവരെ രഞ്ജിത് ഓർമിപ്പിക്കുന്നത് ‘അതൊന്നും അയ്യപ്പനോളം വരില്ല മോനേ’ എന്നു രാജ്യം പറഞ്ഞതാണ്. മലയാളത്തിലെയും പലരുടെയും സ്വപ്നം കെജിഎഫുകൾ ഉണ്ടാക്കണമെന്നാണ്. ഒന്നുമില്ലെങ്കിലും സൗണ്ട് ട്രാക്ക് എങ്കിലും കെജിഎഫിനെപ്പോലെയാകണമെന്നവർ പറയുന്നു. കൂടുതൽ അയ്യപ്പന്മാരും കോശിമാരും ഉണ്ടാക്കണമെന്നാണു തമിഴിലെയും തെലുങ്കിലെയും കന്നഡയിലെയും സംവിധായകർ സ്വപ്നം കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com