ADVERTISEMENT

മൂന്നുമാസം പ്രായമായ മകൾ ആദ്വികയ്ക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുന്ന നടി അഞ്ജലി നായരുടെ ചിത്രമാണ് പ്രേക്ഷകർ കയ്യടികളോടെ ഏറ്റെടുക്കുന്നത്. ‘‘ഒരു ഡബ്ബിങ് അപാരത’’ എന്ന തലക്കെട്ടോടു കൂടി താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.  തമിഴ് സംവിധായകൻ അരുൺ സംവിധാനം ചെയ്ത നമൻ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനുവേണ്ടിയുള്ള ഡബ്ബിങ് ആയിരുന്നു കുഞ്ഞിനേയും കയ്യിൽ വച്ച് അഞ്ജലി ചെയ്തുകൊടുത്തത്.  പ്രസവവും ശിശുപരിപാലനവും ജോലിക്ക് തടസമാകും എന്ന് കരുതുന്ന താരങ്ങൾക്ക് ഒരു ഉത്തമ മാതൃകകൂടിയാണ് അഞ്ജലി.  

 

അഞ്ജലി ഗർഭിണി ആയിരുന്നപ്പോൾ ചെയ്തു തുടങ്ങിയ ചിത്രമാണ് അരുൺ സംവിധാനം ചെയ്യുന്ന നമൻ.  അഞ്ജലിയുടെ ഗർഭാവസ്ഥയുടെ പല ഘട്ടങ്ങൾ മാറുന്നതിനനുസരിച്ചാണ് ആ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചത്. ഒടുവിൽ പൂർണ ഗർഭിണിയായ കഥാപാത്രത്തെയാണ് ചിത്രത്തിലും കാണിക്കുന്നത്. തന്റെ ആരോഗ്യസ്ഥിതിക്കനുസരിച്ച് അണിയറപ്രവർത്തകർ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു എന്ന് അഞ്ജലി മനോരമ ഓൺലൈനിനോട് പറഞ്ഞു. 

 

ചിത്രത്തിന്റെ മലയാളം പതിപ്പിറക്കാനുള്ള ശ്രമത്തിലാണ് നമന്റെ നിർമാതാക്കൾ. മലയാളം പതിപ്പിനു ഡബ്ബ് ചെയ്യാനാണ് മൂന്നുമാസം പ്രായമായ മകളുമായി അഞ്ജലി ഡബ് ചെയ്യാനെത്തിയത്.  അഭിനയത്തിന് കുടുംബത്തിനോളം പ്രാധാന്യം കൊടുക്കുന്ന അഞ്ജലി, പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ ചെയ്തുകൊണ്ടിരുന്ന മലയാള പടം പൂർത്തിയാക്കാൻ സെറ്റിൽ എത്തിയിരുന്നു.  ലൊക്കേഷനിൽ ഉണ്ടായിരുന്ന മുഴുവൻ സമയവും മകൾ ആദ്വിക നല്ല കുട്ടിയായി ഉറങ്ങി എന്ന് അഞ്ജലി പറയുന്നു.  

 

മാതൃത്വം എന്ന മഹനീയ സ്ഥാനത്തോടൊപ്പം തന്നെ സ്വന്തം പ്രൊഫഷനും പ്രാധാന്യമുണ്ട് എന്ന മഹത്തായ മാതൃകയാണ് അഞ്ജലി കാണിച്ചു തരുന്നത്. മകളെയും പാലൂട്ടികൊണ്ട് ഏറ്റെടുത്ത ഉത്തരവാദിത്വം നിർവഹിക്കുന്ന അഞ്ജലി ഇന്നത്തെ പെൺകുട്ടികൾക്ക് മാതൃകയാണ്. പ്രസവശേഷം ശരീര സൗന്ദര്യം നഷ്ടമാകും കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാകും എന്നുകരുതുന്ന ഇന്നത്തെ യുവ തലമുറയ്ക്ക്  അഞ്ജലിയെപ്പോലെയുള്ള ഡെഡിക്കേറ്റഡായ കലാകാരികൾ ഉത്തമ ഉദാഹരണങ്ങളാണെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com