ചാക്കോച്ചൻ–മാർട്ടിൻ പ്രക്കാട്ട് ചിത്രം; തിരക്കഥ രതീഷ് ബാലകൃഷ്ണൻ
Mail This Article
ഏറെ ചർച്ചയായ ‘നായാട്ട്’ എന്ന ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ബിജു മേനോനും ഇവർക്കൊപ്പമുണ്ട്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ഈ സിനിമയുടെ തിരക്കഥയൊരുക്കുന്നത്. എറണാകുളം ഗോകുലം പാർക്കിൽ വച്ചുനടന്ന ‘പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്.
ഏറെ നാളുകൾക്കുശേഷം ബിജു മേനോനും ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മല്ലുസിങ്, സീനിയേഴ്സ്, സ്പാനിഷ് മസാല, ഓർഡിനറി, ത്രീ ഡോട്സ്, മധുരനാരങ്ങ, ഭയ്യാ ഭയ്യാ, റോമൻസ്, 101 വെഡ്ഡിങ്സ്, ട്വന്‍റി 20, കഥവീട് എന്നിങ്ങനെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച ആ ഹിറ്റ് കൂട്ടുകെട്ട് വർഷങ്ങൾക്കു ശേഷം മാർട്ടിൻ പ്രക്കാട്ടിനൊപ്പം വീണ്ടും ഒരുമിച്ചെത്തുകയാണ്.
ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം. കുഞ്ചാക്കോ ബോബൻ പ്രൊഡക്‌ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമയുടെ നിർമാണ നിർവഹണം.വാർത്താ പ്രചരണം: സ്നേക്പ്ലാന്റ്.