‘ആശാരി ഉത്തരം കീറി നിലയം’; ആശ ശരത്തിന്റെ വീടിന് ലാല്‍ നൽകിയ പേര്
Mail This Article
സംവിധായകനും നടനുമായ ലാൽ സ്വന്തം കുടുംബത്തിലെ അംഗത്തെപോലെയെന്ന് ആശ ശരത്. തന്റെ വിവാഹത്തിന് മുൻപ് ‘കാബൂളിവാല’ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു, പക്ഷേ അന്ന് അഭിനയിക്കാൻ കഴിഞ്ഞില്ല. പിന്നെ കുറെ കൊല്ലം കഴിഞ്ഞിട്ട് ലാൽ സംവിധാനം ചെയ്ത കിങ് ലയർ എന്ന ചിത്രത്തിൽ അഭിനയിച്ചു. കുടുംബത്തിലെ എല്ലാ വിശേഷങ്ങൾക്കും ലാലും കുടുംബവും എത്തുമെന്നും ആശാ ശരത്ത് പറയുന്നു. ആശാ ശരത്ത് സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണെന്ന് ലാലും പറഞ്ഞു. ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന ഹൽദിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ലാൽ.
‘‘മുപ്പത്തിമൂന്ന് വർഷമായി പരിചയമുള്ള ആളാണ് ലാൽ ചേട്ടൻ. എന്റെ വിവാഹത്തിന് മുൻപ് ‘കാബൂളിവാല’ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു, പക്ഷേ അന്ന് അഭിനയിക്കാൻ കഴിഞ്ഞില്ല. പിന്നെ കുറെ കൊല്ലം കഴിഞ്ഞിട്ട് അദ്ദേഹം സംവിധാനം ചെയ്ത കിങ് ലയർ എന്ന ചിത്രത്തിൽ അഭിനയിച്ചു. അനീഷ് അൻവർ സംവിധാനം ചെയ്ത സഖറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലാൽ ചേട്ടനും കുടുംബവും എന്റെ കുടുംബത്തിലെ അംഗങ്ങൾ തന്നെയാണ്. അവരില്ലാത്ത ചടങ്ങ് പിന്നെ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മകൾ പങ്കുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ലാൽ ചേട്ടനും കുടുംബവും പങ്കെടുത്തതിൽ വളരെയധികം സന്തോഷമുണ്ട്.’’– ആശ ശരത് പറയുന്നു.
‘‘ആശ പറഞ്ഞതുപോലെ തന്നെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ് ആശയും കുടുംബാംഗങ്ങളും. ആശ വീട് വച്ചപ്പോൾ, ‘വീടിനു ഒരു പേര് വേണം ലാൽ ചേട്ടാ’ എന്ന് എന്നോട് പറഞ്ഞു. വീടിന്റെ പേരിൽ ആശ, ശരത്ത്, ഉത്തര, കീർത്തന എല്ലാം വേണം. ഞാൻ വളരെയധികം ആലോചിച്ചിട്ട് "ആശാരി ഉത്തരം കീറി നിലയം" എന്ന് പറഞ്ഞുകൊടുത്തു. അതിൽ ആശ, ഉത്തര, ശരത്ത്, കീർത്തി എല്ലാവരും ഉണ്ട്. അങ്ങനെ രസകരമായ ഒത്തിരി നിമിഷങ്ങൾ ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചു.
ഞങ്ങൾ കുറച്ചു പടങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ആശ ഞങ്ങളുടെ വീട്ടിലെ സ്വന്തം ആളെപ്പോലെയാണ്. ആശയുടെ അച്ഛനും അമ്മയുമായി നല്ല ബന്ധമുണ്ട്. ഞാൻ ഉത്തരയോട് പറഞ്ഞത് നീ കല്യാണമൊന്നും കഴിക്കണ്ട കേട്ടോ അതൊക്കെ ഭയങ്കര മണ്ടത്തരമാണ് ഒരുപാട് ബാധ്യതകൾ വരും, അടിച്ചു പൊളിച്ച് നടക്കൂ. പക്ഷേ അവൾ പറഞ്ഞു ഒരു മിടുക്കൻ പയ്യനെ കിട്ടി ഇനി ഇതിനേക്കാൾ നല്ലതു കിട്ടാൻ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ടാണ് എന്ന്. എന്തായാലും ഗംഭീരമായ ഒരു കുടുംബജീവിതം അവർക്കുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.’’– ലാൽ പറഞ്ഞു.