ADVERTISEMENT

തൊണ്ണൂറുകളിൽ ജോർജ് ഓഫ് ദ് ജംഗിൾ, ദ് മമ്മി എന്നീ സിനിമകളിലൂടെ ഹോളിവുഡ് പ്രേക്ഷകർക്കു പ്രിയങ്കരനായ താരം ബ്രെൻ‍ഡൻ ഫ്രേസർ തിരിച്ചുവരവിനൊരുങ്ങുന്നു. മദർ, ബ്ലാക് സ്വാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാരെൻ അരൊണൊഫ്സ്കിയുടെ ദ് വെയ്ൽ എന്ന ചിത്രത്തിലൂടെയാണ് ഫ്രേസറിന്റെ രണ്ടാം വരവ്. പൊണ്ണത്തടി മൂലം ജീവിതം വിരസമാകുന്ന മനുഷ്യൻ, തന്റെ പതിനേഴ് വയസ്സ് പ്രായമുള്ള മകളുമായി സ്നേഹബന്ധം നിലനിർത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. 2022 വെനീസ് ചലച്ചിത്ര മേളയിൽ ചിത്രം പ്രിമിയർ ചെയ്യും.

ബ്രെൻഡന്റെ യഥാർഥ ജീവിതവുമായും സിനിമ ബന്ധപ്പെട്ടുകിടക്കുന്നു. രണ്ടായിരത്തിന്റെ പകുതിയിൽ ഹോളിവുഡിൽനിന്ന് അപ്രത്യക്ഷനായ താരമാണ് ബ്രെൻ‍ഡൻ ഫ്രേസർ. അമിതവണ്ണമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സിനിമയിൽ 272 കിലോ ഭാരമുള്ള മനുഷ്യനായാണ് അദ്ദേഹം അഭിനയിക്കുന്നത്. സ്ട്രെയ്ഞ്ചർ തിങ്സിലെ മാകസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ സാഡി സിങ്ക് ആണ് സിനിമയിൽ ബ്രെൻഡന്റെ മകളായി എത്തുക.

1999ൽ പുറത്തിറങ്ങിയ മമ്മി സിനിമയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയ താരമാണ് ബ്രെൻഡൻ. പിന്നീടിറങ്ങിയ രണ്ട് മമ്മി സീരീസ് സിനിമകളിലും ബ്രെ‍ന്‍ഡൻ തന്നെയായിരുന്നു നായകൻ. എന്നാൽ രണ്ടായിരത്തിന്റെ അവസാനത്തോടെ അദ്ദേഹത്തെ ഹോളിവുഡിൽനിന്നു ബ്ലാക് ലിസ്റ്റ് ചെയ്തു. 2003ൽ തനിക്കെതിരെ ഉണ്ടായ ൈലംഗിക ആരോപണമാണ് ഇതിന് കാരണമായി ബ്രെൻഡൻ പറഞ്ഞത്.

2013ൽ റിലീസ് ചെയ്ത ബ്രേക്കൗട്ട് എന്ന സിനിമയിലാണ് ബ്രെൻഡൻ അവസാനം നായകനായി പ്രത്യക്ഷപ്പെട്ടത്. ‌കഴിഞ്ഞ വർഷം നോ സഡൺ മൂവ് എന്ന സിനിമയിൽ സഹതാരമായി അഭിനയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com