അജ്ഞാതരായ ജൂറിയാണ് ഈ വികൃതിയൊക്കെ കാണിക്കുന്നത്: ദേശീയ ചലച്ചിത്ര അവാർഡിനെതിരെ അടൂർ
Mail This Article
ചലച്ചിത്രപുരസ്കാരമെന്നത് ദേശീയതലത്തിൽ ക്രൂരവിനോദമാണെന്ന് ചലച്ചിത്രകാരൻ അടൂർഗോപാലകൃഷ്ണൻ പറഞ്ഞു. ‘‘അറിയപ്പെടുന്ന സിനിമാസംവിധായകരും നാടകപ്രവർത്തകരും ചിത്രകാരൻമാരും നിരൂപകരുമൊക്കെ അടങ്ങുന്ന ജൂറിയാണ് മുൻകാലങ്ങളിൽ ചലച്ചിത്രപുരസ്കാര നിർണയ സമിതിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആർക്കുമറിയാത്ത, അജ്ഞാതരായ (അനോണിമസ്) ജൂറിയാണ് ഈ വികൃതിയൊക്കെ കാണിക്കുന്നത്.’’–അടൂർ പറയുന്നു. ഫെഡറേഷൻ ഓഫ് ഫിലീംസൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺഅബ്രഹാം പുരസ്കാരച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരൊക്കെയോ ജൂറിയുടെ ചെയർമാനാവുന്നു. ആർക്കൊക്കെയോ പുരസ്കാരം കൊടുക്കുന്നു. എന്തുകൊണ്ടാണെന്നു ചോദിക്കരുത്. എന്തുകൊണ്ടാണെന്ന് എല്ലാവർക്കുമറിയാം. ഇതൊക്കെ ‘അന്യായ’മാണെന്നു മാത്രമേ തനിക്ക് പറയാനുള്ളൂ.
സിനിമയെന്നാൽ ‘വെറൈറ്റി എന്റർടെയിൻമെന്റ്’ എന്നാണ് പലരും ധരിക്കുന്നത്. സിനിമയെന്നാൽ സിനിമയാണ്. സിനിമ കലയാണ്. ബോളിവുഡ് ആരാധകരാണ് ജൂറിയിലുള്ളവർ. താൻ വിളിച്ചപ്പോൾ ഒരു ബോളിവുഡ് താരം ഫോണെടുത്തുവെന്ന് അഭിമാനത്തോടെ വേദിയിൽ പറയുന്ന കേന്ദ്രമന്ത്രി മുൻപുണ്ടായിരുന്നു. ജൂറിയിലെ പലരും രണ്ടു സിനിമ കണ്ടപ്പോഴേക്ക് തളർന്നുപോവുന്നുവെന്നാണ് ഡൽഹിയിലുള്ള ഒരു സുഹൃത്ത് പറഞ്ഞത്. സിനിമ കാണാത്തവരും സിനിമ കണ്ടാൽ മനസ്സിലാവാത്തവരുമാണ് ഔദാര്യപൂർവം ചിലർക്ക് മാത്രം അവാർഡ് കൊടുക്കുന്നത്. ഇതൊക്കെ തന്റെ ആത്മഗതം മാത്രമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.