സ്റ്റീഫനായി നിറഞ്ഞാടി ചിരഞ്ജീവി; ഗോഡ്ഫാദറിന് ഗംഭീര പ്രതികരണം
Mail This Article
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ െതലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ന് പ്രേക്ഷകരുടെ ഇടയിൽ നിന്നും മികച്ച പ്രതികരണം. ഗംഭീര മേക്കിങാണ് സിനിമയുടേതെന്നും ലൂസിഫറിന്റെ കഥയുമായും ചിത്രത്തിന് മാറ്റമുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ മലയാളിപ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക് പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന മേക്കിങ് ശൈലിയാണ് ചിത്രത്തിന് ഗുണമായതെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.
ചിരഞ്ജീവിയുടെ സ്ക്രീൻ പ്രസൻസും സൽമാൻ ഖാന്റ അതിഥിവേഷവും സത്യദേവ് കഞ്ചരണയുടെ വില്ലൻ വേഷവുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകൾ. ടൊവിനോ അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല.
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സല്‍മാന്‍ ഖാന്‍ എത്തുന്നു. എന്നാൽ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കിൽ അവതരിപ്പിക്കുക.ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്.
ജോൺ വിജയ്‌യുടെ മയിൽവാഹനം എന്ന പൊലീസ് കഥാപാത്രത്തെ സമുദ്രക്കനി പുനരവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്. പുരി ജഗന്നാഥ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നീരവ് ഷാ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കും. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.