19 വയസ്സിന്റെ പ്രായവ്യത്യാസം; വിവാദങ്ങൾക്കിടെ പവിത്ര ലോകേഷും നരേഷും വിവാഹിതരായി; വിഡിയോ
Mail This Article
വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായി. നരേഷ് ട്വിറ്ററില്‍ പങ്കുവച്ച കല്യാണ വിഡിയോയിലൂടെയാണ് ഏറെകാലമായി സാന്‍ഡല്‍വുഡും ടോളിവുഡും ആകാംക്ഷയോടെ കാത്തിരുന്ന വിവാഹവിവരം പുറംലോകമറിയുന്നത്. തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അത്യാഡംബരപൂര്‍വം പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം.
63 കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന്റെ പേരിൽ ചില വിവാദ വാർത്തകളും കഴിഞ്ഞ വർഷം പൊട്ടിപുറപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിലും വിമർശനം ഉയർന്നിരുന്നു.
പവിത്രയുടെ ആദ്യ ഭർത്താവ് ഒരു സോഫ്റ്റ്‌വയർ എൻജിനീയറായിരുന്നു. അയാളുമായി വിവാഹമോചിതനായ ശേഷം നടൻ സുചേന്ദ്ര പ്രസാദുമായി ലിവിങ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. 2018ൽ ഇവർ പിരിഞ്ഞു. പിന്നീടാണ് നരേഷുമായി അടുക്കുന്നത്.
വിവാദമായ പ്രണയം
തെലുങ്കിലെ മുന്‍നിര നടന്‍മാരില്‍ ഒരാളായാരുന്നു നരേഷ്. തെലുങ്ക് കന്നഡ ചിത്രങ്ങളില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണു പവിത്ര ലോഗേഷ്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലൂടെയാണ് പ്രണയബന്ധം വളരുന്നത്. എന്നാല്‍ മുന്‍ഭാര്യ രമ്യാ രഘുപതിയില്‍ നിന്നു നരേഷിന് ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ലെന്നാണു ടോളിവുഡിലെ റിപ്പോര്‍ട്ടുകള്‍. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ പവിത്ര ശ്രമിക്കുന്നുവെന്നാരോപിച്ച് രമ്യാ രഘുപതി ഇരുവരും താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കയറി മര്‍ദിച്ചതു വന്‍ വിവാദമായിരുന്നു. 2021 മുതല്‍ ഇരുവരും ലിവ്–ഇന്‍ റിലേഷനിലായിരുന്നുന്നു.