മോൺസ്റ്റർ തിയറ്റര്‍ മസ്റ്റ് വാച്ച്; ശക്തമായ പ്രമേയത്തിന്റെ ധീരമായ ആവിഷ്കാരമെന്ന് ആരാധകര്‍
Mail This Article
മോഹൻലാൽ–വൈശാഖ് കൂട്ടുകെട്ടിൽ റിലീസ് ചെയ്ത മോൺസ്റ്റർ സിനിമാ പ്രേമികളും ഏറ്റെടുക്കുന്നു. തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ ശക്തമായ തിരക്കഥ, മാസ് സിനിമകളൊരുക്കി ശ്രദ്ധേയനായ വൈശാഖിന്‍റെ ബ്രില്ല്യൻസ്, ലക്കി സിങായി മോഹൻലാൽ എന്ന അതുല്യ നടന്‍റെ തകര്‍പ്പൻ പ്രകടനം, നടി ഹണി റോസിന്‍റെ കരിയറിലെ ഏറ്റവും വലിയ വേഷം ഇതൊക്കെയാണ് സിനിമയുടെ പ്രധാന പ്രത്യേകതകൾ. ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ മോൺസ്റ്റര്‍ തരംഗമാവുകയാണ്. റിലീസ് ചെയ്ത് മൂന്നാം ദിനത്തിലെത്തുമ്പോൾ തിയറ്ററുകൾ തോറും ഹൗസ് ഫുൾ ഷോകളുമായി ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സമൂഹം അരികുവത്കരിച്ച ഒരു പ്രത്യേക വിഭാഗത്തെ ചേർത്തുപിടിക്കണമെന്ന ഓര്‍മപ്പെടുത്തലാണെന്ന് മോൺസ്റ്റർ പറയുന്നതെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തിൽ പറയുന്നു. ഏറെ ചർച്ച ചെയ്യേണ്ടുന്നൊരു വിഷയം പ്രമേയമാക്കിയതിനാൽ തന്നെ ചിത്രം വരും ദിവസങ്ങിൽ വലിയ ചിന്തകൾക്ക് സമൂഹത്തിൽ തുടക്കം കുറിക്കാനിടയുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.
ഒരു ഫൺ മൂഡിൽ തുടങ്ങി ത്രില്ലര്‍ മൂഡിലേക്ക് മാറുന്ന ചിത്രത്തിൽ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ക്ലൈമാക്സ് ഫൈറ്റാണുള്ളത്. തിയറ്റര്‍ എക്സീപിരിയൻസ് ചെയ്യേണ്ട സിനിമ തന്നെയാണ് മോൺസ്റ്ററെന്ന് ആരാധകരും പറയുന്നു. ദീപാവലി ആഘോഷ ദിനങ്ങളിൽ മോഹൻലാൽ ആരാധകർക്കായി പക്കാ സിനിമാറ്റിക് അനുഭവം നൽകുന്ന കമേഴ്സ്യൽ പാക്കേജിലുള്ള വിഷ്വൽ ട്രീറ്റാണ് മോൺസ്റ്റർ കാത്തുവെച്ചിരിക്കുന്നത്.
മോഹൻലാലിന് പുറമെ നടി ഹണി റോസിന്‍റേയും സുദേവ് നായരുടേയും ലക്ഷ്മി മഞ്ജുവിന്‍റേയും പ്രകടനവും ചിത്രത്തിന്റെ ആകർഷമാണ്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മുതൽക്കൂട്ടാണ്.