കെജിഎഫിൽനിന്നു കാന്താര വരെ; അന്ന് കൂക്കിവിളിച്ച കന്നഡ സിനിമ, ഇന്ന് കയ്യടിയും ആരവങ്ങളും
Mail This Article
കന്നഡ ചിത്രങ്ങൾക്ക് കേരളത്തിൽ അയിത്തമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. കന്നഡ സിനിമകളിലെ നാടകീയ അഭിനയ മുഹൂർത്തങ്ങൾ മലയാളികൾക്ക് ഉൾക്കൊള്ളാനാകുമായിരുന്നില്ല. എന്നാൽ ഇന്നു കന്നഡ ചിത്രങ്ങൾക്ക് കേരളത്തിലുൾപ്പടെ ആസ്വാദകർ ഏറിവരുന്നതാണ് ഇന്ത്യൻ സിനിമാലോകത്തെ വിസ്മയിപ്പിക്കുന്നത്. ‘കെജിഎഫ്’ സിനിമയുടെ വമ്പൻ വിജയമാണ് കേരളത്തിൽ കന്നഡ ചിത്രങ്ങൾക്കു സ്വീകാര്യത കൂട്ടിയത്. അതോടൊപ്പം, കന്നഡ സിനിമാരംഗം തങ്ങളുടെ ചിത്രങ്ങളുടെ കഥയും സാങ്കേതികതയും മേക്കിങ്ങും കൂടുതൽ മികവോടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ അക്ഷീണ പരിശ്രമമാണ് നടത്തുന്നതും. രക്ഷിത് ഷെട്ടി നായകനായ കന്നഡ ചിത്രം ‘777 ചാർലി’ കേരളത്തിൽ വമ്പൻ ഹിറ്റായിരുന്നു. ഇപ്പോൾ ഋഷഭ് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാന്താര’യും സാൻഡൽവുഡിൽനിന്നു കേരളത്തിലെത്തി മിന്നും വിജയം കരസ്ഥമാക്കുകയാണ്.
ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഒരു റോളർ കോസ്റ്റർ റൈഡായിരുന്നു 2022ൽ സംഭവിച്ചത്. ബോളിവുഡ് സൂപ്പർ താരങ്ങൾ അഭിനയിച്ച നിരവധി സിനിമകൾ ബോക്സ് ഓഫിസിൽ മൂക്കുംകുത്തി വീണപ്പോൾ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ, പ്രത്യേകിച്ചും കന്നഡ ചിത്രങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം പ്രേക്ഷകരെ ആകർഷിച്ചു. ബോളിവുഡ് സിനിമകളെയും മറ്റ് ഇന്ത്യൻ ഭാഷാ ചിത്രങ്ങളെയും മറികടന്ന് കന്നഡ ചിത്രങ്ങൾ ആഗോള വിപണിയിൽ നേട്ടം കൊയ്യുകയാണ്. 2018 ലെ കെജിഎഫ് ചാപ്റ്റർ 1 ൽ യാത്ര ആരംഭിച്ച കന്നഡ സിനിമയുടെ ജൈത്രയാത്ര മറ്റ് പ്രാദേശിക ചലച്ചിത്ര പ്രവർത്തകർക്ക് വെല്ലുവിളിയായി തുടരുകയാണ്.
പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ മരണാനന്തരം മാർച്ച് 17 ന് പുറത്തിറങ്ങിയ, അദ്ദേഹം നായകനായ ‘ജെയിംസ്’ ബോക്‌സ് ഓഫിസിൽ വലിയ നേട്ടമാണുണ്ടാക്കിയത്. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തിയ കന്നഡ ചിത്രമെന്ന റെക്കോർഡും ചിത്രം നേടി. 127 കോടിയാണ് ചിത്രത്തിന്റെ കലക്‌ഷൻ. യഷ്, ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘കെജിഎഫ് ചാപ്റ്റർ 2’ സെപ്റ്റംബർ 14 ന് പുറത്തിറങ്ങിയത് ആരാധകരെ ആവേശം കൊള്ളിച്ചു. ഈ വർഷത്തെ മറ്റൊരു വൻ റീലിസാിരുന്ന ‘ആർആർആറി’നെ പിന്നിലാക്കിക്കൊണ്ട് ആഗോളതലത്തിൽ കെജിഎഫ് 2 ബോക്‌സ്ഓഫിസ് അക്ഷരാർഥത്തിൽ തകർക്കുകയായിരുന്നു.
കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’യാണ് ഇന്ത്യൻ സിനിമാ വ്യവസായത്തിൽ പിന്നീടു ചലനം സൃഷ്ടിച്ചത്. ചിത്രം 210 കോടി രൂപയുടെ ബോക്‌സ് ഓഫിസ് കലക്‌ഷനാണ് രേഖപ്പെടുത്തിയത്. ഈ ബിഗ് ബജറ്റ് സിനിമകളെല്ലാം വിജയം കൊയ്തപ്പോൾ രക്ഷിത് ഷെട്ടിയുടെ ‘777 ചാർലി’ പ്രേക്ഷകരുടെ മനസ്സിനെ വൈകാരികമായി കീഴടക്കിക്കൊണ്ട് ഒരു ബ്ലോക്ക്ബസ്റ്ററായി. കേവലം 20 കോടി രൂപ ബജറ്റിൽ ഒരു ലളിതമായ ആശയത്തിൽ നിർമിച്ച സിനിമ ആഗോളതലത്തിൽ 150 കോടി രൂപ വാരിക്കൂട്ടി. ധർമയുടെയും ചാർളി എന്ന നായ്ക്കുട്ടിയുടെയും ഹൃദയസ്പർശിയായ കഥ കേരളത്തിൽ അവതരിപ്പിച്ചത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആയിരുന്നു.
രക്ഷിത് ഷെട്ടി, ഋഷഭ് ഷെട്ടി, രാജ് ബി. ഷെട്ടി എന്നീ ഷെട്ടി ത്രയമാണ് ഇപ്പോൾ കന്നഡയിലെ സംസാരവിഷയം. രക്ഷിതിന്റെയും ഋഷഭ് ഷെട്ടിയുടെയും തുടക്കം ഒരുമിച്ചായിരുന്നു. ‘നം ഏരിയൽ ഒന്ത് ദിന’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും അഭിനേതാവായുള്ള അരങ്ങേറ്റം. 2014ല്‍ റിലീസ് ചെയ്ത ‘ഉളിദവരു കണ്ടന്തെ’യിലൂടെ രക്ഷിത് ഷെട്ടി സംവിധായകനായി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഋഷഭ് ഷെട്ടിയാണ്. 2016 ൽ ഋഷഭ് ഷെട്ടി സംവിധായകന്റെ കുപ്പായമണിഞ്ഞു. ‘റിക്കി’ എന്ന ആ ചിത്രത്തിൽ രക്ഷിത് ഷെട്ടിയായിരുന്നു നായകൻ.
റിക്കിക്ക് ശേഷം ഇതേ കൂട്ടുകെട്ടിൽ 2017ൽ ഋഷഭ് സംവിധാനം ചെയ്ത് രക്ഷിത് നായകനായ ‘കിറിക് പാർട്ടി’യും റിലീസ് ചെയ്തു. രക്ഷിത് തിരക്കഥയൊരുക്കി ഋഷഭ് സംവിധാനം ചെയ്ത ചിത്രം നാലുകോടി രൂപ മുടക്കി 50 കോടിയിലധികം നേടി..
പിന്നീട് 2019ൽ ‘അവനേ ശ്രീമൻ നാരായണ’ എന്ന ചിത്രത്തിലൂടെയും ഇവർ ഒന്നിച്ചു. രക്ഷിത് തിരക്കഥയും നിർമാണവും നിർവഹിച്ച സിനിമയിൽ ചെറിയൊരു വേഷത്തിലാണ് ഋഷഭ് പ്രത്യക്ഷപ്പെട്ടത്. മലയാളം, തമിഴ്. തെലുങ്ക് ഭാഷകളിൽ ഡബ് ചെയ്ത് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.
2019-ൽ പുറത്തിറങ്ങിയ ഡിറ്റക്റ്റീവ് കോമഡി ചിത്രം ‘ബെൽ ബോട്ട’ത്തിലൂടെയാണ് ഋഷഭ് ഷെട്ടി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ താരമാകുന്നത്. ഋഷഭ് നായകവേഷത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 2021 ൽ പുറത്തിറങ്ങിയ ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന ഗാങ്സ്റ്റർ ചിത്രം ഋഷഭ് ഷെട്ടിക്കൊപ്പം മറ്റൊരു ഷെട്ടിയെ കൂടി പ്രേക്ഷകർക്കു പരിചയപ്പെടുത്തി– രാജ് ബി. ഷെട്ടി. രാജിലെ സംവിധായകന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തത് ഈ സിനിമയാണ്. ഋഷഭും രാജും മുഖ്യ കഥാപാത്രങ്ങളായ ചിത്രം മികച്ച വിജയമാണ് നേടിയത്.
2017 ൽ രാജ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായ ‘ഒരു മൊട്ടേയ കഥെ’ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ‘ഗരുഡ ഗമന ഋഷഭ വാഹന’ രാജിനെ മറ്റൊരു തലത്തിലെത്തിച്ചു.
ഇപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ സംസാരവിഷയം ഋഷഭ് ഷെട്ടിയുടെ ‘കാന്താര’യാണ്. സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം പാൻ ഇന്ത്യൻ വ്യവസായത്തിൽ വമ്പൻ താരങ്ങളുടെ ചിത്രങ്ങളെ പിന്നിലാക്കുകയാണ്. ഐഎംഡിബിയിൽ ഏറ്റവും ഉയർന്ന റേറ്റിങ് നേടിയ കന്നഡ സിനിമയായി ‘കാന്താര’ മാറി. ഇതോടെ കെജിഎഫ് ചാപ്റ്റർ 2, കെജിഎഫ് 1 എന്നിവയുടെ റേറ്റിങ്ങും കാന്താര മറികടന്നു. മണിരത്‌നത്തിന്റെ പിഎസ് 1 നൊപ്പം പുറത്തിറങ്ങിയ ചിത്രം പിടിച്ചു നിർത്താനാകാത്ത ജൈത്രയാത്രയാണ് രാജ്യത്തുടനീളവും ആഗോളതലത്തിലും നടത്തുന്നത്. ഒരു നിഗൂഢ വനത്തിന്റെയും അവിടുത്തെ ഭൂതത്തിന്റെയും കഥയാണ് കാന്താര പറയുന്നത്. കാന്താരയുടെ ക്ലൈമാക്സ് ഷൂട്ടിൽ ഋഷഭിനെ രാജ് അസിസ്റ്റ് ചെയ്തിട്ടുണ്ട്. തുളു സംഭാഷണങ്ങളിൽ ചിലത് എഴുതിയതും രാജ് ആണ്.
‘കാന്താര’യുടെ ഉജ്ജ്വല വിജയം കന്നഡ സിനിമാ വ്യവസായത്തിൽ മറ്റൊരു നാഴികക്കല്ല് ഉറപ്പിക്കാനുള്ള പാത തുറന്നു. ‘കാന്താര’യ്ക്ക് പിന്നാലെ, പുനീത് രാജ്കുമാർ നായകനായ ദ്വിത്വ’ ഡിസംബർ 23 ന് തിയറ്ററുകളിൽ എത്തുകയാണ്. സൈക്കളോജിക്കൽ ഡ്രാമ ത്രില്ലർ വിഭാഗത്തിൽ പെട്ട ഈ ചിത്രം ഇന്ത്യയിലുടനീളം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. സൂപ്പർതാരം ഉപേന്ദ്രയും ‘കബ്ജ’ എന്ന ചിത്രവുമായി പാൻ ഇന്ത്യൻ ഗ്രാൻഡ് എൻട്രിക്ക് ഒരുങ്ങുകയാണ്. അടുത്തിടെ നിർമാതാക്കൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു ഇതിന് സമൂഹ മാധ്യമങ്ങളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. പലരും കെജിഎഫുമായി താരതമ്യം ചെയ്യുന്ന ഈ ചിത്രവും പാൻ ഇന്ത്യ റിലീസ് ആണ് ലക്ഷ്യമിടുന്നത്.
ആദ്യ പോസ്റ്ററിലൂടെത്തന്നെ സിനിമാ പ്രേമികൾക്കിടയിൽ ആവേശം ഉയർത്തിയ മറ്റൊരു കന്നഡ ചിത്രമാണ് ‘റിച്ചാർഡ് ആന്റണി’. ഒരുപാട് ലയറുകളുള്ള ഈ മിസ്റ്ററി ഡ്രാമ ചിത്രമായ ‘റിച്ചാർഡ് ആന്റണി: ദ് ലോർഡ് ഓഫ് ദ് സീ’ 2023 ഡിസംബർ 25 ന് റിലീസ് ചെയ്യും. ‘ഉളിദവരു കണ്ടന്തെ’യ്ക്കു ശേഷം രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഹോംബാലെ ഫിലിംസ് നിർമിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ പ്രഭാസ് നായകനാകുന്ന ചിത്രമാണ്. ശ്രുതി ഹാസൻ നായികയായി എത്തുന്ന സലാറും ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ്. പൃഥ്വിരാജും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 2023 സെപ്‌റ്റംബർ 28 ന് ഈ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു തെലുങ്കു ചിത്രമാണെങ്കിലും സംവിധായകനും പ്രൊഡക്‌ഷൻ ഹൗസും കന്നഡത്തിൽ നിന്നാണ്. കന്നഡയിലും ഈ ചിത്രം മികച്ച വിജയം നേടുമെന്ന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നു. പൃഥ്വിരാജ് സംവിധായകനും നായകനുമാകുന്ന ‘ടൈസൺ’, ഫഹദ് ഫാസിലും അപർണാ ബാലമുരളിയും മുഖ്യ കഥാപാത്രങ്ങളാകുന്ന ‘ധൂമം’ എന്നിവയും ഹോംബാലെ ഫിലിംസ് ആണ് നിർമിക്കുന്നത്.
ഇതിനെല്ലാമുപരി ലോകമെമ്പാടുമുള്ള ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമുണ്ട്, കെജിഎഫ് ചാപ്റ്റർ 3. കെജിഎഫ് ചാപ്റ്റർ 3 യും റിലീസ് ചെയ്യുന്നതോടെ, തഴയപ്പെട്ടു കിടന്ന കന്നഡ സിനിമ മേഖല ഇന്ത്യൻ സിനിമാ വിപണിയിലെ മുൻനിര സാന്നിധ്യമാകുമെന്ന് ഉറപ്പാണ്.