കെജിഎഫിലെ അന്ധനായ വൃദ്ധൻ; നടൻ കൃഷ്ണ റാവു അന്തരിച്ചു
Mail This Article
മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി. റാവു (70) അന്തരിച്ചു. ബുധനാഴ്ച ബെംഗളൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ കെജിഎഫ് ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം.
2018ൽ കെജിഎഫ് ചാപ്റ്റർ 1 റിലീസ് ചെയ്ത ശേഷം മുപ്പതിൽ അധികം സിനിമകളിൽ നടൻ അഭിനയിച്ചു. കെജിഎഫ് 2ൽ കൃഷ്ണ പറയുന്ന ‘‘ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം നൽകട്ടെ, അവന്റെ വഴിയിൽ നിൽക്കാൻ പോകരുത് സർ’’, എന്ന ഡയലോഗ് ജനപ്രിയമായി. കന്നഡ സിനിമയിൽ പതിറ്റാണ്ടുകളായി അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കൃഷ്ണ.
കെജിഎഫിന്റെ ഓഡിഷനിൽ പങ്കെടുത്തപ്പോൾ കൃഷ്ണ ജി. റാവുവിന്റെ ഡയലോഗ് ഡെലിവറി നിർമാതാക്കളെ ആകർഷിക്കുകയും തുടർന്ന് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയ്ക്കൊപ്പം കൃഷ്ണയുടെ കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി.
നാനോ നാരായണപ്പയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങൾക്കു മുമ്പാണ് അതിലെ നായക നടന്റെ വിയോഗം.