ADVERTISEMENT

അവിശ്വാസികളോടു തനിക്കു സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്കു നേർക്കു വരുന്നവരുടെ സർവനാശത്തിനു വേണ്ടി പ്രാർഥിക്കുമെന്നും പറഞ്ഞ സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എഴുത്തുകാരൻ എൻ.എസ്. മാധവൻ. ‘‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!’’ എന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്. ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്റെ തന്നെ ട്വീറ്റ് റീ- ട്വീറ്റ് ചെയ്തായിരുന്നു മാധവന്റെ പ്രതികരണം.

‘‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തിൽ തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾത്തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. അതും, സ്വന്തം പാർട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണത്തിനു നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിൽ. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് എനിക്ക് തോന്നുന്നില്ല’’– ഇങ്ങനെയായിരുന്നു പഴയ ട്വീറ്റിൽ എൻ.എസ്. മാധവൻ കുറിച്ചിരുന്നത്.

സുരേഷ് ഗോപിയുടെ പ്രസംഗമാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു അവിശ്വാസികൾക്കെതിരെ സുരേഷ് ഗോപി പ്രസ്താവന നടത്തിയത്. അതിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.

‘‘ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും. എല്ലാ മതത്തിലെയും വിശ്വാസികളെ സ്നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നു ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി ശ്രീകോവിലിനു മുന്നിൽ പ്രാർഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ‍ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്നു പറഞ്ഞാൽ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല’’– ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com