ADVERTISEMENT

നാദിർഷ– ജയസൂര്യ ചിത്രം ‘ഈശോ’യുടെ പേരിൽ ഉണ്ടായ വിവാദങ്ങളിൽ തെറ്റുപറ്റിയെന്ന് പി.സി. ജോർജ്. നാദിർഷ പറഞ്ഞതാണ് ശരിയെന്നും സിനിമയുടെ കഥയറിയാതെയാണ് ചിത്രത്തെ എതിർത്തതെന്നം പി.സി. ജോർജ് പറഞ്ഞു. ചിത്രത്തിന്റെ പേരും ടാഗ്​ലൈനും വലിയ വിവാദമായിരുന്നു. എന്നാൽ സിനിമ കാണുമ്പോൾ ഈ തെറ്റിദ്ധാരണ മാറുമെന്നും അന്നുതന്നെ നാദിർഷ വ്യക്തമാക്കിയിരുന്നു. സിനിമ ഒടിടിയിൽ കണ്ടശേഷമാണ് പി.സി ജോർജ് നിലപാട് മാറ്റിയത്. ‘നാദിർഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഈ പടം ഇപ്പോഴത്തെ തലമുറ കാണണം. ഇന്നത്തെ സമൂഹം കാണേണ്ട ഒരു പടം തന്നെയാണിത്.’ അദ്ദേഹം പറയുന്നു. 

 

സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി എന്ന അടിക്കുറിപ്പോടെ നാദിർഷയാണ് പി.സി. ജോർജ് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

 

പി.സി. ജോർജിന്റെ വാക്കുകൾ

 

‘‘നാദിർഷായുടെ ഈശോ എന്ന ചിത്രത്തെപ്പറ്റി ആദ്യം മുതൽ തർക്കമുള്ള ആളായിരുന്നു ഞാൻ. വളരെ ശക്തമായി ചിത്രത്തെ എതിർത്തിരുന്നു.  ഈശോ എന്ന് പറയുന്നത് ഒരു വ്യക്തിയുടെ പേരാണ്. എന്റെ അടുത്ത് തന്നെ ഈശോ എന്നു പേരുള്ള ഒരാളുണ്ട്.  ക്രൈസ്റ്റ് അല്ലെങ്കിൽ യേശു എന്നാണ് പേരെങ്കിൽ ഞാൻ പറഞ്ഞതിൽ അർഥമുണ്ടായിരുന്നു.  നോട് ഫ്രം ബൈബിൾ എന്ന വാക്ക് കണ്ടതുകൊണ്ടാണ് ഞാൻ എതിർക്കാൻ ഇടയായത്.  പടം കണ്ടിട്ട് അഭിപ്രായം പറയണമെന്ന് നാദിർഷ എന്നോട് പറഞ്ഞിരുന്നു.  

 

ആ വാശിയിൽ ഞാൻ നിൽക്കുകയായിരുന്നു. ഇന്ന് ഞാൻ പടം കണ്ടു .  നാദിർഷാ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് മനസിലായി.  വളരെ സത്യസന്ധമായി പറയട്ടെ ഈ പടം ഇന്നത്തെ തലമുറയിലുള്ള മാതാപിതാക്കൾ മുഴുവൻ കാണണം എന്ന് വളരെ വിനയപുരസ്സരം ഞാൻ അപേക്ഷിക്കുകയാണ്.  സംവിധാനം കുഴപ്പമൊന്നുമില്ല, നിർമാതാവ് വളരെ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്, നടന്മാരും നടിമാരുമെല്ലാം വളരെ ആത്മാർഥമായി ജോലി ചെയ്തിട്ടുണ്ട്. എല്ലാവരും നല്ല ആളുകളാണ്.  

 

ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങൾ മുഴുവൻ വ്യക്തമായി കാണാൻ കഴിയുന്ന ഒരു പടമാണത്.  ഞാൻ കൂടുതൽ പറയാത്തത് പടത്തിന്റെ സസ്പെൻസ് കളയണ്ട എന്നുള്ളതുകൊണ്ടാണ്. ഈ പടത്തിന്റെ നിർമാതാവിനെയും സംവിധായകനെയും അഭിനയിച്ചവരെയും പ്രത്യേകിച്ച് കോട്ടയം നസീറിനെയും ആത്മാർഥമായി അഭിനന്ദിക്കുന്നു. നിർബന്ധമായും നിങ്ങൾ ഈ പടം കാണണമെന്ന് ഞാൻ കേരളത്തിലെ ജനങ്ങളോട് പറയുകയാണ്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com