ADVERTISEMENT

തിയറ്ററുകളിൽ ആഘോഷമായി മോഹൻലാൽ ചിത്രം മോൺസ്റ്റർ. റിലീസായി രണ്ടാം ദിനവും ഹൗസ്‍ഫുൾ ഷോകളുമായാണ് മോൺസ്റ്റര്‍ തേരോട്ടം തുടരുന്നത്. ഒടിടി ചിത്രമായി ഒരുങ്ങി പിന്നീട് തിയറ്റുകളിലേക്കെത്തിയ സിനിമയെ പ്രേക്ഷകരും ആരാധകരും ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ്. 

 

ദ് റിയൽ ഡാർക്ക് ഗെയിം! എന്നാണ് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നത്. ആദ്യ ദിനം മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചതോടെ വീക്കെൻഡും ദീപാവലി അവധിയും ഒന്നിച്ചുവരുന്നതോടെ ചിത്രം വമ്പൻ കലക്‌ഷനിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ മലയാളത്തിൽ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയിൽ സംവിധായകൻ ഒരുക്കിയിട്ടുണ്ടെന്ന് കണ്ടിറങ്ങുന്നവർ ഒരേ സ്വരത്തിൽ പറയുന്നു. 

 

സര്‍ദാര്‍ ലുക്കിൽ മോഹൻലാൽ കാണികളെ കയ്യിലെടുത്തു കഴിഞ്ഞു. ഇരിപ്പും നടപ്പും കുസൃതി ചിരികളും രസികൻ വര്‍ത്തമാനങ്ങളും ചില ദുരൂഹമായ നോട്ടങ്ങളുമായി കേരളക്കര മുഴുവൻ ലക്കി സിങ് തരംഗമാണ്. ചിത്രത്തിൽ ജെസ് സ്വീജൻ എന്ന ആറുവയസ്സുകാരി കുട്ടിയുമൊത്തുള്ള ലാലിന്‍റെ രംഗങ്ങൾ കുട്ടികൂട്ടങ്ങൾക്ക് ഏറെ വിരുന്നായിരിക്കുകയാണ്. ലാലേട്ടനും കുട്ടികളുമൊത്തുള്ള കെമിസ്ട്രി അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്നാണ് പ്രേക്ഷക പ്രതികരണം. 

 

ചിത്രത്തിൽ ഞെട്ടിച്ച പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം ഹണി റോസാണ്. പല അടരുകളുള്ള ഭാമിനി എന്ന കഥാപാത്രം നടിയുടെ കയ്യിൽ ഭദ്രമായിരുന്നുവെന്നാണ് സോഷ്യൽമീഡിയയിലുള്‍പ്പെടെ പലരും കുറിച്ചിരിക്കുന്നത്. ഉദയകൃഷ്ണയുടെ ആകാംക്ഷ ജനിപ്പിക്കുന്ന കഥയ്ക്ക് ചേര്‍ന്ന ഗംഭീര മേക്കിങ് തന്നെയാണ് ഹിറ്റ് മേക്കര്‍ വൈശാഖ് നിർവഹിച്ചിരിക്കുന്നതെന്നാണ് തിയറ്ററുകളിൽ നിന്ന് ഇറങ്ങുന്ന പ്രേക്ഷകരുടെ സാക്ഷ്യം. 

 

മോഹൻലാൽ–വൈശാഖ്–ഉദയകൃഷ്ണ ടീം ആറ് വര്‍ഷങ്ങൾക്ക് മുമ്പ് ആദ്യമായി ഒന്നിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് ആദ്യത്തെ 100 കോടി ചിത്രമാണ്. ഇൻഡസ്ട്രി ഹിറ്റടിച്ച പുലിമുരുകന് ശേഷം ഈ ടീം വീണ്ടുമൊന്നിച്ച മോൺസ്റ്റര്‍ വമ്പൻ കലക്‌ഷൻ തന്നെ നേടുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com